കോട്ടയം: പൊൻപള്ളി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ മോഷണം നടത്തുന്നതിനിടെ രണ്ടു യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു.
അയർക്കുന്നം സ്വദേശികളായ അശ്വിൻ, ശരത്ത് എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് കൂടുതൽ ചോദ്യംചെയ്തുവരികയാണ്.
ഇന്നു പുലർച്ചെ 12.30നു കളത്തിപ്പടി- പൊൻപള്ളി റോഡിനോടു ചേർന്നുള്ള കുരിശുംതൊട്ടിയിലെ നേർച്ചപ്പെട്ടി, പള്ളിമുറ്റത്തെ സ്റ്റീൽ നേർച്ചപ്പെട്ടി, ഓഫീസ് മുറി എന്നിവിടങ്ങളിലാണ് മോഷണം നടത്തിയത്.
ബൈക്കിലെത്തിയ യുവാക്കൾ റോഡരികിലെ നേർച്ചപ്പെട്ടി കുത്തിപ്പൊളിച്ചു പണം അപഹരിച്ചു. ശബ്്ദംകേട്ട അയൽവാസി സംശയം തോന്നി മറ്റ് അയൽവാസികളെ ഫോണിൽ വിവരമറിയിക്കുകയായിരുന്നു.
രണ്ടു നേർച്ചപ്പെട്ടിയിലെയും പണം എടുത്തശേഷം ഓഫീസ് മുറിയുടെ വാതിൽ തുറന്ന് അലമാരയിലെ പണം എടുക്കുന്നതിനിടയിലാണ് നാട്ടുകാർ സംഘടിച്ചെത്തിയത്.
ആളുകൾ എത്തുന്നതു കണ്ടതോടെ ഇവർ പള്ളിയുടെ പിന്നിലുടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാർ മോഷ്ടാക്കളെ വളഞ്ഞിട്ടു പിടിക്കുകയായിരുന്നു.
മോഷ്്ടാക്കൾ ഓടുന്നതിനിടെ ഇവരുടെ കൈയിലുണ്ടായിരുന്ന പണം പള്ളിമുറ്റത്ത് ചിതറിവീണിരുന്നു. പീന്നിട് കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ യു. ശ്രീജിത്ത്, എസ്ഐ എം.എച്ച്്. അനുരാജ് എന്നിവർ സ്ഥലത്തെത്തി മോഷ്്ടാക്കളെ പിടികൂടുകയായിരുന്നു. ഇവർ എത്തിയ ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഏതാനും നാളുകളായി കോട്ടയത്തും സമീപ പ്രദേശങ്ങളിലുള്ള ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചു ധാരാളം മോഷണം നടന്നിരുന്നു. ഈ മോഷണങ്ങൾക്കു പിന്നിലും ഇവർ തന്നെയാണോ എന്നും പോലീസ് പരിശോധിച്ചുവരികയാണ്.