ഏറ്റുമാനൂർ: പട്ടിത്താനം പൊയ്കപ്പുറം രാജീവ് ഗാന്ധി കോളനിയിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പോലീസ് സ്റ്റേഷന്റെ ഗ്രിൽ തകർക്കാൻ ശ്രമിക്കുകയും ചെയ്തയാൾ അറസ്റ്റിൽ.
ഇതേ കോളനിയിൽ താമസിക്കുന്ന നവാസ് (47) ആണ് അറസ്റ്റിലായത്. ഇയാൾ നിരവധി കേസുകളിലെ പ്രതിയാണ്.രാജീവ് ഗാന്ധി കോളനിക്ക് സമീപം ഷറഫ്നിസയുടെ കടയിൽ വടിവാളുമായി എത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഇയാളെ അറസ്റ്റ് ചെയ്യാൻ തയാറായില്ലെന്നാരോപിച്ച് ഇന്നലെ രാത്രി സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനു മുന്നിൽ പായ വിരിച്ചു കിടന്ന് ഉപരോധസമരം നടത്തി.
രാത്രി 12 ന് മന്ത്രി വി.എൻ. വാസവൻ ഇടപെട്ടതിനെത്തുടർന്നാണ് നവാസിനെ അറസ്റ്റ് ചെയ്യാൻ പോലീസ് തയാറായത്.
ഇന്നലെ രാത്രി 7.30നാണ് നവാസ് ഷറഫ്നിസയുടെ കടയിൽ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഷറഫ്നിസയുടെ അംഗപരിമിതയായ അമ്മ ഐഷ(76)യ്ക്കും രണ്ടു കുട്ടികൾക്കും നേരെയും ഇയാൾ വടിവാൾ വീശി ഭീഷണിപ്പെടുത്തി.
വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസിനു നേരെ വടിവാൾ വീശുകയും കല്ലെറിയുകയും ചെയ്തു. എണ്ണത്തിൽ കുറവായിരുന്ന പോലീസ് ഇതോടെ പിൻ വാങ്ങി.
ഐഷയുൾപ്പെടെയുള്ളവർ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. തങ്ങളുടെ മൊഴിയെടുക്കാൻ പോലും പോലീസ് തയാറായില്ലെന്ന് ഐഷ ഉൾപ്പെടെയുള്ളവർ ആരോപിച്ചു. ഇതേത്തുടർന്നാണ് ഇവർ സ്റ്റേഷനു മുന്നിൽ ഉപരോധം നടത്തിയത്.