മുണ്ടക്കയം: രാവിലെ 6.50ന് മുണ്ടക്കയത്തുനിന്ന് കോട്ടയത്തേക്ക് പുറപ്പെടേണ്ട പൊൻകുന്നം ഡിപ്പോയിലെ കെഎസ്ആർടിസി ബസ് സമയക്രമം തെറ്റിച്ചോടുന്നതായി ആക്ഷേപം. അടുത്തിടെ തുടങ്ങിയ സർവീസ് ആണിത്.
ആദ്യമൊക്കെ രാവിലെ 6.50ന് കോട്ടയത്തേക്ക് പുറപ്പെടുന്ന ബസ് ഇപ്പോൾ 6.35ന് പുറപ്പെടുന്ന സ്വകാര്യബസിനു പിന്നാലെ ഇഴഞ്ഞുനീങ്ങുകയാണ്.
ഇതാണ് ഇന്ന് ബസിൽ യാത്ര ചെയ്ത യാത്രക്കാരനെ ദേഷ്യത്തിലാക്കിയത്. മുന്നിൽ പോകുന്ന സ്വകാര്യബസിനെ മറികടക്കാതെ സ്വകാര്യബസിന്റെ പിന്നിൽ ഇഴഞ്ഞുനീങ്ങിയത് സ്വകാര്യ ബസ് ജീവനക്കാരുമായുള്ള കെഎസ്ആർടിസി ജീവനക്കാരുടെ ഒത്തുകളിയാണെന്നായിരുന്നു യാത്രക്കാരന്റെ ആക്ഷേപം.
മുണ്ടക്കയത്തുനിന്ന് 6.35ന് സ്വകാര്യബസ് പോയി കഴിഞ്ഞാൽപ്പിന്നെ 6.53ന് ആണ് കോട്ടയത്തേക്കുള്ള അടുത്ത സ്വകാര്യ ബസ് സർവീസ് നടത്തുന്നത്.
ഏതാണ്ട് 18 മിനിട്ടോളമുള്ള ഇടവേള ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊൻകുന്നം ഡിപ്പോയിൽനിന്ന് പുതിയ സർവീസ് ആരംഭിച്ചത്.
ഈ സർവീസ് ആണ് ഇപ്പോൾ കെഎസ്ആർടിസി ജീവനക്കാർ തന്നെ അട്ടിമറിക്കാനൊരുങ്ങുന്നതെന്നാണ് ആക്ഷേപം.
എന്തായാലും പുതിയ കെഎസ്ആർടിസി ബസ് ഇഴഞ്ഞു തുടങ്ങിയതോടെയും സമയക്രമം തെറ്റിച്ച് നേരത്തേ സർവീസ് ആരംഭിക്കുന്നതും മൂലം യാത്രക്കാർ വളരെ കുറവാണ് കെഎസ്ആർടിസിക്ക്.
മുന്പ് 6.50ന് പുറപ്പെട്ടപ്പോൾ ബസ് നിറയെ യാത്രക്കാർ ഉണ്ടായിരുന്നു.എന്തിനാണ് ഇങ്ങനെയൊക്കെ സർവീസ് നടത്തി സ്വയം പരിഹാസ്യരാകുന്നതെന്നാണ് യാത്രക്കാരുടെ ചോദ്യം.