സ്വന്തം ലേഖകൻ
തൃശൂർ: എന്തിനാണാവോ ഈ റോഡ് അടച്ചതെന്നു വാഹനങ്ങൾ തടഞ്ഞു തിരിച്ചുവിടുന്ന പോലീസുകാരോടു ചോദിച്ചാൽ മറുപടി ഇങ്ങനെ: എനിക്കറിയില്ല, മുകളിൽനിന്നു പറഞ്ഞു, വാഹനങ്ങൾ കടത്തിവിടരുതെന്ന്. അത്രതന്നെ.
കൊക്കാലെയിൽനിന്ന് നേരേ കെഎസ്ആർടിസി ഭാഗത്തേക്കു പോകുന്ന റോഡാണ് അടച്ചിട്ടിരിക്കുന്നത്. ഇതുവഴി ഒരു തിരക്കുമില്ല. എന്നിട്ടും ഈ റോഡിൽ ഒരു വശത്തേക്കുള്ള ഗതാഗതം വിലക്കിയിരിക്കയാണ്.
ഇതുമൂലം തൃപ്രയാർ ഭാഗത്തുനിന്നും മറ്റും വരുന്ന ബസുകളടക്കമുള്ള വാഹനങ്ങൾ തിരിഞ്ഞ് ശക്തൻസ്റ്റാൻഡിലൂടെ പോയി റിംഗ് റോഡിലെത്തി അവിടെ തിരിക്കുന്നതോടെ വൻ കുരുക്കാണ് അനുഭവപ്പെടുന്നത്.
എന്നാൽ ഈ ബസുകളും മറ്റു വാഹനങ്ങളും കൊക്കാലെ റോഡിലൂടെ കടത്തിവിട്ടാൽ നേരെ റിംഗ് റോഡിലെത്താം. അപ്പോൾ ബസുകൾക്കു തിരിച്ചിടുകയും വേണ്ട. നേരെയെത്തി റോഡിന്റെ വശത്തു നിർത്തി ആളുകളെ കയറ്റാം.
ശക്തനിൽ ആകാശപ്പാത നിർമാണത്തിന്റെ പേരിൽ നഗരത്തിൽ മൊത്തം റോഡുകളടച്ച് വൻകുരുക്കാണ് ഇപ്പോൾ വരുത്തുന്നത്.
ഒരു കാഴ്ചപ്പാടും ഇല്ലാതെ റോഡുകൾ അടച്ചിട്ടു ഗതാഗതം നിയന്ത്രിക്കുന്നതാണ് ജനങ്ങളെ കൂടുതൽ വലയ്ക്കാൻ കാരണം.
മുനിസിപ്പൽ ഓഫീസ് റോഡിൽനിന്ന് സ്റ്റാൻഡിലേക്കു പോകുന്ന പട്ടാളം റോഡും അടച്ചിട്ടിരിക്കയാണ്.
ഈ റോഡ് പോലീസ് കമ്മീഷണർ ഓഫീസിന്റെ ഭാഗത്തു തടഞ്ഞാൽ എംഒ റോഡിലൂടെ വരുന്ന വാഹനങ്ങൾ ഇവിടെയെത്തി ഹൈറോഡിലേക്കു വേണമെങ്കിൽ തിരിയാം.
പരമാവധി വാഹനങ്ങൾക്ക് അവസരം ഉണ്ടാക്കുന്നതിനുപകരം എങ്ങനെയൊക്കെ റോഡുകൾ അടച്ചുകെട്ടി ജനങ്ങളെ ബുദ്ധിമുട്ടിച്ചു കുരുക്കുണ്ടാക്കാൻ കഴിയുമെന്നാണ് പോലീസിന്റെ പരീക്ഷണമെന്ന് ആക്ഷേപമുണ്ട്.
കൊക്കാലെ റോഡിൽ ഒരു വശത്തേക്കുള്ള ഗതാഗതം തടഞ്ഞതിന് ഒരു ന്യായീകരണവും പറയാനില്ല.ഇതുപോലെ ദിവസങ്ങൾക്കു മുന്പ് കിഴക്കേകോട്ട ജൂബിലി മിഷൻ ജംഗ്ഷനിൽ പോലീസ് ഗതാഗതം തടഞ്ഞിരുന്നു.
പിന്നീട് ദീപിക ഇതെന്തിനാണാവോ തടഞ്ഞതെന്നു വാർത്ത നൽകിയതോടെയാണ് പോലീസുകാരുടെയും കണ്ണു തുറന്നത്. ഇപ്പോൾ ഇതുവഴിയുള്ള ഗതാഗതം തുറന്നു കൊടുത്തതിനാൽ ഈ ഭാഗത്തു തിരക്കുണ്ടാകുന്നില്ല.