നിയാസ് മുസ്തഫ
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുർ, ഗോവ എന്നീ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുന്പോൾ (രാവിലെ 11മണി വരെയുള്ളത്) പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ബിജെപിക്ക് മേൽക്കൈ.
സമാജ് വാദി പാർട്ടി ഉയർത്തിയ വെല്ലുവിളി മറികടന്ന് ഉത്തർ പ്രദേശിൽ ബിജെപി മുന്നിലെത്തി തുടർഭരണം ഉറപ്പിച്ചു.
സമാജ് വാദി പാർട്ടിയും കഴിഞ്ഞ തവണത്തേക്കാൾ നില മെച്ച പ്പെടുത്തി. ബിഎസ്പിക്ക് കോട്ടം തട്ടി. കോൺഗ്രസ് യുപിയി ൽ പഞ്ചറായി.
പഞ്ചാബിൽ കോൺഗ്രസ് തകർന്നടിഞ്ഞു
പഞ്ചാബിൽ കോൺഗ്രസിലെ തമ്മിലടി കാരണം തുടർഭരണം എന്ന അവരുടെ ആഗ്രഹം പൂവണിഞ്ഞില്ല.
ആം ആദ്മി പാർട്ടി വലിയ മുന്നേറ്റമാണ് പഞ്ചാബിൽ നടത്തി യിരിക്കുന്നത്. ഡൽഹിക്ക് പുറത്തേക്ക് ആദ്യമായാണ് ആം ആദ്മി ഭരണത്തിലെത്തുന്നത്.
കേന്ദ്രസർക്കാരിനെതിരേയുള്ള കർഷക രോഷം ഇവിടെ ആംആദ്മി പാർട്ടിക്ക് ഗുണം ചെയ്തിരിക്കുകയാണ്.
ഇതോ ടൊപ്പം കോൺഗ്രസ് ഭരണ വിരുദ്ധ വികാരവും ആംആദ്മി പാർട്ടി മുതലാക്കിയിരിക്കുന്നു.
പ്രതീക്ഷിച്ചു, പക്ഷേ അതും പോയി കിട്ടി
തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന് മുന്പു തന്നെ ഭരണത്തിലെത്തുമെന്ന അമിത പ്രതീക്ഷയിൽ കോൺഗ്രസ് നടത്തിയ രാഷ്ട്രീയ നീക്കം ഗോവയിൽ വെറുതെയായി.
ഭരണം കിട്ടുമെന്ന് ഉറപ്പിച്ച കോൺഗ്രസ് ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിരുന്നു.
ഇന്ന് വൈകുന്നേരം മൂന്നു മണിക്കാണ് ഗവർണർ പി എസ് ശ്രീധരൻ പിള്ളയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിരുന്നത്.
എന്നാൽ തെരഞ്ഞെടുപ്പ് ഫലം പൂർണമായി വരാത്തതിനാൽ ഗവർണർ മറുപടി നൽകിയില്ല.
ഗോവയിൽ 2017ൽ സംഭവിച്ച കൈപ്പിഴ ഇത്തവണ ആവർത്തി ക്കരുതെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസ് ഇങ്ങനെ ചെയ്തത്.
40 അംഗ ഗോവ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടാൻ വേണ്ടത് 21 സീറ്റുകളാണ്.
ഇന്ത്യ ടുഡേ, ടൈംസ് നൗ എക്സിറ്റ് പോളുകൾ കോണ്ഗ്രസ് ഏറ്റവും വലിയ കക്ഷിയാകും എന്ന് പ്രവചിച്ചിരുന്നു.
2017ലെ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് ഏറ്റവും വലിയ കക്ഷിയായിരുന്നിട്ടും സർക്കാർ രൂപീകരിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു.
ചെറിയ പാർട്ടികളെ ഒപ്പംനിർത്തി ബിജെപി അധികാരം പിടിക്കുകയായിരുന്നു.
കഴിഞ്ഞ തവണത്തെ അബദ്ധം ആവർത്തിക്കാതിരിക്കാൻ മുന്നേ നടത്തുന്ന ഒരുക്കങ്ങളുടെ ഭാഗമായി ട്ടായിരുന്നു ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിരിക്കുന്നത്.
കേവല ഭൂരിപക്ഷത്തിൽ എത്തിയാൽ ഒരു നിമിഷം വൈകാതെ സർക്കാരുണ്ടാക്കാനായിരുന്നു കോൺ ഗ്രസ് തീരുമാനം.
എന്നാൽ കോൺഗ്രസിന്റെ എല്ലാ സ്വപ്നങ്ങളും വെറുമൊരു മോഹമായി മാത്രം മാറുകയാണ്. ബിജെപി ഗോവയിൽ മുന്നി ട്ടുനിൽക്കുന്നു.
ഉത്തരാഖണ്ഡിലും മണിപ്പുരിലും
ഗോവ കഴിഞ്ഞാൽ ഭരണത്തിലെത്തുമെന്ന് കോൺഗ്രസ് ഉറച്ചുവിശ്വസിച്ച സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. എന്നാൽ അവിടെയും ബിജെപി മുന്നിട്ടു നിൽക്കുന്നു.
ബിജെപിക്ക് ഇവിടെ തുടർ ഭരണം ലഭിച്ചിരിക്കുന്നു. മണിപ്പുരിലും ബിജെപി മുന്നിട്ടുനിൽക്കുന്നു. കോൺഗ്രസ് രണ്ടാം സ്ഥാനത്ത് തുടരുന്നു.