കടുത്തുരുത്തി: നിലയ്ക്കാത്ത വെടിയൊച്ചകൾക്കും ബോംബ് ഭീതിക്കും മിസേലാക്രമണത്തിനും നടുവിൽ ജീവൻ മുറുകെ പിടിച്ചു ബങ്കറുകളിൽ ഒളിവ് ജീവിതം നയിക്കുകയാണ് ദീപേന്ദുവും സുഹൃത്തുക്കളും.
നാട്ടിലുള്ള കിട്ടാവുന്ന അധികൃതരുടെയും സുഹൃത്തുകളുടെയും നന്പരുകളിലേക്കെല്ലാം നവമാധ്യമങ്ങളിലൂടെ നാട്ടിലെത്താൻ സഹായം ചോദിച്ച് സന്ദേശങ്ങൾ അയക്കുകയാണ് ഇവർ.
വരുന്ന ഓരോ സന്ദേശത്തിലും രക്ഷയുടെ കരം നീളുമെന്ന പ്രതീക്ഷയിലാണ് മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർഥികൾ.
കോട്ടയം കുറുപ്പന്തറ മേമുറി തുണ്ടത്തിൽ ദീപേന്ദു ദിലീപ്, കോട്ടയം സ്വദേശി അൻസു ദേവസ്യ, എറണാകുളം സ്വദേശികളായ ഡോണ അഗസ്തി,
ഐശ്വര്യ ബാബു, സ്നേഹ ആന്റണി, തുടങ്ങി വടക്കുകിഴക്കൻ യുക്രൈനിലെ സുമി എന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന മൂന്നൂറോളം മലയാളികളടക്കമുള്ള 500 ഓളം വരുന്ന ഇന്ത്യക്കാരുടെ അവസ്ഥയാണിത്.
നാട്ടിലേക്കെത്താൻ ആര് കൈതാങ്ങാകുമെന്ന പ്രതീക്ഷയിൽ ഓരോ നിമിഷവും തള്ളിനീക്കുകയാണ് ഇവരെല്ലാം.
ദീപേന്ദു സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ നാലാംവർഷ മെഡിക്കൽ വിദ്യാർഥിനിയാണ്.
ഇവർ നിൽക്കുന്ന സ്ഥലത്ത് നിന്നും 50 കിലോമീറ്റർ മാത്രമാണ് റഷ്യൻ അതിർത്തിയിലേക്കുള്ളത്.
റുമേനിയയിലേക്കോ, ഹോളണ്ടിലേക്കോ ഒന്നും ഇവർക്ക് സഞ്ചരിക്കാൻ കഴിയില്ലെന്നാണ് ദീപേന്ദു പറയുന്നത്.
കുടുങ്ങിക്കിടക്കുന്ന സ്ഥലത്തുനിന്നും 1,300 ലധികം കിലോമീറ്റർ യാത്ര ചെയ്താൽ മാത്രമേ ഇവർക്ക് പടിഞ്ഞാറൻ മേഖലയിലെ രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിട്ടുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരുടെ അടുത്ത് എത്താനാകൂ.
ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിച്ചില്ലെന്ന് വിദ്യാർഥിനികൾ പറഞ്ഞു.
രക്ഷാദൗത്യം നടക്കുന്ന എവിടേയ്ക്കായാലും കീവിലൂടെ മാത്രമേ പോകാനാകൂ. ഇതുവഴിയുള്ള യാത്ര ദുഷ്ക്കരമാണ്. ഇന്നലെ നാട്ടിലേക്ക് പോരാനായി ടിക്കറ്റ് എടുത്തിരുന്നതാണെന്ന് ദീപേന്ദു പറഞ്ഞു.
നിലവിൽ രണ്ടു ദിവസത്തേയ്ക്കുള്ള ഭക്ഷണവും വെള്ളവും മാത്രമേ ഇനി ഇവർ താമസിക്കുന്ന യൂണിവേഴ്സിറ്റി ഹോസ്റ്റലിലുള്ളൂ.
എടിഎമടക്കം കാലിയായി കഴിഞ്ഞു. താമസിക്കുന്ന കെട്ടിടത്തിലിരുന്നാൽ വെടിയൊച്ചകളാണ് കേൾക്കാനായി കഴിയുന്നത്.
യുക്രൈനിലെ സിവിലിയന്മാരും റഷ്യൻ പട്ടാളക്കാരും തമ്മിൽ വലിയ ഏറ്റുമുട്ടലാണ് ഇവിടെ നടക്കുന്നത്.
നിർദേശമനുസരിച്ചു സൈറണ് മുഴങ്ങുന്പോഴെല്ലാം ബങ്കറുകളിൽ അഭയം തേടുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നതെന്നും മലയാളി വിദ്യാർഥികൾ പറയുന്നു.