കടുത്തുരുത്തി: കെ -റെയില്‍ പദ്ധതിയുടെ കല്ലിടാന്‍ എത്തിയവര്‍ക്കു നേരെ മുളക്കുളത്ത് വന്‍ പ്രതിഷേധം. കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ഭൂവുടമകളും പ്രതിക്ഷേധവുമായെത്തി.
ഇന്നലെ രാവിലെ പത്തോടെ മുളക്കുളം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍പ്പെടുന്ന അറുനൂറ്റിമംഗലം പാറശേരി തച്ചേട്ട് പുരയിടത്തിലാണ് കല്ലിടീല്‍ ആരംഭിച്ചത്.
തുടര്‍ന്ന് കണ്ണംകരയത്ത് സിജോ, ആമ്പക്കാട്ടേല് മാത്യു, വരീക്കല്‍ ജോയി എന്നിവരുടെ പുരയിടത്തില്‍ കല്ലിടാനെത്തിയപ്പോഴാണ് പ്രതിഷേധക്കാരെത്തിയത്.
ഇതോടെ പ്രതിഷേധമില്ലാത്ത പ്രദേശങ്ങളിലും ആളുകള്‍ സ്ഥലത്തില്ലാത്തതുമായ പുരയിടങ്ങളിലും കല്ലിടീല്‍ നടത്തുകയായിരുന്നു.
ഇന്നലെ രണ്ട് കിലോമീറ്ററോളം ദൂരത്തില്‍ കല്ലുകള്‍ സ്ഥാപിച്ചു. ഇതിനിടെയില്‍ ആമ്പക്കാട്ട് മാത്യുവിന്റെ പുരയിടത്തിലെത്തിയപ്പോള്‍ വെള്ളൂര്‍ പോലീസും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തംഗം സുബിന് മാത്യുവുമായി വാക്കേറ്റമുണ്ടായി.
ആമ്പക്കാട്ടേല് മാത്യുവിന്റെ ഭാര്യയും മകളും പ്രതിഷേധവുമായെത്തിയതോടെ ഇവിടെ കല്ലിടാതെ ഉദ്യോഗസ്ഥര്‍ മടങ്ങി. കോണ്‍ഗ്രസ് മുളക്കുളം മണ്ഡലം പ്രസിഡന്റ് ജെഫി ജോസഫ്, ബിജെപി പഞ്ചായത്ത് പ്രസിഡന്റെ അജീഷ് വി.നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കാരെത്തിയത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സുബിന് മാത്യു, സിറിയക് ജോസഫ്, എം.സി. സുരേഷ്, ജിത്തു കരിമാടത്ത്, അക്ഷയ് പുളിയ്ക്കക്കുഴി, ബിജെപി പ്രവര്‍ത്തകരായ മധു, സുരേഷ് കൊച്ചുപുരയ്ക്കല്‍, ബാനര്‍ജി തുടങ്ങിയവര്‍ പങ്കെടുത്തു. വെള്ളൂര്‍ എസ്എച്ച്ഒ എ.പ്രസാദിന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.