കോട്ടയം: കോട്ടയം നഗരത്തിലെ മാലിന്യങ്ങൾ എന്തു ചെയ്യണമെന്നറിയാതെ നഗരസഭ. നഗരത്തിലെ 20ൽപ്പരം സ്ഥലങ്ങളിലാണ് മാലിന്യങ്ങൾ ചാക്കിൽക്കെട്ടി അടുക്കി സൂക്ഷിച്ചിരിക്കുന്നത്.
മാലിന്യമല വർധിക്കുന്നതോടെ മുക്കുപൊത്തിയാണ് ജനങ്ങൾ ഇതുവഴി കടന്നുപോകുന്നത്. നാഗന്പടം ഇൻഡോർ സ്റ്റേഡിയത്തിന് സമീപം, ശ്രീനിവാസ അയ്യർ റോഡ്, പാരഗണിനുസമീപം, തിരുനക്കര ബിഎസ്എൻഎല്ലിന് പുറകിൽ, കാരാപ്പുഴ, തെക്കും ഗോപുരം, ബാലഭവനു സമീപം, ചിറയിൽ പാടം, ഉപയോഗശൂന്യമായ കഞ്ഞിക്കുഴി ബസ് സ്റ്റാൻഡ്, കോടിമത, പുത്തനങ്ങാടി റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് മാലിന്യങ്ങൾ ചാക്കിൽ നിറച്ചു മതിൽപോലെ കൂട്ടിയിട്ടിരിക്കുകയാണ്.
നഗരവാസികളും വ്യാപാരികളും പലതവണ നഗരസഭ അധികാരികളോടെ പരാതി പറഞ്ഞിട്ടും നഗരസഭയ്ക്കു കുലുക്കമില്ല. വേനൽ കടുത്തതോടെ നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾക്കു തീപിടിക്കുന്നതും പതിവായിരിക്കുകയാണ്.
നാഗന്പടം മൈതാനത്ത് ഒരുമാസം മുന്പും മണിപ്പുഴയിൽ കഴിഞ്ഞ ആഴ്ചയിലും ശാസ്ത്രിറോഡിൽ കഴിഞ്ഞദിവസവും തീപിടിത്തമുണ്ടായിരുന്നു. ഇതിനുപുറമെ അടച്ചുപൂട്ടിക്കിടക്കുന്ന വടവാതൂർ ഡംപിംഗ് യാർഡിലും തീപിടിത്തം പതിവാണ്.
2013ൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള വടവാതൂർ ഡന്പിംഗ് യാർഡ് അടച്ചുപൂട്ടിയതിനുശേഷം നഗരസഭ മാലിന്യങ്ങൾ സംസ്കരിച്ചിട്ടില്ല. ഇതോടെയാണ് നഗരത്തിൽ മാലിന്യം കുന്നുകൂടി തുടങ്ങിയത്.
കൂട്ടിയിട്ടിരിക്കുന്ന മാലിന്യം കോടിമതയിലും മണിപ്പുഴയിലുമുള്ള തരിശ് നിലങ്ങളിൽ കുഴികുത്തി മൂടുകയുമാണ് നഗരസഭ ചെയ്യുന്നത്. ഇത് നിലച്ചതാണു മാലിന്യമല കൂടാൻ കാരണം.
ക്ലീൻ കോട്ടയം പദ്ധതി പ്രകാരം നഗരവാസികളോട് മാലിന്യ സംസ്കരണ ഉപാധികൾ നല്കാമെന്ന് പറഞ്ഞ് നഗരസഭാ അധികൃതർ പണം വാങ്ങിയെങ്കിലും ഇന്നും അവ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.
വർഷങ്ങൾക്കുമുന്പ് കൊട്ടിഘോഷിച്ചു കോടിമതയിലും നാഗന്പടത്തും സ്ഥാപിച്ച മാലിന്യ സംസ്കരണ സംവിധാനങ്ങൾ പ്രവർത്തനരഹിതമാണ്.
ആദ്യം കുറച്ചുനാൾ പ്രവർത്തിച്ചതൊഴിച്ചാൽ പീന്നിട് ആരും ഇവിടേക്ക് തിരിഞ്ഞു നോക്കാത്ത സ്ഥിതിയാണ്. അടിയന്തരമായി നഗരത്തിലെ മാലിന്യ പ്രശ്നത്തിനു ശാശ്വത പരിഹാരം കണ്ടെത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.