കൊച്ചി: സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കപ്പെടുന്നവരെ പാര്‍ട്ടി സംരക്ഷിക്കുമെന്നും പുതിയ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തി.
മുമ്പ് മന്ത്രിസഭയില്‍നിന്നു പ്രമുഖരെയെല്ലാം ഒഴിവാക്കിയതിനു പിന്നാലെ പാര്‍ട്ടി കമ്മിറ്റിയില്‍നിന്നു മുതിര്‍ന്ന നേതാക്കളെ പുറംതള്ളുന്നതിലൂടെ പാര്‍ട്ടിയിലും ഭരണത്തിലും പിണറായി വിജയന്റെ സമ്പൂര്‍ണ ആധിപത്യത്തിനാകും ഈ സമ്മേളനത്തോടെ കളമൊരുങ്ങുക.
കേന്ദ്ര നേതൃത്വത്തിനു പോലും കേരളഘടകത്തിനു മേലുള്ള സ്വാധീനത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ വലിയ തോതിലുള്ള ഇടിവുണ്ടായി. വിഭാഗീയത ഇല്ലെന്ന് നേതൃത്വം അവകാശപ്പെടുമ്പോഴും താഴെത്തട്ടില്‍ അസംതൃപ്തിയുടെ കനലുകള്‍ എരിയുന്നുണ്ടെന്ന് പറയാതെ വയ്യ.
ഇന്നു തുടങ്ങുന്ന സംസ്ഥാന സമ്മേളനത്തിന്റെ നാലു ദിവസവും കൊച്ചിയിലുള്ള ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവര്‍ സമാപനദിനമായ വെള്ളിയാഴ്ചത്തെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാതെ മടങ്ങുന്നത് ഇതിനകം ഏറെ അഭ്യൂഹങ്ങള്‍ക്കു വഴിവച്ചിട്ടുണ്ട്.
ഇരുവര്‍ക്കും വൈകിട്ട് ആറിനുള്ള വിമാനത്തില്‍ പോകേണ്ടതിനാലാണെന്ന് സംസ്ഥാനനേതൃത്വം പറയുമ്പോഴും അണികളില്‍ ഒരു വിഭാഗം ഇതു മുഖവിലയ്ക്കെടുക്കുന്നില്ല.
സീതാറാം യെച്ചൂരിയെ ഉദ്ഘാടകനായി നിശ്ചയിച്ച് ഫ്ളെക്സുകളും മറ്റും ഇറങ്ങിയശേഷമാണ് തീരുമാനം മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്ഘാടകനാക്കാന്വേണ്ടി മുന്‍കാല പാരമ്പര്യം തെറ്റിക്കുകയായിരുന്നുവെന്നാണ് പാര്‍ട്ടിക്കുള്ളിലെ അടക്കംപറച്ചില്‍.
എന്തായാലും ഏറ്റവും പ്രധാനപ്പെട്ട പൊതുസമ്മേളനത്തില്‍ തലമുതിര്‍ന്ന ദേശീയ നേതാക്കളുടെ അസാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെടും.