കീവ്: അധിനിവേശത്തിന്റെ പത്താം ദിനത്തിലും ആക്രമണം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് റഷ്യ.
മരിയുപോൾ നഗരം റഷ്യൻ സേന പൂർണമായും തകർത്തതായാണ് റിപ്പോർട്ടുകൾ.
കീവിലും ഖാർകീവിലും സുമിയിലും തുടർച്ചയായി ഷെല്ലാക്രമണം ഉണ്ടായി.റഷ്യൻ സേനയുടെ നിയന്ത്രണത്തിലായ കിഴക്കൻ യുക്രെയ്നിലെ എനർഹോദാർ നഗരത്തിലുള്ള സപ്പോറിക്ഷ്യ ആണവനിലയത്തിന് നേരേ വെടിയുതിർത്തതായുള്ള റിപ്പോർട്ടുകൾ റഷ്യ തള്ളി. കൂടുതൽ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള തയാറെടുപ്പുകൾ റഷ്യ നടത്തുന്നതായി യുഎസ് ആരോപിക്കുന്നു.
രൂക്ഷ വിമർശനം
യുക്രെയ്നിൽ വ്യോമ നിരോധന മേഖല പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളിയ നാറ്റോയുടെ തീരുമാനത്തിനെതിരേ രൂക്ഷവിമർശനവുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി.
റഷ്യൻ മിസൈലുകളിൽ നിന്നും യുദ്ധ വിമാനങ്ങളിൽ നിന്നും യുക്രെയ്ന്റെ വ്യോമ മേഖലയെ സംരക്ഷിക്കാനായിരുന്നു യുക്രെയ്ൻ നാറ്റോയോട് സഹായമഭ്യർത്ഥിച്ചത്.
എന്നാൽ യുക്രെ യ്ൻ ആവശ്യം നാറ്റോ തള്ളി. നാറ്റോയുടെ തീരുമാനത്തെ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പിന്തുണച്ചു.
‘നോ ഫ്ളൈ സോണ്‍’ കൊണ്ട് അർത്ഥമാക്കുന്നത് യുക്രെയ്ൻ വ്യോമാതിർത്തിയിൽ നാറ്റോയുടെ വിമാനങ്ങൾ റഷ്യൻ വിമാനങ്ങളെ വെടിവെച്ചിടുക എന്നാണ്. അത് യൂറോപ്പിലേക്ക് തന്നെ പടരുന്ന ഒരു യുദ്ധത്തിലേക്ക് നയിക്കും- ബ്ലിങ്കൻ പറഞ്ഞു.
യുക്രെയ്ന്റെ ആവശ്യം നിരസിച്ച നാറ്റോയുടെ തീരുമാനത്തെ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അപലപിച്ചു. ‘നോ ഫ്ളൈ സോണ്‍’ സ്ഥാപിക്കാനുള്ള അഭ്യർത്ഥന നാറ്റോ നേതൃത്വം തള്ളിയതോടെ യുക്രെയ്ൻ നഗരങ്ങൾക്കും ഗ്രാമങ്ങൾക്കും മേൽ റഷ്യക്ക് കൂടുതൽ ബോംബാക്രമണത്തിനുള്ള പച്ചക്കൊടി കാണിച്ചിരിക്കുകയാണ്.- സെലൻസ്കി പറഞ്ഞു.
യുക്രെയ്നിലെ സപ്പോരിഷ്യ ആണവ നിലയം റഷ്യൻ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയത്തിനു നേരെയുണ്ടായ ആക്രമണത്തെ ‘ആണവ ഭീകരത’യെന്നാണ് സെലൻസ്കി വിശേഷിപ്പിച്ചത്.
റഷ്യയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചാൽ യുക്രെയ്നു മായി ചർച്ചയ്ക്ക് തയ്യാറാണെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അറിയിച്ചത്.
യുക്രെയ്നിലെ നഗരങ്ങളിൽ നടന്ന ബോംബാക്രമണങ്ങളെ പറ്റിയുള്ള വാർത്തകളേയും പുടിൻ തള്ളിക്കളഞ്ഞു. ഇത്തരം പ്രചാരണങ്ങൾ അജണ്ടയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് കൂടിക്കാഴ്ച
യുഎസ് സെനറ്റർമാരുമായി ഇന്ന് സെലൻസ്കി കൂടിക്കാഴ്ച നടത്തും. വീഡിയോ കോൾ വഴിയായിരിക്കും ഈ മീറ്റിംഗെന്ന് യുക്രെയ്ൻ എംബസി വൃത്തങ്ങൾ അറിയിച്ചു.
അതിനിടെ, വ്യാഴാഴ്ച നടന്ന രണ്ടാം വട്ട ചർച്ചകൾക്കുശേഷം, റഷ്യൻ ഉദ്യോഗസ്ഥരുമായി മൂന്നാം വട്ട ചർച്ചകൾ നടത്താൻ പദ്ധതിയിടുകയാണ് യുക്രെയ്ൻ.
വെടിനിർത്തൽ ആവശ്യപ്പെട്ട് ഇന്ത്യ
യുക്രെയ്നിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഇന്ത്യ. യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ പൗരൻമാരെ രക്ഷിക്കാൻ വേണ്ടിയാണ് ഇന്ത്യ വെടിനിർത്തൽ ആവശ്യപ്പെട്ടിരിക്കുന്നത്.