പാലാ: വിവാഹ വാഗ്ദാനം നൽകി മൂന്നു വർഷക്കാലം ഒരുമിച്ച് ജീവിച്ചശേഷം യുവതിയെയും കുഞ്ഞിനെയും ഉപേക്ഷിച്ച യുവാവ് പിടിയിൽ.
അകലകുന്നം കാഞ്ഞിരമറ്റം പാറയിൽ ഹരികൃഷ്ണനെയാണ് പാലാ എസ്എച്ച്ഒ കെ.പി. തോംസണ്‍ അറസ്റ്റ് ചെയ്തത്.
2015 ൽ വിവാഹിതയായ പീരുമേട് സ്വദേശിനിയായ യുവതി ഭർത്താവുമായുള്ള പൊരുത്തക്കേടുകൾ മൂലം പിരിഞ്ഞ് താമസിക്കവേ പ്രതിയായ ഹരികൃഷ്ണനുമായി അടുപ്പത്തിലാകുകയായിരുന്നു.
തുടർന്ന് വിവാഹം കഴിച്ചുകൊള്ളാം എന്ന ഉറപ്പിൽ 2018 മുതൽ യുവതി ജെസിബി ഓപ്പറേറ്ററായ പ്രതിയോടൊപ്പം താമസിക്കവേ ഗർഭിണിയായി.
ഇതിനിടെ പ്രതി കൊല്ലത്ത് നഴ്സിംഗ് വിദ്യാർഥിനിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായി.
തുടർന്ന് നഴ്സിംഗ് വിദ്യാർഥിനിയുമായി വിവാഹം ഉറപ്പിച്ചു എന്നും യുവതിയോട് പറഞ്ഞു.
2022 ജനുവരിയിൽ യുവതി ഒരു കുഞ്ഞിനു ജന്മം നൽകി. തുടർന്ന് പ്രതി യുവതിയെ ശാരീരികമായും മാനസികമായും ഉപദ്രവം ആരംഭിച്ചു.
സിഡബ്ല്യുസിയിൽ പരാതി നൽകിയ യുവതിയും കുഞ്ഞും കുറേക്കാലം വണ്ടൻപതാലുള്ള ആശ്രമത്തിൽ താമസിച്ചു.
തുടർന്ന് അവിടെ നിന്നും പ്രതി യുവതിയെ വിവാഹം കഴിച്ചുകൊള്ളാം എന്ന ധാരണയിൽ വീണ്ടും സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
തുടർന്നും പീഡനം തുടർന്നതിനെതുടർന്ന് യുവതി പാലാ ഡിവൈഎസ്പി ഷാജു ജോസിന് പരാതിനൽകി.
യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പോലീസ് പ്രതിയായ ഹരികൃഷ്ണനെ പിടികൂടുകയായിരുന്നു.
പാലാ എസ്എച്ച്ഒ കെ.പി. തോംസണ്‍, എസ്ഐ ഷാജി സെബാസ്റ്റ്യൻ, എഎസ്ഐ ബിജു കെ. തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, സിവിൽ പോലീസ് ഓഫീസർ സി. രഞ്ജിത്ത് എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.