സ്വന്തം ലേഖകൻ
മുണ്ടത്തിക്കോട്: സ്വന്തം സ്കൂൾ ക്ലീനാക്കാൻ എട്ടാംക്ലാസുകാരൻ അനന്തു സ്വന്തമായി നിർമിച്ച ചെലവുകുറഞ്ഞ പുല്ലുവെട്ടിയന്ത്രം ആര്യംപാടം സർവോദയം സ്കൂളിനു വരാൻ പോകുന്ന ശാസ്ത്രദിന സമ്മാനമായി.
ഇന്ന് ഒരു ശാസ്ത്രദിനംകൂടി വന്നണയുന്പോൾ ആര്യംപാടം സർവോദയം സ്കൂളിലെ അനന്തു പരീക്ഷണങ്ങളുടെയും കൊച്ചുകൊച്ചു കണ്ടുപിടിത്തങ്ങളുടെയും ഒപ്പമാണ്.
മങ്ങാട് കോട്ടപ്പുറം സ്വദേശികളായ ജയന്റെയും സജിതയുടെയും മകനായ അനന്തു കൂട്ടുകാർക്കു കൊച്ചു ശാസ്ത്ര ജ്ഞനാണ്.
തന്റെ സ്കൂളിന്റെ മുറ്റത്തു പൂന്തോട്ടത്തിൽ വളർന്നുനിൽക്കുന്ന പുല്ലുകൾ കണ്ടപ്പോഴാണ് ഇവ എങ്ങനെ ചെലവുകുറഞ്ഞ രീതിയിൽ നീക്കം ചെയ്യാമെന്ന് അനന്തു ചിന്തിച്ചത്.
പൂക്കൾ വിടർന്നുനിൽക്കുന്ന ചെടിക്കു ചുറ്റുമുള്ള പുല്ലുകളെ പൂച്ചെടക്കു കേടുവരുത്താതെതന്നെ നീക്കം ചെയ്യാൻ അനന്തു മാർഗം തേടി.
60 രൂപയുടെ ഒരു പിവിസി പൈപ്പ്, പത്തു രൂപയുടെ ഒരു ചെറിയ ഫാൻ ലീഫ്, അഞ്ചുരൂപയുടെ വയർ, അഞ്ചു രൂപയുടെ കണ്ടക്ടർ, എച്ച്എൽപിയുടെ രണ്ടു ബാറ്ററി, ഒരു മിനി മോട്ടോർ, ഒരു ബ്ലേഡ് രണ്ടാക്കി പൊട്ടിച്ചത് എന്നിവ ഉപയോഗിച്ച് അരമണിക്കൂറിനുള്ളിൽ അനന്തു ചെറിയൊരു പുല്ലുവെട്ടിയന്ത്രം തയാറാക്കി സഹപാഠികളെയും അധ്യാപകരെയും അന്പരപ്പിച്ചു.
ബാറ്ററിയിലോ വൈദ്യുതിയിലോ പ്രവർത്തിപ്പിക്കാവുന്ന യന്ത്രമാണിത്. അനന്തു നിർമിച്ച മിനിയേച്ചർ രൂപത്തിലുള്ള ചെറിയ പുല്ലുവെട്ടിയെക്കാൾ വലിയ ഒരു യന്ത്രം ഉണ്ടാക്കാൻ അധ്യാപകർതന്നെ ഇപ്പോൾ അനന്തുവിനോടു പറഞ്ഞിരിക്കുകയാണ്.
മുറ്റം അടിക്കാനുള്ള യന്ത്രം, കർഷകർക്കായി കുറഞ്ഞ ചെലവിൽ ഡ്രോണ്‍ എന്നിവ നിർമിക്കാനുള്ള അണിയറപ്രവർത്തനങ്ങളിലാണ് അനന്തു. കൊച്ചുമിടുക്കന് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നൽകി സ്കൂളിലെ പ്രധാന അധ്യാപിക എം. രമണി, അധ്യാപകരായ ഗീത, അജയ് നാരായണൻ,ഹിമ, ഷോബിൻ, സഹപാഠിയായ ശരണ്‍ജിത്ത് എന്നിവർ കൂടെയുണ്ട്.
അനന്തു ടച്ച് എന്ന യൂട്യൂബ് ചാനലിലൂടെ ഈ കൊച്ചു മിടുക്കൻ തന്റെ ചെറിയ കണ്ടുപിടിത്തങ്ങൾ ലോകത്തിനുമുന്നിൽ എത്തിക്കുന്നുമുണ്ട്.