ഷാജിമോന്‍ ജോസഫ്
കൊച്ചി: നഷ്ടം നികത്താന്‍ പുതുവഴികള്‍ തേടുന്ന കെഎസ്ആര്‍ടിസി സംസ്ഥാനത്തിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമവണ്ടികള്‍ തുടങ്ങുന്നു.
പല ഗ്രാമീണമേഖലകളിലേക്കും സര്‍വീസ് ഏര്‍പ്പെടുത്തണമെന്ന് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും നിലവിലെ സാമ്പത്തികപ്രതിസന്ധിയില്‍ കെഎസ്ആര്‍ടിസിക്ക് തനിച്ച് അതിനു കഴിയാത്ത സാഹചര്യത്തിലാണ് തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് ഗ്രാമവണ്ടികള്‍ തുടങ്ങാനുള്ള പുതിയ നീക്കം.
നിലവില്‍ വലിയ സാമ്പത്തികനഷ്ടം സഹിച്ചാണ് കെഎസ്ആര്‍ടിസി ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കും പിന്നാക്ക മേഖലകളിലേക്കും മറ്റും സര്‍വീസ് നടത്തുന്നത്.
ഡീസല്‍ ചെലവ് പൂര്‍ണമായും അതത് തദ്ദേശസ്ഥാപനങ്ങള്‍ വഹിക്കണമെന്ന നിബന്ധനയോടെയാണ് ഗ്രാമവണ്ടി പദ്ധതി നടപ്പാക്കുക.
ഇതുപ്രകാരം ഗ്രാമവണ്ടികള്‍ക്ക് ആവശ്യമായ ഡീസലോ ഡീസലിന് വേണ്ടിവരുന്ന തുകയോ തദ്ദേശസ്ഥാപനങ്ങള്‍ നല്‍കണം. ഒന്നിലധികം പഞ്ചായത്തുകളിലൂടെ സഞ്ചരിക്കുന്ന ഗ്രാമവണ്ടിയുടെ ഡീസല്‍ തുക ദൂരപരിധി അനുസരിച്ച് പങ്കിട്ടു നല്‍കണം.
കൂടാതെ ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസമൊരുക്കല്‍, വാഹനത്തിന്റെ പാര്‍ക്കിംഗ് സുരക്ഷ എന്നിവയും തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്. മറ്റു ചെലവുകള്‍ കെഎസ്ആര്‍ടിസി വഹിക്കും.
ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതിക്കായുള്ള തുക സ്പോണ്‍സര്‍ഷിപ്പ് മുഖേനയോ സിഎസ്ആര്‍ ഫണ്ട് മുഖേനയോ തനത് ഫണ്ട്, പ്ലാന്‍ ഫണ്ട് എന്നിവയില്‍നിന്നോ കണ്ടെത്തേണ്ടതാണ്.
വലിയ ബസുകള്‍ കടന്നുപോകാന്‍ പ്രയാസമുള്ള റൂട്ടുകളില്‍ മിനിബസുകള് വാടകയ്ക്കെടുത്ത് സര്‍വീസ് നടത്തുന്നതും പരിഗണിക്കും. ഓരോ ബസും ഓടിക്കുന്നതിനുള്ള മിനിമം കിലോമീറ്റര്‍ തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പു നല്‍കണം.
യാത്രാസൗകര്യമില്ലാത്ത സ്ഥലങ്ങളില്‍നിന്നുള്ള മറ്റ് സര്‍വീസുകളിലേക്ക് ഫീഡര്‍ സര്‍വീസായും ഗ്രാമവണ്ടി ഓടിക്കുന്നതാണ്. സ്കൂളുകള്‍, ആശുപത്രികള്‍, അങ്കണവാടികള്‍ എന്നിവയുമായി ബന്ധിപ്പിച്ചും ഗ്രാമവണ്ടികള്‍ ഓടിക്കും.
വിദ്യാര്‍ഥികള്‍ക്കുള്ള കണ്സഷന്, ഭിന്നശേഷി പാസുകള്‍ കെഎസ്ആര്‍ടിസിയില്‍ നിലവിലുള്ള മറ്റു പാസുകള്‍ എന്നിവയും ലഗേജ് നിരക്കുകളും ഗ്രാമവണ്ടിയിലും ലഭ്യമാക്കും.
കാലാകാലം ഓര്‍ഡിനറി ബസുകള്‍ക്ക് നിശ്ചയിക്കുന്ന ടിക്കറ്റ് നിരക്കായിരിക്കും ഗ്രാമവണ്ടികള്ക്കും ബാധകം. ഡീസല്‍ തുക ഒഴികെയുള്ള ചെലവുകള്‍ക്കായി ഗ്രാമവണ്ടിയുടെ ടിക്കറ്റ് വരുമാനം കെഎസ്ആര്‍ടിസിക്ക് ഉപയോഗിക്കാവുന്നതാണ്.
പദ്ധതി നടത്തിപ്പിനായി കെഎസ്ആര്‍ടിസിയുടേയും തദ്ദേശസ്ഥാപനങ്ങളുടേയും പ്രതിനിധികളടങ്ങിയ കമ്മിറ്റിക്കു രൂപം നല്‍കും.
“ഗ്രാമവണ്ടികള്‍’ ആവശ്യമുള്ള പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍ ഇക്കാര്യം അറിയിക്കണമെന്ന് കെഎസ്ആര്‍ടിസിയുടെ സര്‍ക്കുലറില്‍ പറയുന്നു.
ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഏതൊക്കെ സമയങ്ങളിലാണ് സര്‍വീസ് ക്രമീകരിക്കേണ്ടതെന്നും പ്രസ്തുത റൂട്ടിന്റെ ദൈര്‍ഘ്യവും പ്രതീക്ഷിക്കാവുന്ന യാത്രക്കാരുടെ എണ്ണവും ഉള്‍ക്കൊള്ളുന്ന വിവരങ്ങള്‍ സഹിതം കെഎസ്ആര്‍ടിസി അധികൃതരെ ബന്ധപ്പെടാനാണ് നിര്‍ദേശം.
പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയാണ് ഗ്രാമവണ്ടി എന്ന ആശയം നാളുകള്‍ക്കു മുമ്പേ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനു മുന്നില്‍വച്ചത്.