കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില കുത്തനെ കൂട്ടി. ഒരു സിലിണ്ടറിന് 106 രൂപ 50 പൈസ കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് 2009 രൂപയായി.
ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ വിലയാണ് വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
കഴിഞ്ഞ ഡിസംബര്‍ ഒന്നിന് വാണിജ്യ സിലിണ്ടറിന് 101 രൂപ വര്‍ധിപ്പിച്ച് 2095 രൂപയായിരുന്നു. നവംബര്‍ ഒന്നിനും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലണ്ടറിന് വില വര്‍ധിപ്പിച്ചിരുന്നു.
അന്ന് 266 രൂപയാണ് ഒറ്റ ദിവസം കൊണ്ട് വര്‍ധിപ്പിച്ചത്. കൊച്ചിയിലെ വില 1994 രൂപ എത്തിയിരുന്നു. ഒക്ടോബര്‍ മാസം 36 രൂപയുടെ വര്‍ധനവ് ഉണ്ടായിരുന്നു.
വില വര്‍ധിച്ചത് നിലവിലെ സാഹചര്യത്തില്‍ വാണിജ്യ സിലിണ്ടറുകള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
കോവിഡിന്റെ പ്രതിസന്ധിയില്‍നിന്നു കരകയറുന്ന ഹോട്ടലുകളടക്കമുള്ളവയെയാണ് വില വലിയ തോതില്‍ പ്രതികൂലമായി ബാധിച്ചിട്ടുള്ളത്.
യുക്രൈന് യുദ്ധ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിരുന്നെങ്കിലും ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് സാഹചര്യമായതിനാല്‍ എണ്ണക്കമ്പനികള്‍ വില ഉയര്‍ത്തിയിരുന്നില്ല.
യുപി അടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാണ് സ്വകാര്യ കമ്പനികള്‍ വില ഉയര്‍ത്താതിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തുനില്‍ക്കാതെ വാണിജ്യ സിലിണ്ടറുകളുടെ വില ഇന്ന് ഉയര്‍ത്തുകയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ഫെബ്രുവരിയില്‍ വാണിജ്യ സിലിണ്ടറിന് വില കുറച്ചിരുന്നു.