ലോഡ്ജ് മുറിയില്‍ യൂട്യൂബ് നോക്കി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു.
ഒരു സ്വകാര്യലോഡ്ജില്‍ മുറിയെടുത്താണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ശസ്ത്രക്രിയ നടത്തിയത്. 28 വയസുകാരനായ ശ്രീകാന്ത് ആണ് മരിച്ചത്.
തെലങ്കാനയിലെ പ്രകാശം ജില്ലയില്‍ താസിക്കുന്നയാള്‍ ഹൈദരബാദില്‍ ജോലിക്കായി എത്തിയതാണ്. ഇയാള്‍ അടുത്ത ബന്ധുവായ യുവതിയെ വിവാഹം ചെയ്തെങ്കിലും അടുത്തിടെ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു.
സ്ത്രീയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള വിമുഖതയാണ് വിവാഹബന്ധം വേര്‍പിരിയാന്‍ പ്രേരണയെന്നാണ് റിപ്പോര്‍ട്ട്.
തുടര്‍ന്ന് പ്രകാശം ജില്ലയിലേയ്ക്ക് താമസം മാറ്റിയ ഇയാള്‍ വിശാഖപട്ടണത്തു നിന്നുള്ള ഒരു ട്രാന്‍സ്ജെന്‍ഡറെ പരിചയപ്പെട്ടു.
മരണത്തിനിടയാക്കിയ ശസ്ത്രക്രിയ നടത്തിയ യുവാക്കളുമായി ഇരുവരും നിരന്തരം ചാറ്റ് ചെയ്തിരുന്നു.
മുംബൈയിലെത്തി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനുള്ള താത്പര്യം യുവാവ് അറിയിച്ചപ്പോള്‍ കുറഞ്ഞ ചെലവില്‍ തങ്ങള്‍ ഇത് ചെയ്തു തരാമെന്ന് യുവാക്കള്‍ വാഗ്ദാനം ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ശസ്ത്രക്രിയ നടത്തേണ്ടത് എങ്ങനെയെന്ന് അറിയാമെന്നും യുവാക്കള്‍ അവകാശപ്പെട്ടു. മുംബൈയിലെത്തി ഡോക്ടറെ കാണുന്നതും ശസ്ത്രക്രിയ നടത്തുന്നതും ചെലവേറിയ പദ്ധതിയാണെന്നു പറഞ്ഞ് ഇവര്‍ യുവാവിനെ വശത്താക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്നായിരുന്നു നെല്ലൂരിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് ശസ്ത്രക്രിയ നടത്തിയത്
ജനനേന്ദ്രിയം നീക്കം ചെയ്തശേഷം കടുത്ത രക്തസ്രാവമുണ്ടായതാണ് മരണകാരണം. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
മരുന്നുകളുടെ അമിതോപയോഗവും മരണത്തിന് കാരണമായെന്നാണ് നിഗമനം. ട്രാന്‍സ്ജെന്‍ഡര്‍ മരിച്ചുവെന്ന് സ്ഥിരീകരിച്ച മെഡിക്കല്‍ വിദ്യാര്‍ഥികളായ മസ്താനും ജീവയും മുറിയില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
ലോഡ്ജ് ജീവനക്കാര്‍ വെള്ളിയാഴ്ച പോലീസില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.