സ്വന്തം ലേഖകൻ
തലശേരി: പുന്നോൽ താഴെവയലിൽ സിപിഎം പ്രവർത്തകൻ കൊരമ്പിൽ താഴെകുനിയിൽ ഹരിദാസ(54)നെ വെട്ടി കൊലപ്പെടുത്തിയ കേസിൽ എട്ട് പേരുടെ അറസ്റ്റ് ഇന്ന് പോലീസ് രേഖപ്പെടുത്തും.
പ്രജി, ദിനേശൻ, പ്രജൂട്ടി തുടങ്ങി പതിമൂന്നുപേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരിൽ എട്ടുപേരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തുക.
നിരപരാധികളാണെന്ന് കണ്ടെത്തിയിട്ടുള്ള ചിലരെ ഇന്ന് രാവിലെ വിട്ടയച്ചിട്ടുണ്ട്. കൊലയാളി സംഘത്തിലെ മൂന്നു പേരെയും ഗൂഢാലോചന കേസിൽ ആറ് പേരെയുമാണ് ഇപ്പോൾ പിടികൂടിയിട്ടുള്ളത്.
പ്രതികൾ മനസ് തുറന്നു
കണ്ണൂരിലെ രഹസ്യകേന്ദ്രത്തിലെ ചോദ്യം ചെയ്യലിനിടയിൽ ഇന്നലെ അർദ്ധരാത്രിയിലാണ് പ്രതികൾ മനസ് തുറന്നത്. കൊലപാതകത്തിന്റെ പൂർണ ചിത്രം പോലീസിനു ലഭിച്ചു കഴിഞ്ഞു.
ഉത്സവസ്ഥലത്തെ സംഘർഷത്തിൽ ആർഎസ്എസ് നേതാവിനെ ഹരിദാസ് ചവിട്ടി വീഴ്ത്തിയെന്നും നേതാവിനെ ചവിട്ടിയ കാൽ വെട്ടിയെടുക്കുകയായിരുന്നുവെന്നും കൊലയാളി സംഘത്തിലെ ഒരാൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
രണ്ട് തവണ ഹരിദാസിനെ ലക്ഷ്യം വച്ചെങ്കിലും കിട്ടിയില്ല. മൂന്നാം തവണയാണ് ഹരിദാസനെ കയ്യിൽ കിട്ടിയത്. ആറുപേർ ചേർന്നാണ് കൊല നടത്തിയതെന്നും പ്രതികൾ കുറ്റസമ്മത മൊഴിയിൽ പറയുന്നു.
നിലവിൽ അറസ്റ്റിലായിട്ടുള്ള നാല് നേതാക്കൾ ഉൾപ്പെടെ പതിനാലുപേർ ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
ശാസ്ത്രീയമായ രീതിയിലാണ് കേസിന്റെ അന്വേഷണം മുന്നോട്ട് പോകുന്നത്.ഡിഐജി രാഹുൽ ആർ.നായർ, സിറ്റി കമ്മീഷണർ ആർ.ഇളങ്കോ, അഡീഷണൽ എസ്പി പ്രിൻസ് ഏബ്രഹാം, എഎസ്പി വിഷ്ണു പ്രദീപ്, കണ്ണൂർ എസിപി പി.പി.സദാനന്ദൻ, ഇരിട്ടി ഡിവൈഎസ്പി പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.