മെഡിക്കല്‍കോളജ്: മന്ത്രിവീണാ ജോർജിന്റെ ഇടപെടലിനെ തുടർന്ന് ചിറയിന്‍കീഴ് പെരിങ്കുഴി സ്വദേശി സഫിയ ബീവിയുടെ മകൻ നവാസിന് സൗജന്യ ഭക്ഷണവും മരുന്നും ലഭിക്കും.
റേഷന്‍ കാര്‍ഡില്ലാത്തതിന്റെ പേരില്‍ നവാസിന് സൗജന്യ ചികിത്സ മുടങ്ങില്ലെന്ന് മന്ത്രി പറഞ്ഞു.സ്ട്രോക്ക് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എസ്എസ്ബിഐസിയുവില് ചികിത്സയിലുള്ള നവാസിന് (47) സൗജന്യ ചികിത്സ നല്കാന് മന്ത്രി ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്കി.
കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാൻ മന്ത്രി മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കില്‍ എത്തിയപ്പോഴാണ് നവാസിന്റെ ദുരിതാവസ്ഥ മന്ത്രി അറിയുന്നത്.
പരിപാടി കഴിഞ്ഞ് പോകാനായി ഒന്നാം നിലയിലെ എംഐസിയുവിന്റെ മുമ്പില്‍ രോഗികളോട് സംസാരിക്കുന്പോഴാണ് സഫിയ ബീവിയ്ക്ക് റേഷന്‍കാര്‍ഡ് ഇല്ലാത്തതിനാൽ മരുന്നിനും ഭക്ഷണത്തിനുമായി ബുദ്ധിമുട്ടുന്ന കാര്യം അറിഞ്ഞത്.
ഉടന്‍ തന്നെ മന്ത്രി അവരുമായി സംസാരിച്ച് സൗജന്യമായി ഭക്ഷണവും മരുന്നും നല്കാന് തീരുമാനിക്കുകയായിരുന്നു. ഇതേ സ്ഥലത്ത് മതിയായ കസേരയില്ലാത്തതിനാൽ രോഗികളുടെ കൂട്ടിരിപ്പുകാര്‍ നിലത്തിരിക്കുന്നതും മന്ത്രി കണ്ടു.
മതിയായ കസേരകളൊരുക്കാന്‍ മന്ത്രി സൂപ്രണ്ടിന് നിര്‍ദേശം നല്കി. നിലവില്‍ നാല് സീറ്റുകള്‍ വീതമുള്ള നാല് എയര്‍പോര്‍ട്ട് ചെയറുകളാണ് ഉള്ളത്. നാലെണ്ണം കൂടി ഉടന്‍ എത്തിക്കാൻ തീരുമാനിച്ചു.