കൊച്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിക്കുന്നതായി ശ്രീശാന്ത് സമൂഹമാധ്യമത്തിലൂടെയാണ് അറിയിച്ചത്. അടുത്തതലമുറയിലെ താരങ്ങള്‍ക്കായാണ് താന്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍നിന്നു വിരമിക്കുന്നതെന്നു ശ്രീശാന്ത് ട്വീറ്റ് ചെയ്തു.
ഇത് എന്റെ മാത്രം തീരുമാനമാണ്. ഇതെനിക്കൊരിക്കലും സന്തോഷകരമല്ലെങ്കിലും ജീവിതത്തിലെ നിര്‍ണായകമായ ഈ തീരുമാനമെടുക്കാനുള്ള സമയമിതാണ്.
ക്രിക്കറ്റ് ക്രീസിലുണ്ടായിരുന്ന എല്ലാ നിമിഷങ്ങളും എനിക്ക് വിലമതിക്കാനാകാത്തതാണ്. രാജ്യത്തെ പ്രതിനിധീകരിക്കാനായത് അംഗീകാരമാണെന്നും ശ്രീശാന്ത് കുറിച്ചു.
ഒമ്പതുവര്‍ഷത്തിനുശേഷം കഴിഞ്ഞമാസമാണ് ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ക്കായി ശ്രീശാന്ത് ക്രീസിലിറങ്ങിയത്. രഞ്ജിട്രോഫി എലൈറ്റ് ഗ്രൂപ്പ് എ മത്സരത്തില്‍ കേരളത്തിന്റെ ആദ്യമത്സരത്തില്‍ ശ്രീശാന്ത് രണ്ടു വിക്കറ്റും നേടി.
പരിക്കേറ്റതോടെ തുടര്‍ന്നുള്ള മത്സരത്തില്‍ പങ്കെടുക്കാനായില്ല. പരിക്ക് ഭേദമായി തിരികെയെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് വിരമിക്കല്‍ പ്രഖ്യാപനം.
ഐപിഎല്‍ ലേലത്തില്‍ അമ്പതുലക്ഷം രൂപ അടിസ്ഥാനവില നിശ്ചയിച്ച് ശ്രീശാന്തിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ആരും ലേലം കൊണ്ടിരുന്നില്ല.
ഇന്ത്യയുടെ രണ്ടു ലോകകപ്പ് ജയങ്ങളില്‍ (2007ലെ ട്വന്റി-20 ലോകകപ്പ്, 2011-ലെ ഏകദിന ലോകകപ്പ്) പങ്കാളിയായ ശ്രീശാന്ത് നേരത്തെ ഐപിഎല്ലില്‍ കിംഗ്സ് ഇലവൺ പഞ്ചാബ്, കൊച്ചി ടസ്കേഴ്സ്, രാജസ്ഥാന് റോയല്‍സ് എന്നീ ടീമുകള്‍ക്കായി 44 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
കേരളം കണ്ട എക്കാലത്തെയും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളായ ശ്രീശാന്ത് ഇന്ത്യയ്ക്കായി ഒട്ടേറെ മാച്ച് വിന്നിംഗ് പ്രകടനങ്ങള്‍ നടത്തി. ക്രീസില്‍ ഏറെ ആക്രമണോത്സുകത പ്രദര്‍ശിപ്പിച്ചിരുന്ന താരം കൂടിയായിരുന്നു ഇദ്ദേഹം.
ഐപിഎല്‍ മത്സരത്തിനിടെ ഹര്ഭജന് സിംഗില്‍നിന്ന് അടിവാങ്ങി കരഞ്ഞുകൊണ്ടുള്ള ശ്രീശാന്തിന്റെ ദൃശ്യം 2008ല്‍ ഏറെ ചര്‍ച്ചയായിരുന്നു.
ഒത്തുകളി ആരോപണത്തില്‍ ഉള്‍പ്പെട്ട് ജയില്‍വാസം അനുഭവിക്കേണ്ടി വന്ന ശ്രീശാന്തിന് വിലക്കും നേരിടേണ്ടി വന്നു. അടുത്തിടെയാണ് വിലക്കു നീങ്ങി സജീവ ക്രിക്കറ്റിലേക്കിറങ്ങാനായത്.