കണ്ണൂര്‍: കോടികള്‍ വില വരുന്ന അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി കണ്ണൂരില്‍ അറസ്റ്റിലായ ദമ്പതികള്‍ക്ക് പിന്നിൽ വൻ മയക്കുമരുന്ന് റാക്കറ്റുണ്ടെന്ന് പോലീസ്.
1.950 കിലോ ഗ്രാം എംഡിഎംഎ, 67 ഗ്രാം ബ്രൗണ്‍ഷുഗര്‍, 7.5 ഗ്രാം ഓപ്പിയം എന്നിവയുമായി കോയ്യോട് തൈവളപ്പിൽ അഫ്സൽ (37), ഭാര്യ കാപ്പാട് സ്വദേശിനി ബൾക്കീസ് (28), എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.
ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് മയക്കുമരുന്ന് കയറ്റി വിടുന്നത് മുതൽ സുരക്ഷിതമായി വിവിധ ഏജന്റുമാരുടെ കൈയിൽ എത്തുന്നതുവരെ വളരെ രഹസ്യമായ ആസൂത്രണമാണ് നടക്കുന്നത്.
ഇന്നലെ അറസ്റ്റിലായ ദമ്പതികൾ ഉൾപ്പെടെ നിരവധിപേർ സംഘത്തിലുണ്ട്. സംഘത്തിലുള്ളവരെ വാട്സാപ്പ് സന്ദേശത്തിലൂടെയാണ് പ്രധാന സൂത്രധാരൻമാരായ രണ്ടു പേർ അഞ്ജാത കേന്ദ്രത്തിൽ നിന്ന് നിയന്ത്രിക്കുന്നത്.
ഏജന്റുമാർക്ക് ലഹരി മരുന്നുകൾ കൈമാറ്റം ചെയ്യേണ്ട ലോക്കേഷൻ മാത്രമാണ് പറഞ്ഞു കൊടുക്കുക. സാധനം പറഞ്ഞ സ്ഥലത്ത് കൃത്യമായി എത്തിച്ചുകഴിഞ്ഞ ഉടനെ അവരുടെ അക്കൗണ്ടിൽ പണം എത്തും
. ഏജന്റുമാർ തമ്മിലോ അജ്ഞാl കേന്ദ്രത്തിലിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്നവരുമായോ പരസ്പരം കാണുകയോ സംസാരിക്കുകയോ ചെയ്യില്ല. അതീവ രഹസ്യമായിട്ടാണ് ലഹരി ഉത്പന്നങ്ങൾ അതാത് കേന്ദ്രത്തിലെത്തുന്നത്.
മയക്കുമരുന്ന് വിതരണക്കാരെയും സൂത്രധാരൻമാരെയുംക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ടൗൺ സിഐ ശ്രീജിത്ത് കൊടേരി പറഞ്ഞു.
ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് ബസില്‍ മയക്കു മരുന്ന് കടത്തുവെന്ന സൂചനയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നഗരത്തിലെ ഒരു പാര്‍സല്‍ ഓഫീസില്‍ വച്ചാണ് മയക്കു മരുന്ന് പിടികൂടിയത്.
ബസില്‍ തുണിത്തരങ്ങളുടെ പാര്‍സലെന്ന വ്യാജേന കണ്ണൂരിലെത്തിച്ച മയക്കു മരുന്ന് പായ്ക്കറ്റ് സ്വീകരിക്കാന്‍ ദന്പതികൾ പാര്‍സല്‍ ഓഫീസില്‍ എത്തുകയായിരുന്നു.
ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലായിരുന്നു മയക്കു മരുന്നു പിടികൂടി ദന്പതികളെ അറസ്റ്റ് ചെയ്തത്.
” നിയന്ത്രിക്കുന്നത് വാട്സ് ആപ്പ് വഴി; ലൊക്കേഷൻ അയച്ചു കൊടുക്കും ‘
കോടികള്‍ വില വരുന്ന അതിമാരക മയക്കു മരുന്നായ എംഡിഎംഎയുമായി കണ്ണൂരില്‍ അറസ്റ്റിലായ ദമ്പതികള്‍ ഏജന്റുമാരാണെന്നും നിയന്ത്രണം മുഴുവൻ അജ്ഞാത കേന്ദ്രത്തിലെ രണ്ടംഗ സംഘമാണെന്നും പോലീസ് അന്വേഷണത്തിൽ മനസിലായിട്ടുണ്ട്.
അറസ്റ്റിലായ കാപ്പാട് സ്വദേശിനി ബൾക്കീസ് 10 തവണ അതിമാരക മയക്കു മരുന്നായ എംഡിഎംഎ കടത്തിയിട്ടുണെന്ന് ചോദ്യം ചെയ്യൽ ബോധ്യമായിട്ടുണ്ട്.
എടക്കാട് പോലിസ് സ്റ്റേഷന് പരിധിയില്‍ നേരത്തെ റോഡരികില്‍ എംഡിഎം എ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ബൾക്കീസാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിമാസം 1,80,000 രൂപയും സർവീസ് ചാർജുമാണ് കൂലിയായി ബൾക്കീസിന് നൽകുന്നത്.
മരുന്നെന്ന വ്യാജേനയാണ് അതിമാരക മയക്കു മരുന്ന് പാർസൽ വഴി കണ്ണൂരിൽ എത്തിക്കുന്നത്. ദമ്പതികള്‍ പാർസൽ കൈപ്പറ്റിയാൽ മയക്കുമരുന്ന് എത്തിക്കേണ്ട ലോക്കേഷൻ അഞ്ജാത കേന്ദ്രത്തിൽ നിന്നും വാട്സപ്പ് സന്ദേശമായി എത്തും.
തുടർന്ന് പറഞ്ഞ സ്ഥലത്ത് സാധനം എത്തിച്ച് ഫോട്ടോയെടുത്ത് തിരിച്ച് വാട്സാപ്പ് സന്ദേശമായി സംഘത്തിന് അയച്ചു കൊടുക്കണം.
അവിടെനിന്ന് മറ്റൊരു ടീം വന്ന് മയക്കു മരുന്നു എടുക്കും. വാങ്ങുന്നവരും വില്ക്കുന്നവരും തമ്മില്‍ പലപ്പോഴും നേരിട്ടു ബന്ധമുണ്ടാകില്ല.
ബസുകള്‍, ട്രെയിനുകള്‍, കൊറിയർ എന്നിവ വഴി കണ്ണൂരിലേക്ക് എം ഡി എം എ കടത്തുന്നുണ്ടെന്ന് നേരത്തെ പോലീസിന് സൂചനയുണ്ടായിരുന്നു.
ബംഗളൂരുവിൽ നിന്ന് സാധനം കയറ്റി വിടുന്നയാളും കണ്ണൂരിലെ പ്രധാന ഏജന്റുമാണ് സൂത്രധാരൻമാരെന്നാണ് പോലീസിന്റെ നിഗമനം. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ് .അസ്റ്റിലായ ദമ്പതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.