സ്വന്തം ലേഖകന്‍
കോഴിക്കോട്: തിയറ്ററുകളില്‍ ഫുള്‍ കപ്പാസിറ്റി അനുമതി നല്‍കിയശേഷം മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വത്തിന് മികച്ച സ്വീകാര്യത ലഭിച്ചതോടെ ഫാന്‍സുകാര്‍ക്കിടയില്‍ ‘കളക്ഷന്‍ യുദ്ധം’ തുടങ്ങി.
ഭീഷ്മപര്‍വം ആദ്യ നാലു ദിവസം കൊണ്ട് എട്ട് കോടിക്ക് മുകളില്‍ ഷെയര്‍ നേടിയെന്ന് വാര്‍ത്ത പുറത്തുവന്നതോടെയാണ് അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ യുദ്ധം മുറുകുന്നത്.
നിലവില്‍ മോഹന്‍ലാലിന്റെ വന്‍ ഹിറ്റായ ലൂസിഫറിനെ ആദ്യ നാലു ദിവസത്തെ കളക്ഷന്റെ കാര്യത്തില്‍ ഭീഷ്മപര്‍വം പിന്നിലാക്കിയെന്ന് വാര്‍ത്തകള്‍ വന്നതോടെ ഇത് ‘തള്ള്’ കണക്കാണെന്നും ലൂസിഫര്‍ തന്നെയാണ് വീക്കെന്‍ഡ് കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതെന്നും മോഹന്‍ലാല്‍ ഫാന്‍സുകാര്‍ വാദിക്കുന്നു.
കളക്ഷന്‍ കാര്യത്തില്‍ തങ്ങളുടെ ‘താര’മാണ് മുന്നിലെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ഫാന്‍സുകാര്‍ നടത്തുന്നത്.നിലവില്‍ ലൂസിഫര്‍, ബാഹുബലി -2 എന്നീ സിനിമകളെയാണ് മമ്മൂട്ടി ചിത്രം കളക്ഷനില്‍ പിന്നിലാക്കിയതെന്നാണ് അണിയറക്കാരുടെ വാദം.
തിയറ്റര്‍ ഉടമകളുടെ സംഘടനയും ഇത് ശരിവയ്ക്കുന്നു. എന്നാല്‍ ആരാധകരുടെ വാദം തെറ്റാണെന്നും കൂടുതല്‍ മള്‍ട്ടി പ്ലക്സുകളില്‍ കളിക്കുന്നതുവഴിയുള്ള സാമ്പത്തിക ലാഭം മാത്രമാണ് ഭീഷ്മപര്‍വത്തിന് ലഭിച്ചതെന്നും ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നു.
എന്തായാലും കോവിഡ് പ്രതിസന്ധിക്കു ശേഷം കേരളത്തിലെ തിയറ്ററുകളില്‍ ഇത്രയധികം ആവേശം കൊണ്ടുവന്ന സിനിമ വേറെ ഇല്ലെന്നാണ് തിയറ്റര്‍ ഉടമകള്‍ പറയുന്നത്.
ആദ്യ നാലു ദിനം
ഭീഷ്മപര്‍വം ആദ്യ നാലു ദിവസം കൊണ്ട് ആഗോള തലത്തില്‍ 53 കോടി കളക്ഷന്‍ നേടിയതായാണ് ട്രാക്കര്‍മാരെ ഉദ്ധരിച്ചുള്ള അനൗദ്യോഗിക കണക്ക്. ആദ്യ ദിനം മൂന്ന് കോടിക്ക് മുകളില്‍ ഭീഷ്മപര്‍വം നേടിയിരുന്നു.
406 സ്ക്രീനുകളിലായി 1,775 ഷോകളാണ് റിലീസ് ദിനത്തില്‍ ഭീഷ്മപര്‍വത്തിന് ഉണ്ടായിരുന്നത്.അതേസമയം മോഹന്‍ലാല്‍ ചിത്രങ്ങളായ ഒടിയന്, മരക്കാര്‍ അറബികടലിന്റെ സിംഹം, പുലിമുരുകന് തുടങ്ങിയ ചിത്രങ്ങള്‍ ആദ്യ ദിനങ്ങളില്‍ വന്‍ വരവേല്പ് ലഭിക്കുകയും വീക്കെന്‍ഡ് കളക്ഷനില്‍ ആദ്യ ചാര്‍ട്ടുകളില്‍ ഇടം നേടുകയും ചെയ്തവയാണ്.
എന്നാല്‍ ഇതെല്ലാം ബിഗ് ബഡ്ജറ്റ് സിനിമകളുമായിരുന്നു.ഇടക്കാലത്തിന് ശേഷം കളക്ഷന്‍ വീണ്ടും സ്റ്റാര്‍ഡം തീരുമാനിക്കുന്ന കാഴ്ചയിലേക്കാണ് മലയാള സിനിമ എത്തുന്നത്.
അപ്പോഴും ഇടവും വലവും നില്‍ക്കുന്നത് മോഹന്‍ലാല്‍-മമ്മൂട്ടി താരങ്ങളും അവരുടെ ഫാന്‍സുകാരും തന്നെ.