കാലടി: വിദ്യാർഥിയായ 10 വയസുള്ള ആദിത്യന്റെ അവസരോചിത ഇടപെടൽമൂലം വൻ അപകടം ഒഴിവായി.
ഡ്രൈവർ ഇല്ലാത്ത സമയത്ത് നീങ്ങിത്തുടങ്ങിയ സ്കൂൾ ബസിന്റെ ബ്രേക്ക് ചവിട്ടി നിർത്തി സഹപാഠികളുടെ രക്ഷകനായി മാറിയിരിക്കുകയാണ് ആദിത്യൻ.
ശ്രീമൂലനഗരം അകവൂർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം.
സ്കൂൾ കഴിഞ്ഞ് കുട്ടികൾ വീട്ടിലേക്ക് പോകാനായി ബസിൽ കയറിയിരിക്കുകയായിരുന്നു. ചെറിയ ഇറക്കമുള്ള ഭാഗത്താണ് ബസ് പാർക്ക് ചെയ്തിരുന്നത്.
ഡ്രൈവർ ചായ കുടിക്കാനായി അടുത്ത കടയിൽ പോയിരിക്കുകയായിരുന്നു. ഇതിനിടെ ബസ് പതുക്കെ നീങ്ങിതുടങ്ങിയിരുന്നു. ബസിലെ കുട്ടികൾ കരച്ചിലും ബഹളവുമായി ഒച്ചവച്ചു.
ഗ്രൗണ്ടിൽ കിടന്ന ബസ് തനിയെ നീങ്ങുന്നത് കണ്ട് ആദിത്യൻ ഓടിവന്നു വണ്ടിയിൽ കയറി ബ്രേക്ക് ചവിട്ടി വാഹനം നിർത്തുകയായിരുന്നു.
25 ഓളം വിദ്യാർഥികളാണ് ബസിൽ ഉണ്ടായിരുന്നത്. ശ്രീമൂലനഗരം പഞ്ചായത്തിലെ ശ്രീഭൂതപുരം വാരിശേരി വീട്ടിൽ രാജേഷിന്റെ മകനാണ് ആദിത്യൻ.