പട്ടിണിയോടു പടവെട്ടി പോലീസ് സബ് ഇൻസ്പെക്ടറായ ആദിവാസി വനിതയുടെ വിജയകഥയാണിത്.
തൃശൂർ എലിക്കോട് ആദിവാസി കോളനിയിലെ ഉൗരുമൂപ്പൻ ഉണ്ണിച്ചെക്കന്റെ മകൾ ഇ.യു. സൗമ്യ കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിൽ അടുത്തയിടെ സബ് ഇൻസ്പെക്ടറായി ചുമതലയേറ്റു.
അവഗണനയുടെയും ഇല്ലായ്മയുടെയും ഇന്നലെകളിൽ സൗമ്യയ്ക്ക് കരുത്തും കരുതലും പകർന്നത് അച്ഛൻ ഉണ്ണിച്ചെക്കനായിരുന്നു.
മകളെ പോലീസ് യൂണിഫോണിൽ കാണാൻ ഏറെ കൊതിച്ചിരുന്ന ഉണ്ണിച്ചെക്കനെ കാട്ടാന ചവുട്ടിക്കൊന്നു. അച്ഛന്റെ അതിദാരുണവേർപാടിൽ കണ്ണീർപൊഴിച്ചാണ് സൗമ്യ പോലീസ് സേനയിൽ ചുമതലയേറ്റത്.
പോലീസ് യൂണിഫോമിൽ ഞാൻ സബ് ഇൻസ്പെക്ടറായി വരുന്നതുകാണാൻ ആറ്റുനോറ്റിരുന്ന അച്ഛൻ. പാസിംഗ് ഒൗട്ട് പരേഡിൽ എന്റെ ഹൃദയം ഓർമകളിൽ വിതുന്പുകയായിരുന്നു.
അച്ഛനെ കാട്ടാന കുത്തിക്കൊന്നപ്പോൾ ഉയർന്ന ദൈന്യമാർന്ന നിലവിളി. വെള്ളവിരിപ്പിനുള്ളിൽ ഉറങ്ങുംപോലെ കണ്ണുകളടച്ചുള്ള അന്ത്യനിദ്ര.
തൃശൂർ എലിക്കോട് ആദിവാസി കോളനിയിലെ ഉൗരുമൂപ്പൻ ഉണ്ണിച്ചെക്കന്റെ മകൾ ഇ.യു. സൗമ്യ കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിൽ ഈയിടെ സബ് ഇൻസ്പെക്ടറായി ചുമതലയേറ്റു.
രജിസ്റ്ററിൽ ഒപ്പുവെച്ച് ചുമതലയേൽക്കുന്പോഴും ആൾക്കൂട്ടത്തിനിടെ എവിടെയെങ്കിലും അച്ഛൻ നിൽക്കുന്നുണ്ടാകുമോ എന്ന് സൗമ്യയുടെ കണ്ണുകൾ പരതുന്നുണ്ടായിരുന്നു.
ദാരിദ്ര്യത്തിന്റെ കൂരയിൽ ഇല്ലായ്മകളുടെ വറുതിയിൽ മുണ്ടുമുറുക്കിയുടുത്താണ് കൂലിപ്പണിക്കാരനായ ഉണ്ണിച്ചെക്കൻ ഏക മകളെ പഠിപ്പിച്ചത്.
ചാണകം മെഴുകി ചാരം ചിതറിയ ചെറ്റപ്പുരയിലിരുന്നു പഠിക്കുന്പോൾ മകൾക്ക് അച്ഛൻ പതിവായി നൽകിയിരുന്ന ഉപദേശം ഇതായിരുന്നു.
‘പരിമിതികളെ കഠിനാധ്വാനംകൊണ്ടും സഹനംകൊണ്ടും കീഴടക്കണം. നിന്റെ കഷ്ടപ്പാടും കണ്ണീരും അറിയുകയും കാണുകയും ചെയ്യുന്ന ഈശ്വരൻ ഒരു നാൾ നിന്നെ അനുഗ്രഹിക്കും.
ഇന്നു നിന്നെ അവഗണിക്കുന്നവർ നീ ഉന്നത പദവിയിലെത്തിയാൽ നിനക്ക് സല്യൂട്ട് തരും’. അതേ, കാലം അതെല്ലാം അക്ഷരാർഥത്തിൽ ശരി വച്ചിരിക്കുന്നു.
മാറിയുടുക്കാൻ രണ്ടാമതൊരു ജോഡി വസ്ത്രമില്ലാതിരുന്ന ബാല്യകാലം. മലയൻ ആദിവാസി വിഭാഗക്കാരിയായ എന്റെ മുഖത്തേയ്ക്കും മുഷിഞ്ഞ ഒരേ ജോഡി വസ്ത്രത്തിലേക്കും നോക്കി ഉൗറിച്ചിരിക്കുന്ന ചിലർ. പഴകി നിറംമങ്ങിയ ചോറ്റുപാത്രത്തിൽ കറി എന്നുപറയാൻ പല ദിവസങ്ങളിലും ഒന്നുമുണ്ടായിരുന്നില്ല.
ക്ലാസ് മുറികളിലും വഴിയോരങ്ങളിലുമൊക്കെ കേട്ടിരുന്ന പരിഹാസത്തിന്റെ ഇന്നലകളെ അച്ഛൻ പകർന്നുതന്ന നിശ്ചയദാർഢ്യത്തിൽ സൗമ്യ തോൽപ്പിച്ചിരിക്കുന്നു.
കാക്കി യൂണിഫോമും തൊപ്പിയും ധരിച്ച് അഭിമാനത്തോടെ നിൽക്കുന്ന സൗമ്യ പറയുന്നു. ‘ഞാൻ ആദിവാസിയാണ്. പക്ഷെ ഞാൻ ഒന്നിലും പിന്നിലല്ല.
സമൂഹത്തിന്റെ കാവൽച്ചുമതല രാജ്യം ഏൽപ്പിച്ചതിന്റെ ഉത്തരവാദിത്വം ഞാൻ തിരിച്ചറിയുന്നു.’ തൃശൂർ ജില്ലയിൽ ഗോത്രവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ വനിതാ പോലീസ് സബ് ഇൻസ്പെക്ടറാണ് സൗമ്യ.
‘സ്കൂളിലും മറ്റും പരിഹസിച്ചവരും പരിഗണിക്കാത്തവരും പലരാണ്. എന്നാൽ അവരേറെയും ഇന്ന് വിളിച്ച് ആദരവോടെ അഭിനന്ദിക്കുന്പോൾ സന്തോഷം വാക്കുകൾ കൊണ്ട് പറയാൻ സാധിക്കുന്നതല്ല.
പരിഹസിച്ചവരോടു പകയോ പരിഭവമോ ഒന്നുമില്ല. ഇല്ലായ്മകളും അവഗണനകളും നേരിടുന്പോൾ അതെല്ലാം തരണം ചെയ്യുമെന്ന് ഉറച്ച ബോധ്യത്തോടെ നിശ്ചയം ചെയ്യണം.
നാം എങ്ങനെയായി തീരണമെന്നത് നാം തന്നെ തീരുമാനിക്കണം. ഞാൻ എന്റെ സ്വപ്നങ്ങൾക്ക് പ്രതീക്ഷയുടെ ചിറക് നൽകിയിരിക്കുകയാണ്. വിശാലമായ ഈ ലോകത്തേക്ക് ഇനിയും ഞാൻ പറന്നുയരും.’
തൃശൂർ പാലപ്പള്ളിയിൽ എലിക്കോട് ഉൗരിലെ കാടിന്റെ മകൾ സൗമ്യയുടെ വാക്കുകൾ കാലത്തിനും ലോകത്തിനുമുള്ള സന്ദേശമാണ്.
തൃശൂർ പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി കണ്ണൂർ ഡിഐജി ഓഫീസിലെത്തി സൗമ്യ കണ്ണൂർ ടൗണ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായി ചുമതലയേൽക്കുന്പോൾ എന്നും പ്രോത്സാഹനവുമായി നിലകൊള്ളുന്ന ഭർത്താവ് ടി.എസ്. സുബിനും കൂടെയുണ്ടായിരുന്നു.
കണ്ണീരോർമ
2021 ജനുവരി 28 നായിരുന്നു അച്ഛൻ ഉണ്ണിച്ചെക്കനെ കാട്ടാന കുത്തിക്കൊന്നത്. വനമേഖലയിൽ ഫയർലൈൻ നിർമാണത്തിലായിരിക്കെ ഉണ്ണിച്ചെക്കൻ ഒറ്റയാന്റെ മുന്നിൽ അകപ്പെട്ടുപോയി.
അച്ഛൻ കാട്ടാനയുടെ കുത്തും ചവിട്ടുമേറ്റു മരിക്കുന്പോൾ തൃശൂർ രാമവർമപുരം പോലീസ് ക്യാന്പിൽ സബ് ഇൻസ്പെക്ടർ പരിശീലനത്തിലായിരുന്നു. രാവിലെയും വൈകുന്നേരവും മുടങ്ങാതെ വിളിച്ച് പ്രോത്സാഹനവും കരുതലും പകർന്നു നൽകിയിരുന്ന അച്ഛൻ.
തനിക്ക് ജോലി ലഭിച്ചുകഴിഞ്ഞാൽപിന്നെ അച്ഛനെ കാട്ടിൽ പണിക്കു വിടാൻ അനുവദിക്കില്ലെന്നായിരുന്നു സൗമ്യ നൽകിയിരുന്ന ഉറപ്പ്.
ആ ദിവസം ഇടിമിന്നൽപോലെയാണ് അതിദാരുണമായ ആ വേർപാട് അറിയുന്നത്. അച്ഛന്റെ എക്കാലത്തെയും ആഗ്രഹമായിരുന്നു സൗമ്യ സിവിൽ സർവീസ് നേടി കളക്ടറായി നാടു ഭരിക്കണമെന്ന്.
പട്ടികവർഗവിഭാഗക്കാർക്ക് ഉന്നതമായ പരിശീലനം ലഭിക്കാനുള്ള സൗകര്യമില്ലാതെ വന്നതോടെ സിവിൽ സർവീസ് പരിശീലനം ആഗ്രഹത്തിൽ ഒതുങ്ങി.
ചെറുപ്പം മുതൽ പഠനത്തിൽ മിടുക്കിയായിരുന്ന സൗമ്യക്ക് വേണ്ടി ഏറെ കഷ്ടപ്പെട്ടാണ് അച്ഛനും അമ്മ മണിയും പണം കണ്ടെത്തിയിരുന്നത്.
കാട്ടുവിഭവങ്ങൾ ശേഖരിച്ചും കൂലിപ്പണിയെടുത്തും കിട്ടുന്ന പണം വീട്ടുചെലവു ചുരുക്കി മകളെ പഠിപ്പിക്കാൻ വിനിയോഗിച്ചു.
ആദിവാസിയെന്ന നിലയിൽ പല അവഗണനകളും നേരിടുന്പോഴൊക്കെ അച്ഛൻ പറയും ഇതിനുള്ള മറുപടി നീ വിജയത്തിലൂടെ കാണിച്ചുകൊടുക്കണമെന്ന്.
സഹനപർവം
മണ്ണെണ്ണ വെളിച്ചത്തിൽ പാതിരാ വരെ പഠനം. ഒന്നോ രണ്ടോ നേരം മാത്രമേ ചോറിനു വകയുണ്ടായിരുന്നുള്ളൂ. ഇരുന്നുപഠിക്കാൻ മേശയോ കസേരയോ ഉണ്ടായിരുന്നില്ല.
ചെറ്റപ്പുര മഴയിൽ ചോർന്നൊലിക്കുന്നതായിരുന്നു. ഇത്തരം സഹനപർവ്വങ്ങൾ പിന്നിട്ടാണ് സൗമ്യക്ക് പിഎസ്സി വഴി പോലീസ് സബ് ഇൻസ്പെക്ടറായി സെലക്ഷൻ ലഭിച്ചത്.
പിഎസ് സി പിന്നാക്കവിഭാഗങ്ങൾക്ക് പട്ടിക വർഗവികസന വകുപ്പിനു കീഴിൽ മൂന്നുമാസം സൗജന്യ പരിശീലനക്ലാസ് നൽകാറുണ്ട്.
ആ പരിശീലവും പ്രോമിനൻസ് അക്കാദമിയിലെ ക്ലാസുകളും പരീക്ഷയ്ക്ക് നേട്ടമായി. ഇതിനു പുറമേ വീട്ടിൽ ലഭ്യമായ പുസ്തകങ്ങളും മാസികകളും ആവുംവിധം പഠിച്ചു.
കഠിനമായ സമർപ്പണമായിരുന്നു ജോലി തേടിയുള്ള അക്കാലത്തെ അധ്വാനം. അച്ഛനമ്മമാരുടെ പ്രാർഥനയ്ക്കൊപ്പം ദൈവാനുഗ്രഹം കൂടിയായപ്പോൾ എല്ലാം ശുഭകരമായി.
നേട്ടക്കുതിപ്പ്
തൃശൂർ സെന്റ് മേരീസ് കോളജിൽ നിന്നു ബിരുദവും കേരള വർമ കോളജിൽനിന്നു സാന്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും തുടർന്ന് ബിഎഡും നേടിയ സൗമ്യ ആദ്യം വടക്കാഞ്ചേരി റേഞ്ചിൽ പൂങ്ങോട് ബീറ്റ് ഫോറസ്റ്റ് ഒഫീസറായി സർക്കാർ ജോലി നേടി.
തുടർന്ന് പഴയന്നൂർ തൃക്കണ്ണായ യുപി സ്കൂൾ അധ്യാപികയായിരിക്കെയാണ് പോലീസ് സബ് ഇൻസ്പെക്ടർ പരീക്ഷ പാസായി 2020 ഒക്ടോബർ 30ന് പോലീസ് അക്കാദമിയിൽ പരിശീലനത്തിനെത്തിയത്.
പട്ടിക ജാതി വിദ്യാർഥി കളുടെ ഉന്നമനത്തിനായി ആവുവിധം പ്രവർത്തിക്കാൻ സൗമ്യ ആഗ്രഹിക്കുന്നു.
ഇക്കാലത്തും ആദിവാസി ഉൗരുകളിൽ പഠിക്കാൻ സാഹചര്യ മില്ലാത്ത ഏറെ കുട്ടികളുണ്ട്. എനിക്ക് ആരിൽ നിന്നും പ്രചോദനവും പ്രോത്സാഹനവും ലഭിച്ചിട്ടില്ല. അച്ഛന്റെ ആഗ്രഹത്തിനൊത്ത് ചുവടുവെച്ചു. അത്രമാത്രം.
പട്ടികജാതി വിഭാഗം കുട്ടികൾക്ക് ഇന്നും ഉന്നത വിദ്യാഭ്യാസത്തിനും പ്രഫഷണൽ പരിശീലനത്തിനും വേണ്ടത്ര സൗകര്യമില്ല.
കാടും കാട്ടാറും കുന്നുകളും മൈലുകളോളം താണ്ടിവേണം സ്കൂളിലെത്താൻ. പ്രഫഷണൽ പഠനത്തിന് പരിമിതിയേറെയുണ്ട്. ഇത്തരത്തിൽ അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ പലരും പഠനത്തിൽ വിമുഖത കാണിക്കുന്നു.
സാന്പത്തിക ക്ലേശം കാരണം മാതാപിതാക്കൾ കുട്ടികളെ സ്കൂളിൽ അയയ്ക്കാൻ മടിക്കുന്നു. കേന്ദ്ര, സംസ്ഥാന തല പരീക്ഷകളെഴുതി ജോലി നേടാൻ കഴിവും ആഗ്രഹവുമുള്ളവരാണ് കാടിന്റെ മക്കളിൽ ഏറെപ്പേരും.
എന്നാൽ, ഇവർക്ക് മതിയായ പരിശീലനം ലഭിക്കുന്നില്ല. തൊഴിൽ അവസരങ്ങൾ ഏറെയുള്ള ബാങ്ക്, റെയിൽവേ പരീക്ഷകൾക്ക് സൗജന്യ പരിശീലനം ലഭിക്കാൻ അവസരം തീരെ കുറവാണ്.
കേവലം മൂന്നു മാസം മാത്രം പരിശീലനം ലഭിക്കുന്ന സാഹചര്യത്തിൽ സിവിൽ സർവീസ് പോലുള്ള പരീക്ഷകൾ പാസാകുക അസാധ്യം. കുറഞ്ഞത് ഒരു വർഷത്തെ പരിശീലനമെങ്കിലും ഇതിനു നൽകണം.
അച്ഛന്റെ ആഗ്രഹവും പ്രോത്സാഹനവുമാണ് എന്നെ ഈ നിലയിലെത്തിച്ചത്. പിന്തുണയും പ്രോത്സാഹനവും അവസരവും നൽകിയാൽ കേരളത്തിലെ ഗോത്രവാസി കുട്ടികൾ ഒൗന്നിത്യമുള്ള പദവികളിൽ എത്തുമെന്നതിൽ സംശയം വേണ്ടെന്നാണ് സൗമ്യ പറയുന്നത്.
അനുമോൾ ജോയ്