സീമ മോഹന്‍ലാല്‍
കൊച്ചി: “ഇന്ന് വൈകുന്നേരം വരെ കഴിക്കാനുള്ള ബിസ്കറ്റും വെള്ളവും മാത്രമേ ഞങ്ങളുടെ കൈവശമുള്ളൂ. ഹോസ്റ്റല്‍ അടുത്താണെങ്കിലും പുറത്തിറങ്ങാന്‍ പറ്റുന്നില്ല.
ഞങ്ങള്‍ കഴിയുന്ന ബങ്കറിനു പുറത്ത് ബോംബും മിസൈലുകളും വീഴുന്ന ശബ്ദം കേള്‍ക്കാം. പ്രദേശത്ത് റഷ്യന്‍ സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്.
ഇപ്പോള്‍ ഒരു സൈറണ്‍ മുഴങ്ങുകയുണ്ടായി. മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്ത് വയ്ക്കാനാണ് യുക്രെയ്ന് സൈന്യത്തിന്റെ നിര്‍ദേശം. ലൊക്കേഷന്‍ പുറത്തു പോകാതിരിക്കാനാണിത്.
ഫോട്ടോകളും വീഡിയോകളും എടുക്കരുത്. വീട്ടുകാരുമായി ബന്ധപ്പെടാന്‍ മാത്രം ഫോണ്‍ ഉപയോഗിച്ചാല്‍ മതിയെന്നാണ് യുക്രെയ്ന് സൈന്യം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
ഭയാനകമായ അവസ്ഥയാണിവിടെ’- ഖാര്‍കീവിലെ അണ്ടര്‍ മെട്രോ പെരിമോഹ സ്റ്റേഷനിലെ ബങ്കറിനുള്ളിലിരുന്ന് ദുരിതം വിവരിക്കുകയാണ് എറണാകുളം പള്ളുരുത്തി സ്വദേശിനിയായ വി.എന്‍. സുറുമി.
പള്ളുരുത്തി കളത്തിപ്പറമ്പില്‍ നസീര്‍-സ്മിത ദമ്പതികളുടെ ഏക മകളായ സുറുമി 2021 ഡിസംബറിലാണ് യുക്രെയ്നില്‍ മെഡിസിന് പഠിക്കാനായി ചേര്‍ന്നത്.
ഖാര്‍ക്കീവ് ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് സുറുമി. കാമ്പസിനു പുറത്തുള്ള യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്.
ആറ് ദിവസം മുമ്പ് യുദ്ധം തുടങ്ങിയപ്പോള്‍ സുരക്ഷിത സ്ഥലമെന്ന രീതിയില്‍ അടുത്ത മെട്രോയുടെ ബങ്കറിലേക്ക് വിദ്യാര്‍ഥികള്‍ മാറാനായി യൂണിവേഴ്സിറ്റി അധികൃതരാണ് മുന്നറിയിപ്പ് നല്‍കിയത്.
അതനുസരിച്ച് സുറുമിയും യൂണിവേഴ്സിറ്റിയിലെ 15 ഓളം പേര് വരുന്ന മലയാളി വിദ്യാര്‍ഥികളും മെട്രോ പെരിമോഹയിലെ ബങ്കറിനുള്ളിലേക്ക് മാറി.
ബങ്കറിലുള്ളത് 600 പേർ
ഇന്ത്യക്കാരും യുക്രെയ്ന്കാരുമുള്പ്പെടെ 600 ഓളം പേരാണ് ഈ ബങ്കറിനുള്ളില്‍ തിങ്ങിക്കഴിയുന്നത്. ബങ്കറിനുള്ളില്‍ വന്ന ആദ്യദിനങ്ങളില്‍ രണ്ടു ദിവസം രാവിലെ 11 നും 12 നുമിടയില്‍ ഹോസ്റ്റലില്‍ പോയി ഫ്രഷ് ആകാനും ഭക്ഷണം തയാറാക്കിക്കൊണ്ടുവരാനുമൊക്കെ അനുമതി കിട്ടിയിരുന്നു.
എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച മുതല്‍ സ്ഥിതിഗതികള്‍ അതീവ രൂക്ഷമാണെന്ന് സുറുമി പറയുന്നു. “ഇന്ത്യന്‍ എംബസിയില്‍നിന്നും യുക്രെയ്ന് സൈന്യത്തില്‍നിന്നും ബങ്കര്‍ വിട്ട് പുറത്തിറങ്ങരുതെന്ന സന്ദേശമാണ് ലഭിച്ചിരിക്കുന്നത്. രണ്ടു ദിവസമായി ഇവിടെ യുദ്ധം ശക്തമാണ്.
ഭക്ഷണം കിട്ടാനില്ല
രണ്ടു ദിവസം മുമ്പ് ബങ്കറിനു പുറകുവശത്തേ വാതിലിലൂടെ ഭക്ഷണം വാങ്ങാനായി സൂപ്പര്‍മാര്‍ക്കറ്റില്‍ പോകാന്‍ യുക്രെയ്ന് സൈന്യം ഞങ്ങളെ അനുവദിച്ചു. അവിടെയൊന്നും ഭക്ഷണസാധനങ്ങള്‍ കിട്ടാനില്ല.
കുറച്ചും ബിസ്ക്കറ്റും മിഠായിയും വെള്ളവും മാത്രമാണ് കിട്ടിയത്. അത് ഇന്ന് വൈകുന്നേരത്തോടെ തീരും. എടിഎമ്മില്‍ പണമില്ല. ഇടയ്ക്ക് നെറ്റ് കട്ടാകും.
വൈദ്യുതി തടസവുമുണ്ട്. മൊബൈലിന്റെ ടോര്‍ച്ച് ഓണാക്കി വയ്ക്കും. ഈ ബങ്കറില്‍ 300 ഓളം ഇന്ത്യക്കാരാണ് ഉള്ളത്. ഇന്ത്യക്കാരില്‍ കൂടുതലും വിദ്യാര്‍ഥികളാണ്.
സ്വദേശികള്‍ തങ്ങളുടെ വളര്‍ത്തു നായകളെയും കൂടെ കൂട്ടിയിട്ടുണ്ട്. ബാത്ത് റൂമില്‍ പോകാനും ഫോണ്‍ ചാര്‍ജ് ചെയ്യാനുമൊക്കെ ഏറെ നേരം കാത്തിരിക്കണം.
എല്ലായിടത്തും നീണ്ട ക്യൂ ആണ്. ശനിയാഴ്ച ബങ്കറിനടുത്ത് ആദ്യ ബോംബ് വീണപ്പോള്‍ ഭയന്നു പോയി. ഇവിടെ നല്ല തണുപ്പാണ്.
കഴിഞ്ഞ ദിവസം ബങ്കറില്‍നിന്ന് പത്തു മിനിറ്റ് ദൂരമുള്ള ഹോസ്റ്റലില്‍ പോയി ഞങ്ങള്‍ മടങ്ങും വഴി സമീപത്തെ രണ്ടു ഫ്ളാറ്റുകളില്‍ മിസൈല്‍ വീണ് മുകള്‍ നില കത്തുന്നതു കണ്ടു.
ഹോസ്റ്റലിലേക്കു പോയ ചില കുട്ടികള്‍ക്ക് തിരികെ ബങ്കറിലേക്ക് എത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അവര്‍ ഹോസ്റ്റലിന്റെ താഴത്തെ നിലയില്‍ നില്‍ക്കുകയാണ്. സുറുമി പറയുന്നു.
ഏറ്റവും അടുത്ത അതിർത്തി റഷ്യ
കഴിഞ്ഞ ദിവസങ്ങളിലൊക്കെ സ്വന്തമായി റൊമാനിയയിലേക്കും പോളണ്ടിലേക്കുമൊക്കെ കുട്ടികള്‍ നടന്നു പോയിരുന്നു. അത്തരം സാഹചര്യം ഒഴിവാക്കണമെന്നാണ് യൂണിവേഴ്സിറ്റിയും ഇന്ത്യന്‍ എംബസിയും നിര്‍ദേശിച്ചിരിക്കുന്നത്.
മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കുറച്ചുപേര്‍ ഏഴുമണിക്കൂര്‍ നടന്ന് പോളണ്ടിലെ പെട്രോള്‍ പമ്പിനു സമീപം എത്തിയിരുന്നു. അവരെക്കുറിച്ചും ഒരു വിവരവും ഇപ്പോള്‍ ലഭിക്കുന്നില്ല.
അതിര്‍ത്തി പ്രദേശങ്ങളിലേക്ക് നടന്നു പോകുന്ന പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും നേരേ ആക്രമണവും ഉണ്ടാകുന്നുണ്ട്. വടക്കന്‍ പ്രദേശത്തുള്ളവര്‍ സുരക്ഷിത സ്ഥലമായ ബങ്കറില്‍ തന്നെ ഇരിക്കാനാണ് ഇന്ത്യന്‍ എംബസി അറിയിച്ചിരിക്കുന്നത്.
ഞങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള ഏറ്റവും അടുത്ത പ്രദേശം അതിര്‍ത്തിയായ റഷ്യയാണ്. പോളണ്ട്, റുമേനിയ എന്നിവിടങ്ങളിലേക്ക് പോകണമെങ്കില്‍ റോഡുമാര്‍ഗം 12 മണിക്കൂര്‍ സഞ്ചരിക്കണം.
അത് വളരെയധികം റിസ്കാണ്. റഷ്യയില്‍നിന്ന് അനുമതി കിട്ടിയാലെ ഇവിടെനിന്ന് രക്ഷപ്പെടാനാവൂ. ഇന്ത്യന്‍ എംബസി ഇതിനായി ഞങ്ങളെ സഹായിക്കണമെന്നാണ് ഞങ്ങളുടെ അപേക്ഷ’- സുറുമി പറയുന്നു.