ശ്രീനാരായണപുരം: അഞ്ചങ്ങാടി വെള്ളക്കാട്ട് പടിക്കൽ അബ്ദുൾ നാസറിന്റെ കുടുംബം യുക്രെയ്നിൽ റഷ്യ ബോംബ് വർഷിക്കുന്പോൾ പ്രാർത്ഥനാനിരതമാണ്.
അബ്ദുൾ നാസർ- ഷെഫീന ദന്പതികളുടെ മകൾ ഫിദ ഫാത്തിമ യുക്രെയ്നിൽ മെഡിക്കൽ കോളജ് വിദ്യാർഥിനിയാണ്.
യുക്രെയ്നിലെ സുമി മെഡിക്കൽ കോളജിലെ രണ്ടാം വർഷ എംബി ബിഎസ് വിദ്യാർഥിനിയാണ് ഫിദ ഫാത്തിമ.
കഴിഞ്ഞദിവസം രാവിലെയും വീട്ടുകാരുമായി ഫിദ ഫാത്തിമ ടെലിഫോണിൽ ബന്ധപ്പെട്ടിരുന്നു. അതേസമയം മകളെയോർത്ത് ആശങ്കയിലാണ് വീട്ടുകാർ.
റഷ്യൻ അതിർത്തിയിൽനിന്ന് നൂറുകിലോമീറ്റർ അകലംമാത്രമേ സുമി നിൽക്കുന്ന സ്ഥലത്തേക്കുള്ളൂ.
സുരക്ഷിതരായി നാട്ടിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം.തൃപ്രയാർ, ആലുവ ചാലക്കുടി എന്നിടങ്ങളിലെ വിദ്യാർഥിനികളും ഫിദ ഫാത്തിമയുടെ കൂടെയുണ്ട്.
യുദ്ധഭീതിയിലിരിക്കുന്ന കുടുംബത്തെ ആശ്വസിപ്പിക്കാൻ എംഎൽഎയെത്തി
കൊടുങ്ങല്ലൂർ: ഭീതിയിലിരിക്കുന്ന കുടുംബത്തെ ആശ്വസിപ്പിക്കാൻ എംഎൽഎയെത്തി. പടാകുളം പടിഞ്ഞാറുവശം താമസിക്കുന്ന കുന്നത്ത് സുബ്രഹ്മണ്യന്റെ വീട്ടിലാണ് വി.ആർ. സുനിൽ കുമാർ എംഎൽഎയും സംഘവും എത്തിയത്.
സുബ്രഹ്മണ്യൻ – ഷാനി ദന്പതികളുടെ മകൻ അശ്വിൻ യുക്രെയ്നിലെ മെഡിക്കൽ വിദ്യാർഥിയാണ്.
വിനീറ്റ് സയിലെ മെഡിക്കൽ കോളജിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയാണ് അശ്വിൻ. റഷ്യ യുക്രെയ്നിൽ ബോംബ് വർഷിച്ചതോടെ വീട്ടുകാർ ആശങ്കയിലായിരുന്നു.
ഫോണിൽ ബന്ധപ്പെടുന്നുണ്ടെങ്കിലും ഏതുസമയത്തും എന്തും സംഭവിക്കാമെന്ന ഭീതിയിലാണ് പ്രദേശം.
അശ്വിനടക്കമുള്ള വിദ്യാർഥികൾ ഭക്ഷണ സാധനങ്ങളെല്ലാം നേരത്തെ വാങ്ങി സ്റ്റോക്ക് ചെയ്തിരുന്നു.
ഇന്ത്യൻ എംബസിയുടെ ബസിൽ റൊമാനിയയിലേക്ക് ആശ്വൻ തിരിച്ചിരിക്കുകയാണെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം.
വീനറ്റ്സിയിൽ നിന്ന് 250 കിലോമീറ്ററോളം ദൂരമുണ്ട് റൊമാനിയോയിലെത്താൻ. അവിടെ നിന്ന് നാട്ടിലേക്ക് തിരിക്കാൻ കഴിയും. വി.ആർ. സുനിൽ കുമാർ എംഎൽഎ അശ്വിനുമായി ടെലഫോണിൽ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല പറയങ്ങാട്ടിൽ, ജില്ലാ പഞ്ചായത്ത് അംഗം കെ.എസ്. ജയ, നഗരസഭ ചെയർപേഴ്സണ് എം.യു. ഷിനിജ നഗരസഭ കൗണ്സിലർമാരായ എൽ.സി. പോൾ, കെ.എസ്. കൈബാബ്, ഷീല പണിക്കശേരി, സിപിഐ മണ്ഡലം സെക്രട്ടറി പി. പി. സുഭാഷ്, കെ.എം. സലിം എന്നിവരും എം എൽഎയോടൊപ്പമുണ്ടായിരുന്നു.