തിരുവനന്തപുരം: നാല് മാസമായുള്ള പകയാണ് തന്പാനൂർ സിറ്റി ടവർ ഹോട്ടൽ ജീവനക്കാരന്റെ കൊലപാതകത്തിനു പിന്നിലെന്ന് അറസ്റ്റിലായ നെടുമങ്ങാട് സ്വദേശി അജീഷ്.
തനിക്ക് വിരോധമുണ്ടായിരുന്ന രണ്ട് പേരെ കൂടി ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും പ്രതി വെളിപ്പെടുത്തി.
പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
അജീഷിന് പകയുണ്ടായിരുന്ന പ്രദേശവാസികളായ രണ്ട് സുഹൃത്തുക്കളെയും ഹോട്ടൽ ജീവനക്കാരനായ അയ്യപ്പനെയും വകവരുത്താനായിരുന്നു രാവിലെ വെട്ടുകത്തിയുമായി പുറപ്പെട്ടത്.
അജീഷിനെ മുൻപ് ഉപദ്രവിച്ചിരുന്ന രണ്ട്പേരോട് പകരം വീട്ടാൻ കഴിഞ്ഞ ദിവസം സാധിച്ചില്ല.
ഇതോടെയാണ് തന്പാനൂരിലെത്തി അയ്യപ്പനെ കൊലപ്പെടുത്തിയതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലിൽ അജീഷ് പറഞ്ഞു.
കഴിഞ്ഞ ഒക്ടോബർ 28ന് അജീഷും ഭാര്യയും സിറ്റി ടവറിൽ റൂമെടുത്തിരുന്നു.
അന്ന് രാത്രി മദ്യപിച്ച് അജീഷ് ഹോട്ടലിൽ ബഹളം ഉണ്ടാക്കിയതിനെ ഹോട്ടൽ ജീവനക്കാരനായിരുന്ന അയ്യപ്പൻ ചോദ്യം ചെയ്യുകയും അജീഷിനെ വിലക്കുകയും ചെയ്തിരുന്നു.
ഇതിലുള്ള പകയാണ് കൊലയ്ക്ക് കാരണമെന്നാണ് അജീഷ് പോലീസിനോട് വ്യക്തമാക്കിയത്.
തന്നെ ഉപദ്രവിക്കുന്നവരോട് മനസിൽ പക തോന്നിയാൽ അവരെ വക വരുത്തുന്ന പ്രകൃതക്കാരനാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
പ്രതി പറഞ്ഞ കാര്യങ്ങൾ ശരിയാണോയെന്ന് പോലീസ് സംഘം ഇയാളുടെ ഭാര്യയോടും ചോദിച്ച് സ്ഥിരീകരിച്ചു. ഏറെ മാസങ്ങളായി അജീഷ് ഒറ്റയ്ക്കാണ് താമസിച്ച് വന്നിരുന്നത്.
ഇയാളുടെ ഭാര്യയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്നാരോപിച്ച് മംഗലപുരം സ്വദേശിയായ യുവാവിനെ തന്ത്രപൂർവം വിളിച്ച് വരുത്തി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അജീഷിനെയും ഭാര്യയെയും ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇരുവരും ഏറെനാൾ ജയിലിലായിരുന്നു. ജയിലിൽ വച്ച് പരിചയപ്പെട്ട തടവുകാരികളുമായി ഭാര്യ കൂടുതൽ അടുപ്പം കൂടിയതോടെ അജീഷുമായി അകന്നിരുന്നു. ലഹരിവസ്തുക്കൾക്ക് അടിമകൂടിയാണ് അജീഷ്.
രണ്ട് വധശ്രമക്കേസ് ഉൾപ്പെടെ ഒന്പത് ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
കാപ്പചുമത്തി അറസ്റ്റ് ചെയ്യാനുള്ള നടപടികൾ റൂറൽ പോലീസ് സ്വീകരിച്ചെങ്കിലും കളക്ടറുടെ അനുമതി ലഭിച്ചിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
കൊലപാതകം നടന്ന ഹോട്ടലിൽ പ്രതിയെയും കൂട്ടി പോലീസ് സംഘം തെളിവെടുപ്പ് നടത്തി.
ആക്രമണത്തിന് ഉപയോഗിച്ച വെട്ടുകത്തിയും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്ഡു ചെയ്തു.
കഴിഞ്ഞ ദിവസം രാവിലെ എട്ടരയ്ക്കാണ് അജീഷ് തന്പാനൂരിലെ ഹോട്ടൽ ജീവനക്കാരനായ തമിഴ്നാട് സ്വദേശി അയ്യപ്പനെ (നീലൻ )വെട്ടിക്കൊലപ്പെടുത്തിയത്.
സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടതോടെയാണ് കൊലപാതകിയെ നെടുമങ്ങാട് നിന്നും പിടികൂടിയത്.
നെടുമങ്ങാട് പോലീസ് പിടികൂടിയ പ്രതിയെ തന്പാനൂർ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ എസ്.ഷാജിയുടെ നേതൃത്വത്തിൽ തന്പാനൂർ സിഐ സനോജ് ഉൾപ്പെടെയുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.