സ്വന്തം ലേഖകന്‍
കോഴിക്കോട്: പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കൊപ്പം ഒരേ ബഞ്ചിലിരുന്ന് മൂന്നു വര്‍ഷം പഠിച്ചതിന്റെ ഓര്‍മകള്‍ ഇരമ്പുകയാണ് കോഴിക്കോട് ഫ്രാന്‍സിസ് റോഡ് പൂന്തോപ്പില്‍ പി.വി.അബ്ദുള്ളക്കോയയുടെ മനസില്‍.
കോഴിക്കോട് പരപ്പില്‍ എംഎം ഹൈസ്കൂളില്‍ ശിഹാബ് തങ്ങള്‍ക്കൊപ്പം ഒന്നിച്ചു പഠിച്ച നാളുകള്‍ അദ്ദേഹത്തിന്റെ മനസില്‍ നിറയുന്നു.
1965 ലെ എസ്എസ്എല്‍സി ബാച്ചിലാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും അബ്ദുള്ളക്കോയയും സഹപാഠികളായിരുന്നത്. എട്ടുമുതല്‍ പത്തുവരെ ഒരേ ക്ലാസില്‍ ഒരേ ബഞ്ചിലിരുന്നായിരുന്നു പഠനം.
കളിയും ചിരിയൂം നിറഞ്ഞ നാളുകള്‍. ഇന്നത്തെ പോലെ സ്കൂളുകളില്‍ അന്ന് വിദ്യാര്‍ഥി രാഷ്ട്രീയം അത്ര സജീവമായിരുന്നില്ല. യുപി സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷമാണ് ശിഹാബ് തങ്ങള്‍ എട്ടാം ക്ലാസില്‍ എംഎംഹൈസ്കൂളില് എത്തുന്നത്.
ശിഹാബ് തങ്ങളുടെ പിതൃസഹോദരിയുടെ വീട് കോഴിക്കോട് മുഖദാറിലായിരുന്നു.അവിടെ താമസിച്ചാണ് ഹൈദരലി ശിഹാബ് തങ്ങള്‍ പഠിച്ചിരുന്നത്. ഹൈസ്കൂള്‍ പഠനത്തിനുശേഷം അറബിക് ബിരുദ പഠനത്തിനുപോയി.
സഹപാഠികളെന്ന നിലയില്‍ അവസാന കാലം വരെ ഇരുവരും സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. ഫോണ്‍ മുേഖനയും നേരിട്ടും സ്നേഹബന്ധം പുതുക്കി.
അക്കാലത്ത് ശേഷന് നാരായണ അയ്യര്‍ ആയിരുന്നു എംഎം ഹൈസ്കൂളിലെ ഹെഡ്മാസ്റ്റര്. പാണക്കാട് കുടംബാംഗമെന്ന നിലയില്‍ എല്ലാ അധ്യാപകരും വലിയ ബഹുമാനമാണ് ഹൈദരലി ശിഹാബ്തങ്ങളോട് കാണിച്ചതെന്ന് അബ്ദുള്ളക്കോയ ഓര്‍ക്കുന്നു.ശിഹാബ് തങ്ങളാവാട്ടെ അതിലേറെ ബഹുമാനം അധ്യാപകര്‍ക്ക് തിരിച്ചുനല്‍കി.
കൂട്ടുകാരെ ഇകഴ്ത്തി പറയുകയോ പരിഹസിക്കുകയോ ചെയ്യുന്ന സ്വഭാവം തങ്ങള്‍ക്കുണ്ടായിരുന്നില്ല. പക്വതയാര്ന്നതായിരുന്നു പെരുമാറ്റം. സഹപാഠികള്‍ക്കിടയില്‍ മതേതര ചിന്താഗതി വളര്‍ത്താന്‍ പ്രോല്‍സാഹനം നല്കി.
മറ്റുമതങ്ങളെ ബഹുമാനിച്ച് സംസാരിക്കണമെന്ന് അദ്ദേഹം സഹപാഠികളോടു പറയുമായിരുന്നു. ഹൈദരലി തങ്ങള്‍ സ്കൂളില്‍ ഫുട്ബോളും വോളിബോളും കളിക്കുമായിരുന്നുവെന്ന് അബ്ദുള്ളക്കോയ ഓര്‍ക്കുന്നു.
കളിക്കാത്ത സമയത്ത് കളി കണ്ടിരിക്കും. ഗസല്‍ ഇഷ്ടമായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം സൊറ പറഞ്ഞിരിക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നില്ല.
നല്ല ഓര്മശക്തിയുള്ള ആളായിരുന്നു തങ്ങളെന്ന് അബ്ദുള്ളക്കോയ പറഞ്ഞു. ക്ലാസില്‍ ഒന്നിച്ചുപഠിച്ചവരുടെയെല്ലാം പേരു വിവരങ്ങള്‍ അദ്ദേഹത്തിനറിയാമായിരുന്നു.
1965 ബാച്ച് എസ്എസ്എല്‍സി വിദ്യാര്‍ഥികളുടെ കൂട്ടായ്മ കോഴിേക്കാട്ട് സംഘടിപ്പിച്ചപ്പോള്‍ രണ്ടു സഹപാഠികള്‍ അസുഖം കാരണം കൂട്ടായ്മയ്ക്ക് എത്തിയിരുന്നില്ല.
തങ്ങള്‍ പേരെടുത്ത് പറഞ്ഞ് അവരെ അന്വേഷിച്ചു. അസുഖമാണെന്ന് പറഞ്ഞപ്പോള്‍ രണ്ടുപേരെയും വീട്ടില്‍ചെന്ന് കണ്ടു. അത്രയേറെ സഹപാഠികളെ ഇഷ്ടമായിരുന്നു ഹൈദരലി തങ്ങള്‍ക്ക്.
ഒരിക്കലും സ്കൂളില്‍ വച്ച് അദ്ദേഹം രാഷ്ട്രീയം സംസാരിച്ചിരുന്നില്ല. തന്റെ മകളുടെ വിവാഹദിവസം ഹൈദരലി തങ്ങള്‍ പാര്‍ട്ടി പരിപാടിയുമായി ബന്ധപ്പെട്ട് അസമിലായിരുന്നു.
വിവാഹം കഴിഞ്ഞ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആശംസ േനരാന് അദ്ദേഹം തന്റെ വസതിയിലെത്തിയതിന്റെ സന്തോഷം അബ്ദുള്ളക്കോയയുെട മനസില്‍ ഇപ്പോഴും നിറയുന്നു. കെഎസ്ഇബിയില്‍നിന്ന് സീനിയര്‍ സൂപ്രണ്ടായാണ് അബ്ദുള്ളക്കോയ വിരമിച്ചത്.