കോട്ടയം: അഞ്ചു കേസുകളിൽ പ്രതിയായി ആറുവർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി ഒടുവിൽ പോലീസ് പിടിയിൽ. തൃശൂർ ചന്ത്രാപ്പിന്നി സ്വദേശിയായ ബിനോജാ (വാവ)ണു കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.
ജില്ലാ പോലീസിന്റെ ഓപ്പറേഷൻ കാവൽ പദ്ധതിയുടെ ഭാഗമായി ഞായറാഴ്ച രാത്രിയിൽ പരിശോധന നടത്തുന്പോൾ തിരുനക്കര ഭാഗത്ത് ബിനോജിനെ സംശയം തോന്നി പിടികൂടുകയായിരുന്നു.
ഇയാൾ തൃശൂരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി വധശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണ്. ഇയാൾ
പിടികിട്ടാപ്പുള്ളിയായി ഒളിവിൽ കഴിയുകയായിരുന്നു. ഇയാളെ തൃശൂർ മതിലകം പോലീസ് സ്റ്റേഷനിലേക്ക് ഞായറാഴ്ച രാത്രി കൈമാറി.
കോട്ടയം ടൗണ്‍ ഭാഗത്തു തന്പടിച്ചിരിക്കുന്ന ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ടവർക്കെതിരെ നടപടികൾ തുടരുകയാണെന്നും പോലീസ് അറിയിച്ചു. വെസ്റ്റ് എസ്എച്ച്ഒ അനൂപ് കൃഷ്ണ, എസ്ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്.