പുതുക്കാട്: യുദ്ധം കൊടുന്പിരികൊള്ളുന്ന യുക്രെയ്നിൽനിന്ന് രണ്ടു രാജ്യങ്ങൾ കടന്ന് ബഷീറും സുഹൃത്തുക്കളും നാട്ടിലെത്തിയതു സുമനസുകളുടെ തുണയിൽ.
ഒഡേസ നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയായ വേലൂപ്പാടം വലിയകത്ത് മൂസയുടെ മകൻ ബഷീർ ശനിയാഴ്ച രാത്രിയാണു നാട്ടിലെത്തിയത്.
ഒഡേസയിലെ 185 വിദ്യാർഥികളിൽ മാൾഡോവയിലേക്കും അവിടെനിന്ന് റുമാനിയയിലേക്കും പോയ ബഷീർ ഉൾപ്പടെയുള്ള 87 പേരാണു നാട്ടിലെത്തിയത്.
റുമാനിയയിൽ ഡോക്ടറായ കൊച്ചി സ്വദേശി നൗഫൽ അബ്ദുൾ വഹാബ്, പത്തനംതിട്ട സ്വദേശി ട്രിജോയ് മാത്യു തോമസ്, റുമാനിയൻ സാമൂഹ്യ പ്രവർത്തർ എന്നിവരുടെ സഹായത്താലാണ് തങ്ങൾക്കു മാൾഡോവയിൽനിന്ന് റുമാനിയയിലേക്കും തുടർന്നു നാട്ടിലേക്കും പോരാനായതെന്നു ബഷീർ പറയുന്നു.
“എംബസികൾ നിസഹായരായ സമയത്ത് മാൾഡോവയിലെ ഇന്ത്യൻ വിദ്യാർഥികളാണ് ഞങ്ങളെ അങ്ങോട്ടു വിളിച്ചത്. അവരുടെ ഹോസ്റ്റലിൽ താമസവും അവർ സമാഹരിച്ച തുകകൊണ്ട് ഭക്ഷണവും നൽകി.
മാൾഡോവയിൽനിന്ന് ഇന്ത്യയിലേക്കു വിമാനമുണ്ടെന്ന ധാരണയിലാണ് ഒന്നര മണിക്കൂർ യുദ്ധഭൂമിയിലൂടെ സഞ്ചരിച്ച് ഞങ്ങൾ മാൾഡോവയിലെത്തിയത്. എന്നാൽ, അതു തെറ്റായ വിവരമായിരുന്നു.
മൾഡോവ അതിർത്തിയിലെ റഷ്യൻ നിയന്ത്രണത്തിലുള്ള പ്രദേശത്ത് എത്തിപ്പെട്ടതിനാൽ അധികസമയം അവിടെ തങ്ങാനും കഴിയാത്ത സ്ഥിതിയായി.
തുടർന്ന് 1,80,000 രൂപ നൽകി ബസിൽ റുമാനിയയിലേക്കു പോകാൻ തീരുമാനിച്ച സമയത്താണ് ഡോ. നൗഫലിന്റെ വിളിയെത്തുന്നത്.
27 വർഷമായി റുമാനിയയിൽ കഴിയുന്ന നൗഫലിന്റെ ഇടപെടലിനെതുടർന്ന് മാൾഡോവ സർക്കാർ ഞങ്ങൾ വിദ്യാർഥികളെ സൗജന്യമായി റുമാനിയയിലെത്തിച്ചു.
റുമാനിയയിൽ കാത്തുനിന്ന ട്രിജോയ് മാത്യുവും സാമൂഹ്യ പ്രവർത്തകരും രാജകീയമായാണ് സ്വീകരിച്ചതും സൗകര്യങ്ങൾ ഒരുക്കിയതും – ബഷീർ പറഞ്ഞു.