ന്യൂഡൽഹി: കർഷകരോഷത്തിന്റെ തീച്ചൂളയിൽ ബിജെപി നിൽക്കുന്പോഴാണ് അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.
കർഷകരോഷം പഞ്ചാബിൽ മാത്രമല്ല യുപിയിലെ ചില മേഖലകളിലും വീശിയടിക്കാൻ സാധ്യതയുണ്ടെന്നു ബിജെപി തിരിച്ചറിഞ്ഞിരുന്നു.
ഇതു മുൻകൂട്ടി കണ്ട് ഏറെ കൂടിയാലോചനകൾക്കു ശേഷം കാർഷിക നിയമങ്ങൾ നാടകീയമായി പിൻവലിക്കാൻ ബിജെപി തയാറായി.
പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ കാർഷിക നിയമങ്ങൾ പിൻവലിക്കുകയാണെന്നു പ്രഖ്യാപിച്ചു.
ബിജെപിയുടെ ഈ നീക്കം ഒരു പരിധിവരെ കർഷകരോഷത്തെ തണുപ്പിക്കാൻ സഹായിച്ചു എന്നതാണ് ഇപ്പോൾ ബിജെപിക്കു തെരഞ്ഞെടുപ്പിൽ ഉണ്ടായ വിജയം സൂചിപ്പിക്കുന്നത്.
യുപിയിൽ പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയത്തിലേക്കാണ് ബിജെപി നീങ്ങിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ 300 സീറ്റ് എന്ന മാജിക് സംഖ്യയിലേക്കു പാർട്ടി എത്തുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.
നരേന്ദ്രമോദിയും അമിത്ഷായും യുപിയിൽ മത്സരിച്ചു നടത്തിയ രാഷ്ട്രീയ റാലികൾ അവർക്കു വലിയ ഗുണം ചെയ്തെന്നാണ് വ്യക്തമാകുന്നത്.