ആറന്മുള: ഭാര്യയെയും മകളെയും മർദ്ദിച്ച പ്രതിയെ പിടികൂടാൻ ശ്രമിക്കവേ, പോലീസിനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. ആറന്മുള ഇടശേരിമല കളമാപ്പുഴി പാപ്പാട്ടുതറയിൽ ജിജിക്കുട്ടനാണ് (ഉല്ലാസ്-39) പിടിയിലായത്.
കഴിഞ്ഞദിവസം വൈകുന്നേരം ഇയാൾ വീട്ടിൽ ഭാര്യയെയും മകളെയും ഉപദ്രവിക്കുന്നതായി പോലീസ് കണ്ട്രോൾ റൂമിൽ നിന്നും സന്ദേശം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ എസ്ഐ രാജീവും സംഘവും അനുനയിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.
അക്രമാസക്തനായ യുവാവ് പോലീസിനു നേരേ തിരിയുകയായിരുന്നു. മൽപ്പിടിത്തത്തിനിടെ എസ്ഐ രാജീവിന്റെ ഇടതു കൈപ്പത്തി കടിച്ചു പരിക്കേലേപിച്ചു.
തടയാൻ തുനിഞ്ഞ സിപിഒ ഗിരീഷ് കുമാറിന്റെ വലതു കൈപ്പത്തി ബലമായി പിടിച്ചു തിരിച്ചതിനെ തുടർന്ന് ചെറുവിരലിന്റെ അസ്ഥിക്കും പൊട്ടലുണ്ടായി. സിപിഒ വിഷ്ണുവിന് ചവിട്ടേറ്റു.
പത്തനംതിട്ട ഡിവൈഎസ്പി കെ. സജീവിന്റെ നിർദേശത്തേതുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഏറെ സമയത്തെ പ്രയത്നത്തിനൊടുവിലാണ് പ്രതിയെ കീഴടക്കിയത്.
വീട്ടിൽ ഭാര്യയുമായി നിരന്തരം വഴക്കിടുകയും ബഹളമുണ്ടാക്കുകയും ചെയ്യുന്ന ഇയാൾക്കെതിരെ ഭാര്യയെയും മകളെയും മർദ്ദിച്ചതിന് മറ്റൊരു കേസുമെടുത്തു.
ഭാര്യയെ മർദ്ദിച്ച് അവശയാക്കുകയും, വെട്ടുകത്തിയുടെ പിടികൊണ്ട് തലയ്ക്കു പിന്നിൽ ഇടിക്കുയും ചെയ്ത പ്രതിയെ മകൾ തടഞ്ഞപ്പോൾ വെട്ടുകത്തിയുടെ പിടി ഉപയോഗിച്ച് ചുണ്ടിൽ ഇടിച്ച് പരിക്കേല്പിക്കുകയായിരുന്നു.
പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ പോലീസ് ഇൻസ്പെക്ടറെ കൂടാതെ എസ്ഐ മാരായ രാജീവ്, അനിരുദ്ധൻ, സിദ്ധിക്, സിപിഓമാരായ അജിത്, അഖിൽ, തിലകൻ, വിഷ്ണു എന്നിവരാണ് ഉണ്ടായിരുന്നത്.