തിരുവനന്തപുരം: വർക്കലയിൽ തീ പിടിത്തത്തെ തുടർന്ന് പുക ശ്വസിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച സംഭവത്തിൽ തീ പിടിത്ത കാരണത്തിൽ അവ്യക്തത.
ഷോർട്ട് സർക്യൂട്ടാണെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇന്നലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അധികൃതർ തീ പിടിത്തമുണ്ടായ ചെറുന്നിയൂരിലെ പ്രതാപന്റെ വീട്ടിലെ വയറിംഗ് പരിശോധിച്ചിരുന്നു. ഹാളിലെ സ്വിച്ച് ബോർഡ് കത്തിയിട്ടുണ്ട്.
അതേ സമയം കാർപോർച്ചിൽ നിന്നാണ് തീ ആദ്യം ഉണ്ടായതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. തീ പിടിത്തത്തിന്റെ യഥാർഥ കാരണം കൂടുതൽ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ വ്യക്തമാക്കാനാകുവെന്നാണ് അധികൃതർ പറയുന്നത്.
നാല് ബൈക്കുകൾ തീ പിടിത്തത്തിൽ കത്തി നശിച്ചിരുന്നു. ഇന്നലെ പോലീസും ഫയർഫോഴ്സ് സംഘവും തീപിടിത്തമുണ്ടായ പ്രതാപന്റെ വീട് തുറന്ന് പരിശോധന നടത്തിയിരുന്നു.
തിരുവനന്തപുരം റൂറൽ എസ്പി ഡോ. ദിവ്യ ഗോപിനാഥിന്റെ മേൽനോട്ടത്തിൽ വർക്കല ഡിവൈഎസ്പി നിയാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രദേശവാസികളിൽ നിന്നും രക്ഷാപ്രവർത്തനം നടത്തിയവരിൽ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തൽ ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്.
അട്ടിമറി സാധ്യതയുള്ളതായി ഇതുവരെ ഒരു വിവരവും കിട്ടിയിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
വർക്കലയിലെ തീ പിടിത്തം: മരണമടഞ്ഞവരുടെ സംസ്കാരം നാളെ
തിരുവനന്തപുരം: വർക്കലയിലെ തീ പിടിത്തത്തിൽ മരിച്ചവരുടെ സംസ്കാരം നാളെ നടത്തും. ചെറുന്നിയൂർ ദളവാപുരം രാഹുൽ നിവാസിൽ പ്രതാപൻ (62), ഭാര്യ ഷേർളി (53), മകൻ അഹിൽ (26) മറ്റൊരു മകൻ നിഹുലിന്റെ ഭാര്യ അഭിരാമി (25), ഇവരുടെ എട്ട് മാസം പ്രായമുള്ള ആണ് കുഞ്ഞ് റയാൻ എന്നിവരാണ് തീ പിടിത്തത്തെ തുടർന്ന് ഉണ്ടായ പുക ശ്വസിച്ച് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ നിഹുൽ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.കുടുംബത്തിലെ മരണ വിവരം അറിഞ്ഞ് പ്രതാപന്റെ വിദേശത്തുള്ള മകൻ രാഹുൽ കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു. അഭിരാമിയുടെ പിതാവ് വിദേശത്താണ്. ഇദ്ദേഹം ഇന്നു രാത്രി നാട്ടിലെത്തും.
നാളെ രാവിലെ ദുരന്തം നടന്ന വീട്ടുവളപ്പിൽ തന്നെ സംസ്കാരം നടത്താനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്.അഞ്ച് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച പുലർച്ചെ ഒന്നരമണിയോടെയാണ് പ്രതാപന്റെ വീട്ടിൽ തീ പിടിത്തത്തെ തുടർന്ന് പുക ഉണ്ടാകുകയും പുക ശ്വസിച്ച് അഞ്ച് പേരും മരണമടഞ്ഞത്. പുത്തൻചന്തയിലെ പച്ചക്കറി മൊത്ത വ്യാപാരിയായിരുന്നു പ്രതാപൻ.