അടൂർ: പതിനാറുകാരിയായ പെൺകുട്ടിയെ ടെലഗ്രാം വഴി പരിചയപ്പെട്ടശേഷം ഫോട്ടോ കൈക്കലാക്കുകയും അത് മോർഫ് ചെയ്തു ഭീഷണിപ്പെടുത്തി മൂന്നു പവൻ സ്വർണവും 30000 രൂപയും അപഹരിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ.
എറണാകുളം പാനായിക്കുളം പൊട്ടൻകുളം പി.എസ്. അലക്സ് (21), പന്തളം പൂഴിക്കാട് നിർമാല്യം വീട്ടിൽ അജിത് (21), പന്തളം നിർമാല്യം വീട്ടിൽ പ്രണവ് കുമാർ (21) എന്നിവരെയാണ് ഏനാത്ത് പോലീസ് അറസ്റ്റു ചെയ്തത്.
പെൺകുട്ടിയുമായി ടെലഗ്രാം വഴി സൗഹൃദം സ്ഥാപിച്ച അലക്സ് മറ്റൊരു സുഹൃത്തുമായുള്ള പിണക്കം മാറ്റിക്കൊടുക്കാമെന്നു പറഞ്ഞാണ് ഫോട്ടോ കൈക്കലാക്കിയത്.
ഇത് മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരുലക്ഷം രൂപ ആവശ്യപ്പെട്ടു.
പണം കൈവശമില്ലാത്തതിനാൽ പെൺകുട്ടി കാലിൽകിടന്ന കൊലുസ് നൽകുകയും പിന്നീട് സ്വർണം മറ്റൊരാളെക്കൊണ്ട് പണയം വയ്പിച്ചും മറ്റും 10,000 രൂപ നൽകുയുമായിരുന്നു.
അജിതും പ്രണവുമാണ് ഏനാത്തെത്തി പെൺകുട്ടിയിൽ നിന്നും സ്വർണവും പണവും കൈപ്പറ്റിയത്.
കൊലുസ് വില്പന നടത്തിയവിവരം അറിയാതിരിക്കാൻ പെൺകുട്ടിക്ക് പ്രതികൾ ഗോൾഡ് കവറിംഗ് കൊലുസ് വാങ്ങി നൽകുകയും ചെയ്തിരുന്നു.
കേസിലെ പ്രധാന പ്രതി അലക്സിന് മറ്റു തട്ടിപ്പുകേസുകളുമായി ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഏനാത്ത് എസ്ഐ പി.എസ്. സുജിത്തിന്റെ നേതൃത്വത്തിലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.