പത്തനംതിട്ട: പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പിടിച്ചുപറി, മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍.
കായംകുളം കൃഷ്ണപുരം കളീക്കത്തറ വടക്കേതില്‍ സജിത്ത് കുമാറിനെയാണ് (സച്ചു – 36) അടൂര്‍ പോലീസ് സാഹസികമായി കുടുക്കിയത്.
രണ്ടു ദിവസം മുമ്പ് അടൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ പിടിച്ചുപറി നടത്തിയ ശേഷം, പലയിടങ്ങളില്‍ കറങ്ങിനടന്ന മോഷ്ടാവിനെ, പ്രത്യേക അന്വേഷണസംഘം നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് വലയിലാക്കിയത്.
ഇതോടെ കഴിഞ്ഞ ആറുമാസത്തിനിടയില്‍ അടൂര്‍ സ്റ്റേഷന് പരിധിയില്‍ നടന്ന മോഷണം, പിടിച്ചുപറി, കവര്‍ച്ച കേസുകളിലെ മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ കഴിഞ്ഞതായി പോലീസ് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.
പന്തളം, കോന്നി, അടൂര്‍ എന്നീ സ്റ്റേഷനുകളിലും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്.
മോഷ്ടിച്ച ബൈക്കില്‍ കറങ്ങിനടന്നാണ് ഇയാള്‍ പിടിച്ചുപറി നടത്തിയിരുന്നത്.
ആലപ്പുഴ കൊല്ലം മാവേലിക്കര എന്നിവിടങ്ങളിലുള്ള പോലീസ് സ്പെഷല്‍ സ്ക്വാഡുകള്‍ കാലങ്ങളായി തെരഞ്ഞുകൊണ്ടിരുന്ന അന്തര്‍ ജില്ലാ മോഷ്ടാവാണ് ഇയാള്‍.
അടൂര്‍ ഡിവൈഎസ്പി ആര്. ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രണ്ടുദിവസം തുടര്‍ച്ചയായി നടത്തിയ തെരച്ചിലില്‍ ഓച്ചിറയില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് സജിത്ത് കുമാറിനെ കസ്റ്റഡിയിലെടുത്തത്.
കൊട്ടാരക്കരയില്‍ നിന്നും മോഷ്ടിച്ച ബൈക്കില്‍ കറങ്ങിയാണ് ഇപ്പോള്‍ പിടിച്ചുപറി നടത്തിയത്.
ഇതുകൂടാതെ വേറൊരു ബൈക്കും ഇയാള്‍ക്കുണ്ട്. പോലീസിനെ കബളിപ്പിക്കാന്‍ ബൈക്കിന് വ്യാജ നമ്പര്‍ പിടിപ്പിക്കുകയും ഇടയ്ക്കിടെ വസ്ത്രം മാറി നടക്കുകയും ചെയ്യുക പതിവാണ്. സ്ഥിരമായ താമസസ്ഥലമില്ല, പുറമ്പോക്ക് പോലുള്ള സ്ഥലങ്ങള്‍, ആളില്ലാത്ത വീടുകള്‍, വര്‍ക്കല, ആയിരംതെങ്ങ് തുടങ്ങിയ കടല്‍ തീരപ്രദേശങ്ങള്‍, കനാല്‍ പുറമ്പോക്ക്, ആറ്റുതീരം തുടങ്ങിയ ഇടങ്ങളില്‍ അന്തിയുറങ്ങുന്ന ഇയാള്‍, പുലര്‍ച്ചെ എഴുന്നേറ്റ് മോഷണത്തിനായി നീങ്ങുകയാണ് പതിവ്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല.
മൂന്നു ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി നേരത്തെ 25 ഓളം കേസുണ്ടായിരുന്നു. നിലവില്‍ മാവേലിക്കര, അടൂര്‍, പന്തളം, കോന്നി, വെണ്മണി, പുത്തൂര്‍, കൊട്ടാരക്കര തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി മാല പറിക്കല്‍, മോഷണം എന്നീ കുറ്റകൃത്യങ്ങള്‍ക്ക് 12 കേസുകളുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ജയിലില്‍ നിന്നിറങ്ങിയ പ്രതി തുടര്‍ച്ചയായി മോഷണവും മറ്റും നടത്തി പല ജില്ലകളില്‍ വിഹരിച്ചുവരികയായിരുന്നു.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ പോലീസ് പലതവണ പിടിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ ഇയാള്‍ വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു പതിവ്. പ്രത്യേക അന്വേഷണ സംഘത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷ്, എസ്ഐമാരായ എം. മനീഷ്, വിമല്‍ രംഗനാഥു, സിപിഒമാരായ സൂരജ് ആര്. കുറുപ്പ്, ഡാന്‍സാഫ് സംഘത്തിലെ സിപിഒമാരായ സുജിത്, അഖില്‍ എന്നിവരാണ് ഉണ്ടായിരുന്നത്.