സ്വന്തം ലേഖകൻ
തൃശൂർ: വിലക്കയറ്റത്തിൽ തളർന്നതിനു പിന്നാലെ ഇനിയും ഭീഷണി. വരാനിരിക്കുന്നതു വൻ വിലക്കയറ്റം. പെട്രോൾ-ഡീസൽ വിലയിൽ വൻ കുതിച്ചുകയറ്റം ഉണ്ടാകുമെന്ന് ഉറപ്പായെങ്കിലും അതിനുമുന്പു തന്നെ നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുകയറുകയാണ്.
ഇനി ഡീസൽ വില കൂടി വർധിക്കുന്നതോടെ ഇനിയുംവിലകൾ വർധിക്കുമെന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. സാധാരണക്കാർക്കു ജീവിക്കാൻ പോലും പറ്റാത്ത സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
പലചരക്കുസാധനങ്ങളുടെ വിലയിൽ വൻ വർധനയാണ് കഴിഞ്ഞ മാസങ്ങളിൽതന്നെ ഉണ്ടായത്. പഞ്ചസാര, പയർ, പരിപ്പ്, കടല, അരി തുടങ്ങിയവയ്ക്കു വില വർധിച്ചുകഴിഞ്ഞു.
രണ്ടു മുതൽ 12 രൂപ വരെയാണ് പല സാധനങ്ങൾക്കും വില ഉയർന്നത്. ഡീസൽ വില വർധിച്ചുവെന്ന പേരിൽ ലോറി വാടക കൂട്ടിവാങ്ങുന്നതും സാധനങ്ങളുടെ ലഭ്യതക്കുറവുമൊക്കെ കാരണം പറഞ്ഞാണ് പലചരക്ക്, അരി വിലകൾ കൂട്ടിയത്.
ഇനി ഡീസൽ വില ലിററ്റിനു 15 രൂപവരെ വർധിക്കാമെന്നാണ് മുന്നിറിയിപ്പുകൾ. അതോടെ ഇനിയും പലചരക്കുസാധനങ്ങൾക്കും മറ്റു നിത്യോപയോഗ സാധനങ്ങൾക്കും വില കുതിക്കും.
പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പുകൾ നടക്കാനിരുന്നതിനാലാണ് ഇന്ധനവില വർധിപ്പിക്കാതെ കേന്ദ്രസർക്കാർ മുന്നോട്ടുപോയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധനവില വർധന ഉടനേയുണ്ടാകും.
ആളുകളുടെ വരുമാനം ഇതനുസരിച്ച് കൂടാത്തതാണ് വൻ പ്രതിസന്ധി സൃഷ്ടിക്കുക. ഇതിനകം ഭൂരിപക്ഷം പേർക്കും നിലവിലുണ്ടായിരുന്ന വരുമാനം ഇല്ലാതായി.
വ്യാപാരസ്ഥാപനങ്ങളിലും മറ്റും കച്ചവടം ഇല്ലെന്ന പേരിൽ പലർക്കും തൊഴിൽ നഷ്ടപ്പെട്ടു. പല സ്വകാര്യ സ്ഥാപനങ്ങളും വേതനം വെട്ടിക്കുറച്ചു.
ഡീസൽ വില വർധിപ്പിച്ചാൽ ചാർജ് വർധിപ്പിക്കാതെ ബസുകൾ നിരത്തിലിറക്കില്ലെന്നു ബസുടമകൾ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾതന്നെ ബസ് ചാർജ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു ബസുടമകൾ സമരഭീഷണി മുഴക്കിയിരിക്കയാണ്.
ബസ് ചാർജ് വർധിപ്പിക്കാമെന്നു സർക്കാർ പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ പ്രഖ്യാപനമായിട്ടില്ല. ഇതിനെതിരെ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് ഡീസൽവിലയിൽ വൻ വർധന വരുന്നത്.
ഇതോടെ ബസ് സർവീസ് നടത്താനുള്ള വരുമാനം ഇല്ലാതാകും. പല ബസ് സർവീസുകളും നിർത്തും. ഈയാഴ്ചതന്നെ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിലും നികുതിയിലും മറ്റും വർധന വരുമെന്നാണ് സൂചന. അതും കൂനിന്മേൽകുരുവാകും.