നെടുമങ്ങാട്: ജില്ലയിലെ മലയോര മേഖലയിൽ നിന്ന് കശുമാവിൻ കൃഷി അപ്രത്യക്ഷമാകുന്നു. കശുമാവുകൾ വെട്ടിമാറ്റി വ്യാപകമായി റബർ കൃഷി ആരംഭിച്ചതോടെ കശുമാവുകൾ അപ്രത്യക്ഷമാകാൻ കാരണമെന്ന് കർഷകർ പറയുന്നു.
നെടുമങ്ങാട്,പാലോട് തുടങ്ങിയ സ്ഥലങ്ങളിലും തിരുവനന്തപുരം താലൂക്കിലെ പള്ളിപ്പുറം ഭാഗങ്ങളിലും കശുമാവ് കൃഷി വ്യാപകമായിരുന്നു.പള്ളിപ്പുറത്താണ് കൂടുതൽ കശുമാവ് തോട്ടങ്ങളുണ്ടായിരുന്നത്.
ഇവിടുത്തെ സിആർപിഎഫ് ക്യാമ്പ്, സൈനിക സ്കൂൾ, ടെക്നോ സിറ്റി എന്നിവയ്ക്കായി സ്ഥലമെടുത്തത് കശുമാവ് തോട്ടങ്ങളായിരുന്നു.
ജില്ലയിൽ 1980 നു മുമ്പ് 4000 ടൺവരെ കശുവണ്ടി ഉത്പാദിപ്പിച്ചിരുന്നു.എന്നാൽ ഇന്ന് 1750 ടണിലേക്ക് ഉത്പാദനം കുറഞ്ഞുവെന്നാണ് കണക്ക്.
കേരളത്തിൽ കശുവണ്ടി ഉത്പാദനം നിലവിൽ 85000 ടൺ വരെയാണ്.മുമ്പ് ഇത് 35000 ടൺ ആയിരുന്നു.മറ്റ് ജില്ലകളിൽ ഉത്പാദനം ഇരട്ടിച്ചപ്പോൾ തിരുവനന്തപുരത്ത് ഉത്പാദനം പകുതിയിൽ താഴെയായി കുറഞ്ഞു.
കശുവണ്ടി വികസന കോർപറേഷന്റെ പ്രവർത്തനങ്ങളാണ് കേരളത്തിൽ ഉത്പാദനം വർധിക്കാൻ ഇടയാക്കിയത്.കശുമാവ് കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി(കെഎസ്സിഇഡിഎ)സ്ഥാപിച്ചാണ് കൃഷി പ്രോത്സാഹിപ്പിച്ചത്.
കശുമാവ് തോട്ടം നിർമിക്കാൻ കുറഞ്ഞത് രണ്ട് ഹെക്ടറിൽ കൃഷി ചെയ്യുന്നവർക്ക് തൈകൾ സൗജന്യമായി നൽകുന്നതിനോടൊപ്പം നിലം ഒരുക്കുന്നതിന് ഹെക്ടർ ഒന്നിന് 13000 രൂപ സർക്കാർ ഫണ്ടും നൽകുന്നതുൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കി.
എന്നാൽ ജില്ലയിൽ ഇതിന്റെ ഗുണം പ്രകടമായില്ല.കുടുംബശ്രീ അംഗങ്ങൾ,കശുവണ്ടി തൊഴിലാളികൾ,സ്കൂൾ,കോളജ് വിദ്യാർഥികൾ എന്നിവർക്കും റസിഡന്റ്സ് അസോസിയേഷൻ,കാർഷിക ക്ലബുകൾക്കുമായി മുറ്റത്തൊരു കശുമാവ് പദ്ധതിയും നടപ്പാക്കി.
ജില്ലയിൽ സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായി നട്ടുവളർത്തുന്ന അക്കേഷ്യ,യൂക്കാലിപ്റ്റ്സ് തുടങ്ങിയ മരങ്ങൾക്കുപകരം കശുമാവ് നടണമെന്ന നിർദേശവും പാലിക്കപ്പെട്ടില്ല.
വിലയിടിവിനെ തുടർന്ന് പ്രതിസന്ധിയിലായ കർഷകരെ കൂടുതൽ ദുരിതത്തിലാക്കി തടിതുരപ്പൻ പുഴുക്കളുടെ ആക്രമണത്തിൽ കശുമാവുകൾ കൂട്ടത്തോടെ ഉണങ്ങി നശിക്കാൻ തുടങ്ങിയതും ജില്ലയിൽ കശുമാവ് കൃഷിക്ക് തിരിച്ചടിയായി.
2020മുതൽ കശുവണ്ടിയുടെ വില 100 രൂപയിൽ താഴെയാണ്. 2018 ലാണ് കശുവണ്ടിക്ക് മികച്ച വില ലഭ്യമായത്.അന്ന് 150 രൂപവരെ വില ഉയർന്നു.പിന്നീടുള്ള വർഷങ്ങളിൽ വില കൂപ്പുകുത്തുകയായിരുന്നു.തോട്ടണ്ടിയുടെ ഇറക്കുമതിയാണ് വിലകുറയാൻ കാരണം.
ഇൗവർഷം െഫബ്രുവരി കഴിഞ്ഞിട്ടും വിളവെടുപ്പിന് കശുവണ്ടി പാകമായില്ല.തുലാമഴ നീണ്ടു നിന്നതു കാരണം പൂവിടാൻ വൈകിയതാണ് വിളവെടുപ്പും നീണ്ടു പോകുന്നത്.