കാസർഗോഡ്: ഏഴുവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന് 15 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
കർണാടക ബണ്ട്വാൾ സ്വദേശി അബ്ദുൾ മജീദ് ലത്തീഫി(45)നെയാണ് കാസർഗോഡ് അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി. ഉണ്ണിക്കൃഷ്ണൻ ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ മൂന്നുവർഷം കൂടി തടവ് അനുഭവിക്കണം.
കാസർഗോഡ് ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ മദ്രസയിൽ 2016 ജനുവരി 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മദ്രസയിലെ പഠനം കഴിഞ്ഞ് സ്കൂളിലേക്കു പോകുകയായിരുന്ന പെൺകുട്ടിയെ പിന്തുടർന്നെത്തിയ ലത്തീഫ് ഒരു അങ്കണവാടി കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സ്കൂളിലെത്തിയ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ട അധ്യാപകർ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.
അധ്യാപകർ ഉടൻ ചൈൽഡ് ലൈൻ കൗൺസിലറെ വരുത്തി. ലത്തീഫ് മദ്രസയിൽ വച്ച് പലതവണ പീഡനത്തിനിരയാക്കിയതായി വിദ്യാർഥിനി വെളിപ്പെടുത്തി.
ഇൻസ്പെക്ടർ പി.കെ. സുധാകരൻ കേസന്വേഷിക്കുകയും ഇൻസ്പെക്ടർ എം.പി. ആസാദ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
വിചാരണവേളയിൽ സാക്ഷിയായിരുന്ന പെൺകുട്ടിയുടെ അടുത്തബന്ധു മൊഴിമാറ്റിയിരുന്നെങ്കിലും ജഡ്ജി മറ്റു തെളിവുകളും പെൺകുട്ടിയുടെ മൊഴിയും അടിസ്ഥാനമാക്കി ശിക്ഷ വിധിക്കുകയായിരുന്നു.