ഐഎസ്എൽ ഫുട്ബോളിൽ ഇത്തവണ ഇവാൻ വുകോമനോവിച്ചും ശിഷ്യന്മാരും നടത്തിയ ജൈത്രയാത്രയിൽ കേരള ബ്ലാസ്റ്റേഴ്സ് കുറിച്ചത് 13 റിക്കാർഡുകൾ. ലീഗ് റൗണ്ടിൽ മാത്രമായാണ് ഇത്രയും റിക്കാർഡ് മഞ്ഞപ്പട സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്സ് ചരിത്രത്തിൽ ഒരു സീസണിൽ ഇത്രയും റിക്കാർഡ് കുറിക്കുന്നതും ചരിത്രസംഭവം.
01: വിജയ ശതമാനത്തിൽ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകൻ ഇവാൻ വുകോമനോവിച്ച് റിക്കാർഡ് കുറിച്ചു. ഐഎസ്എല്ലിൽ വുകോമനോവിച്ചിന്റെ വിജയശതമാനം 45 ആണ്. മുൻ പരിശീലകൻ സ്റ്റീവ് കോപ്പെലിന്റെ പേരിലായിരുന്ന (41.18) റിക്കാർഡാണ് തിരുത്തിയത്.
02: ഒരു സീസണിൽ ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ജയം നൽകിയ പരിശീലകൻ എന്ന റിക്കാർഡും (9) വുകോമനോവിച്ച് സ്വന്തമാക്കി. സ്റ്റീവ് കോപ്പലിന്റെ (6) പേരിലെ റിക്കാർഡാണ് പഴങ്കഥയായത്.
03: കേരള ബ്ലാസ്റ്റേഴ്സിനായി ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് (7) എന്ന റിക്കാർഡ് ഉറുഗ്വെൻ താരമായ അഡ്രിയാൻ ലൂണ സ്വന്തമാക്കി. ഹൊസുവിന്റെ പേരിലും ജെസെൽ കർണെയ്റോയുടെ പേരിലുമുണ്ടായിരുന്ന (6) റിക്കാർഡാണ് ലൂണ തിരുത്തിയത്.
04: ഒരു സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് എന്ന റിക്കാർഡും അഡ്രിയാൻ ലൂണ കുറിച്ചു. അഞ്ച് അസിസ്റ്റ് നടത്തിയ കർണെയ്റൊയുടെ പേരിലുണ്ടായിരുന്ന റിക്കാർഡ് ഏഴ് ആക്കിയാണ് ലൂണ തിരുത്തിയത്, പ്ലേ ഓഫ് ശേഷിക്കുന്നുമുണ്ട്.
05: ഒരു സീസണിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ് നേടിയ കേരള ബ്ലാസ്റ്റേഴ്സ് ഗോളി എന്ന റിക്കാർഡ് പ്രഭ്സുഖൻ സിംഗ് ഗിൽ (17 മത്സരങ്ങളിൽനിന്ന് ആറ് ക്ലീൻ ഷീറ്റ്) സ്വന്തമാക്കി. പോൾ സ്റ്റീഫൻ റെഹ്യൂബ്കയുടെ (5) റിക്കാർഡ് പഴങ്കഥയായി.
06: ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ലീഗ് റൗണ്ടിൽ ആകെ ഏഴ് മത്സരങ്ങളിൽ ഗോൾ വഴങ്ങിയില്ല. ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ് ബ്ലാസ്റ്റേഴ്സ് നേടിയ സീസണ് ആണിത്. 2021-22 സീസണിൽ ക്ലീൻ ഷീറ്റിൽ ഒന്നാം സ്ഥാനത്തുള്ളതും ബ്ലാസ്റ്റേഴ്സ് ആണ്.
07: ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന റിക്കാർഡ്. 20 മത്സരങ്ങളിൽ 34 ഗോൾ മഞ്ഞപ്പട ഇതുവരെ സ്വന്തമാക്കി. പ്ലേ ഓഫ് മത്സരങ്ങൾ ബാക്കിയുണ്ട് എന്നതും ശ്രദ്ധേയം. 2019-20 സീസണിൽ 18 മത്സരങ്ങളിൽനിന്ന് 29 ഗോൾ നേടിയതായിരുന്നു ഇതുവരെയുണ്ടായിരുന്ന ഗോൾ റിക്കാർഡ്.
08: ഏറ്റവും കൂടുതൽ പോയിന്റ് എന്ന സീസണ് റിക്കാർഡും ഇത്തവണ കുറിക്കപ്പെട്ടു. 20 മത്സരങ്ങളിൽനിന്ന് 34 പോയിന്റ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. 2017-18 സീസണിൽ ആറ് ജയവും ഏഴ് സമനിലയും നേടി 25 പോയിന്റ് കുറിച്ചതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്.
09: സീസണിൽ ബ്ലാസ്റ്റേഴ്സിനായി 10 കളിക്കാർ ഗോൾ നേടി. ഒരു സീസണിൽ ബ്ലാസ്റ്റേഴ്സിനായി ഇത്രയും കളിക്കാർ ഗോൾ നേടുന്നത് ഇതാദ്യം. എട്ട് ഗോൾ വീതം ആൽവാരോ വാസ്ക്വെസും ജോർജ് പെരേര ഡിയസും സ്വന്തമാക്കി. സഹൽ സമദ്, ലൂണ എന്നിവർ അഞ്ച് വീതവും വിൻസി ബാരെറ്റൊ രണ്ടു ഗോളും നേടി. ഖബ്ര, ഏണെസ് സിപ്പോവിച്ച്, നിഷു കുമാർ, കെ. പ്രശാന്ത്, ജീക്സണ് എന്നിവർ ഓരോ ഗോൾ സ്വന്തമാക്കി.
10: ലീഗ് റൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സ് നേടുന്ന ഏറ്റവും കൂടുതൽ ജയത്തിനും 2021-22 സാക്ഷ്യം വഹിച്ചു. 20 മത്സരങ്ങളിൽ 9 ജയം. 2016ൽ ഫൈനലിൽ പ്രവേശിച്ചപ്പോഴും 2017-18 സീസണിൽ ആറാം സ്ഥാനത്തായിരുന്നപ്പോഴും ആറ് ജയം വീതം നേടിയതായിരുന്നു ഇതിനു മുന്പുള്ള റിക്കാർഡ്.
11: ഒരു സീസണിലെ ലീഗ് റൗണ്ടിൽ ഏറ്റവും കുറവ് തോൽവി എന്ന നേട്ടവും ബ്ലാസ്റ്റേഴ്സ് കുറിച്ചു. ഈ സീസണിൽ നാല് തോൽവി മാത്രമാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. 2016ൽ ഫൈനലിൽ കടന്ന സീസണിൽ 14 മത്സരത്തിൽ നാല് തോൽവിയേ വഴങ്ങിയിരുന്നുള്ളൂ.
12: ചരിത്രത്തിൽ ആദ്യമായി ബ്ലാസ്റ്റേഴ്സ് പോസിറ്റീവ് ഗോൾ വ്യത്യാസത്തിൽ ലീഗ് റൗണ്ട് പൂർത്തിയാക്കി, +10 ആണ് ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ലീഗ് റൗണ്ട് ഗോൾ വ്യത്യാസം. 2014ലും 2016ലും (-2) ഫൈനൽവരെ എത്തിയപ്പോഴും നെഗറ്റീവ് ആയിരുന്നു.
13: ഐഎസ്എൽ ചരിത്രത്തിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോൾ (എട്ട് ഗോൾ) പിറന്ന സമനില എന്ന റിക്കാർഡിനൊപ്പം ബ്ലാസ്റ്റേഴ്സ് വീണ്ടും. എഫ്സി ഗോവയ്ക്കെതിരായ 4-4 സമനിലയിലൂടെയാണ് ഈ നേട്ടത്തിൽ ബ്ലാസ്റ്റേഴ്സ് വീണ്ടും എത്തിയത്. 2020ൽ ഒഡീഷ എഫ്സിക്ക് എതിരേയും ബ്ലാസ്റ്റേഴ്സ് 4-4 സമനില നേടിയിരുന്നു.