കാൻബറ: സ്പിൻ ബൗളിംഗ് എന്ന കലയ്ക്കു പുനർനിർവചനം നല്കിയ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ (52) അന്തരിച്ചു.
തായ്ലൻഡിലെ കോ സമുയിലെ വീട്ടിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. വിഖ്യാത ഓസീസ് വിക്കറ്റ് കീപ്പർ റോഡ്നി മാർഷിന്റെ വേർപാടിന്റെ നൊന്പരത്തിനിടെ ഷെയ്ൻ വോണിന്റെ മരണം ക്രിക്കറ്റ് ലോകത്തെ ദുഃഖത്തിലാഴ്ത്തി. മാർഷിന്റെ നിര്യാണത്തിൽ അനുശോചിച്ച് ഇന്നലെ രാവിലെ വോൺ ട്വീറ്റ് ചെയ്തിരുന്നു.
ലോകം കണ്ട എക്കാലത്തെയും മികച്ച ലെഗ് സ്പിന്നറായ വോൺ ടെസ്റ്റ് ക്രിക്ക റ്റിൽ 708 വിക്കറ്റ് നേടിയിട്ടുണ്ട്.
ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരൻ (800) കഴിഞ്ഞാൽ ഏറ്റവുമധികം വിക്കറ്റ് വോണിനാണ്.
2008ൽ പ്രഥമ ഐപിഎൽ കിരീടം രാജസ്ഥാൻ റോയൽസ് നേടിയതു വോണിന്റെ നായകത്വത്തിലാണ്.
നൂറ്റാണ്ടിലെ അഞ്ചു ക്രിക്കറ്റ് താരങ്ങളിലൊരാളായി വോണിനെ വിസ്ഡൻ തെരഞ്ഞെടുത്തിരുന്നു.
1969 സെപ്റ്റംബർ 13നു ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തായിരുന്നു ഷെയ്ൻ കീത്ത് വോൺ ജനിച്ചത്. 1992 ജനുവരി രണ്ടിനു സിഡ്നിയിൽ ഇന്ത്യക്കെതിരേ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചു.
ഡബിൾ സെഞ്ചുറി നേടിയ രവി ശാസ്ത്രിയെ വീഴ്ത്തിയാണു വോൺ വിക്കറ്റ് വേട്ടയ്ക്കു തുടക്കം കുറിച്ചത്.
ഗ്ലെൻ മക്ഗ്രാത്ത്-ഷെയ്ൻ വോൺ പേസ്-സ്പിൻ ദ്വയം എതിരാളികളുടെ ഉറക്കം കെടുത്തിയിരുന്നു. വോണിനെ നേരിടാൻ വയ്യാതെ ഓസീസിനെതിരേയുള്ള പരന്പരകളിൽനിന്ന് പ്രഗല്ഭ ബാറ്റർമാർ വിട്ടുനിന്ന സംഭവമുണ്ടായിട്ടുണ്ട്.
പേസർമാർ തളരുന്പോൾ പന്ത് ഏൽപ്പിക്കുന്ന സാദാ സ്പിന്നറായിരുന്നില്ല വോൺ; ഓസീസ് ആക്രമണത്തിന്റെ കുന്തമുനയായിരുന്നു.
വോണിന്റെ മാന്ത്രികവിരലുകൾ അലൻ ബോർഡറിനും മാർക് ടെയ്ലറിനും സ്റ്റീവ് വോയ്ക്കും റിക്കി പോണ്ടിംഗിനും അനവധി ടെസ്റ്റ് പരന്പര വിജയം സമ്മാനിച്ചു.
194 ഏകദിന മത്സരങ്ങളിൽ 293 വിക്കറ്റ് വീഴ്ത്തിയ വോൺ 1999ൽ ഓസീസിനെ ലോക ചാന്പ്യന്മാരാക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ചു.
15 വർഷത്തിനിടെ 145 ടെസ്റ്റുകളാണു വോൺ കളിച്ചത്. ഇന്ത്യക്കെതിരേ മാത്രമാണു വോണിന് അധികം തിളങ്ങാൻ കഴിയാത്തത്. കരിയറിൽ എന്നും ഉയർച്ചകൾ മാത്രമുള്ള ലെഗ് സ്പിന്നറായിരുന്നു അദ്ദേഹം.
കരിയറിന്റെ അവസാനവർഷങ്ങളിൽ മികച്ച ഫോമിലായിരുന്നു താരം. 2005ൽ 15 ടെസ്റ്റുകളിൽനിന്നു 96 വിക്കറ്റാണു വോൺ സ്വന്തമാക്കിയത്.
ഒരു കലണ്ടർ വർഷത്തിലെ റിക്കാർഡാണിത്. ഇംഗ്ലണ്ടിനെതിരേ മാത്രം 36 ടെസ്റ്റുകളിൽ 195 വിക്കറ്റ് നേടി.
മികച്ച ബാറ്റർ കൂടിയായ വോൺ പ്രതിസന്ധി ഘട്ടങ്ങളിൽ ഓസീസിനു തുണയായിട്ടുണ്ട്. 3,154 റൺസാണു ടെസ്റ്റിലെ സന്പാദ്യം.
ഉയർന്ന സ്കോർ 99. സെഞ്ചുറിയില്ലാതെ ഏറ്റവും അധികം ടെസ്റ്റ് റൺസ് നേടിയതിന്റെ റിക്കാർഡ് വോണിന്റെ പേരിലാണ്!
2013ൽ ക്രിക്കറ്റിൽനിന്ന് വോൺ വിരമിച്ചു. 2007ൽ ഓസ്ട്രേലിയ-ശ്രീലങ്ക ടെസ്റ്റ് ക്രിക്കറ്റ് പരന്പരയ്ക്കു വോൺ-മുരളീധരൻ ട്രോഫി എന്നു നാമകരണം ചെയ്തു. ഇതിഹാസതാരങ്ങളോടുള്ള ആദരത്തിന്റെ ഭാഗമായിരുന്നു ഇത്.