പാലോട്: ഭാര്യ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ പാലോട് സ്വദേശി ഷിജുവിന്റെ ജീവിതം ഒരു സിനിമാക്കഥ പോലെ സംഭവബഹുലം.
എട്ടു വർഷം മുമ്പ് അൻപതു ലക്ഷം രൂപ നറുക്കെടുപ്പിലൂടെ ലഭിച്ച ഷിജു ആ പണംകൊണ്ട് സ്ഥലം വാങ്ങി അവിടെ തന്റെ സ്വപ്ന ഭവനം പണിതിരുന്നു.
എന്നാൽ, അവിടെ സമാധാനത്തോടെ ജീവിക്കാമെന്നുള്ള ആഗ്രഹത്തിന് ഭാര്യയുടെ സംശയ രോഗം വിലങ്ങു തടിയായി.
ഒടുവിൽ ഭാര്യയയുടെ കൈകൊണ്ടു തന്നെ ഷിജു വിന്റെ അന്ത്യവും സംഭവിച്ചു. മസ്കറ്റിലെ സൂപ്പർ മാർക്കറ്റിൽ നടത്തിയ നറുക്കെടുപ്പിലാണ് ഷീജുവിനു സമ്മാനമായി 50 ലക്ഷം രൂപ ലഭിച്ചത്.
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് ഭാര്യ സൗമ്യ വേലിക്കല്ലിന്റെ ഭാഗവും ടൈൽസ് കഷണവും ഉപയോഗിച്ചു തലയ്ക്കടിച്ചു ക്രൂരമായി ഷിജുവിനെ കൊലപ്പെടുത്തിയത്.കൊലയ്ക്കു ശേഷം വീട്ടിൽ നിന്നിറങ്ങിയ സൗമ്യയെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു.
ചൊവ്വാഴ്ച രാത്രി സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാനായി ഷീജുവും സൗമ്യയും പോയിരുന്നു. ഇതിനിടയിൽ ഷീജു വീട്ടിലേക്കു മടങ്ങി.
വീടിന്റെ പിൻഭാഗത്തെ വാതിലിൽ ഫോൺ ചെയ്തുകൊണ്ടിരുന്ന ഷീജുവിനെ ക്ഷേത്രത്തിൽനിന്നു തിരികെയെത്തിയ സൗമ്യ ആദ്യം വേലിക്കല്ലിന്റെ ഒരു ഭാഗം കൊണ്ടു തലയ്ക്കടിച്ചു.
തുടർന്ന് സമീപത്തു കിടന്ന ടൈൽസിന്റെ ഭാഗം എടുത്തും തലയ്ക്കടിച്ചു. മരണം ഉറപ്പാക്കിയതിനു ശേഷം സൗമ്യ തിരികെ ക്ഷേത്രത്തിലേക്കു മടങ്ങുകയുണ്ടായത്.
സംഭവ സമയം ഇതു വഴി വന്ന സ്വകാര്യ ജീപ്പുകാരോടു സുഖമില്ലാത്തതിനാൽ ആശുപത്രിയിലേക്കു കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും സൗമ്യയുടെ കൈയിൽ രക്തക്കറ കണ്ടതിനെത്തുടർന്നു ജീപ്പുകാർ കൊണ്ടു പോയില്ല.
ഉത്സവമായിരുന്നതിനാൽ ക്ഷേത്രത്തിൽ ധാരാളം പേർ എത്തിയിരുന്നു.ഇവരിൽ ചിലരോടാണ് സൗമ്യ താൻ തന്റെ ഭർത്താവിനെ കൊന്നുവെന്ന് അറിയിച്ചത്.
സംശയം തോന്നിയ നാട്ടുകാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഷീജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഷിജുവിനെക്കുറിച്ചു സൗമ്യയ്ക്കുണ്ടായ ഉണ്ടായ സംശയമാണ് ആ ജീവനെടുത്തത്.