ചേർപ്പ് (തൃശൂർ): കടലാശേരിയിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന ഊമൻപിള്ളി പരേതനായ വേലായുധന്റെ ഭാര്യ കൗസല്യ(78)യുടെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു.
ഇവരുടെ മകന്റെ മകൻ ഗോകുലിനെ (32) തൃശൂർ റൂറൽ എസ്പി ഐശ്വര്യ ദോഗ്രയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ.തോമസ്, ചേർപ്പ് ഇൻസ്പെക്ടർ ടി.വി. ഷിബു എന്നിവർ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് കൗസല്യയെ കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടത്. ഹൃദയാഘാതം മൂലമെന്നു കരുതിയെങ്കിലും കൈയിൽ കിടന്ന വളയും കഴുത്തിലെ റോൾഡ് ഗോൾഡ് മാലയും കാണാത്തതു സംശയത്തിനിടയായി.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം നടപടികൾക്കായി ആശുപത്രിയിലേക്കു മാറ്റി ബന്ധുക്കളടക്കമുള്ളവരെ നിരീക്ഷിച്ചുവരികയായിരുന്നു.
അമ്മൂമ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കൈയിലെ വള മോഷ്ടിച്ചതു ഗോകുലാണെന്നു പോലീസ് പറഞ്ഞു. മദ്യപിക്കാൻ പണത്തിനുവേണ്ടിയാണ് ഇയാൾ കൊല നടത്തി സ്വർണം കവർന്നത്.