തിരുവല്ല: ഫ്ളാറ്റില്‍ തനിച്ചു താമസിച്ചിരുന്ന വയോധികന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം കവര്‍ന്ന കേസില്‍ പുരുഷ ഹോം നഴ്സിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു.
പത്തനാപുരം കണ്ടയം വീട്ടില്‍ രാജീവാണ് (38) അറസ്റ്റിലായത്. തിരുവല്ല ചിലങ്ക തിയറ്ററിന് സമീപത്തെ ബി.ടെക് ഫ്ളാറ്റിലെ താമസക്കാരനായ പി.എ. ഏബ്രഹാമിന്റെ പണമാണ് എടിഎമ്മിലൂടെ പല തവണയായി രാജീവ് കവര്‍ന്നത്.
തനിച്ചു താമസിച്ചിരുന്ന ഏബ്രഹാമിനെ പരിചരിക്കാനായി പുനലൂരിലെ ഒരു ഏജന്‍സി മുഖേന ഇക്കഴിഞ്ഞ ജനുവരിയിലാണ് രാജീവ് ഫ്ളാറ്റില്‍ ജോലിക്കെത്തിയത്.
അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏബ്രഹാമിന്റെ എടിഎം കാര്‍ഡ് കൈക്കലാക്കി കാര്‍ഡിന്റെ കവറില്‍ രേഖപ്പെടുത്തിയിരുന്ന പിന് നമ്പര്‍ ഉപയോഗിച്ച് പലതവണയായി ഒന്നരലക്ഷത്തോളം രൂപ വിവിധ എടിഎമ്മുകളില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു.
വിദേശത്തുള്ള മകന് പണം അയച്ചത് അറിയിക്കാന്‍ കഴിഞ്ഞ ദിവസം ഏബ്രഹാമിനെ വിളിച്ചപ്പോള്‍ സംശയമുണ്ടായതിനെ തുടര്‍ന്ന് ബാങ്കില്‍ ബന്ധപ്പെടുകയായിരുന്നു.
തുടര്‍ന്ന് ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഏബ്രഹാം അറിയാതെ പലതവണയായി ബാങ്കില്‍ നിന്നും പണം നഷ്ടമായ വിവരം അറിയുന്നത്. ഇതേതുടര്‍ന്ന് ഇദ്ദേഹം തിരുവല്ല പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് രാജീവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.