മലപ്പുറം: പതിനാറുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം മുങ്ങിയ ഇതരസംസ്ഥാന തൊഴിലാളി ആറു വർഷത്തിനു ശേഷം പിടിയിൽ.
ബിഹാർ മുസാഫിർപൂർ സ്വദേശിയായ നാൽപ്പത്തിയൊന്പതുകാരനെയാണ് രാജസ്ഥാനിൽ നിന്നു പെരുന്പടപ്പ് പോലീസ് പിടികൂടിയത്. 2016ലാണ് കേസിനാസ്പദമായ സംഭവം.
ബിഹാറിലെ ആദ്യ വിവാഹത്തിലെ ഭാര്യയുടെ മരണശേഷം ഇരട്ട പെണ്‍കുട്ടികളുമായി കേരളത്തിലെത്തിയ പ്രതി മലയാളി യുവതിയെ വിവാഹം ചെയ്ത് പെരുന്പടപ്പ് പുത്തൻപള്ളിയിൽ താമസിക്കുകയായിരുന്നു.
ഇതിനിടെ വീട്ടിൽവച്ചായിരുന്നു പീഡനം. പീഡന വിവരം പുറത്തുപറഞ്ഞാൽ പെണ്‍കുട്ടിയെയും സഹോദരിയെയും രണ്ടാനമ്മയെയും കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തി.
ഗർഭം അലസിപ്പിക്കാൻ പാലക്കാട്ടെ നാട്ടുവൈദ്യന്റെയടുത്ത് കൊണ്ടുപോയെങ്കിലും ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയതോടെയാണ് പീഡന വിവരം പുറത്തായത്.
ബംഗാളികളായ മൂന്നുപേർ പാലപ്പെട്ടിയിൽ വച്ച് കാറിൽ തട്ടികൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ ആദ്യ മൊഴി.
ഇതു വിശ്വാസയോഗ്യമല്ലെന്നു ബോധ്യപ്പെട്ട പോലീസ് വീണ്ടും മൊഴിയെടുത്തപ്പോൾ പിതാവിന്റെ മൂത്തസഹോദരന്റെ മകനുമായി പ്രണയത്തിലായിരുന്നെന്നും കേരളത്തിൽ ജോലി തേടി വന്ന സമയത്ത് പീഡിപ്പിച്ചതാണെന്നും പറഞ്ഞു.
ഇതിലെ പൊരുത്തക്കേടുകൾ കണ്ടെത്തിയ പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് പിതാവ് തന്നെ പീഡിപ്പിച്ചതാണെന്ന് പെണ്‍കുട്ടി പോലീസിനോട് വെളിപ്പെടുത്തിയത്.
ഇതിനിടെ മുങ്ങിയ പ്രതി വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബിഹാറിലെ സീതാമർഹിയിൽ നിന്നു മൂന്നാമതും വിവാഹം കഴിച്ച പ്രതി രാജസ്ഥാനിലെ ഭീവാടി ആൽവാർ വ്യവസായ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു.
ഇയാളുടെ ബന്ധുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
പെരുന്പടപ്പ് പോലീസ് ഇൻസ്പെക്ടർ പി.എം. വിനോദ്, എഎസ്ഐ പ്രീത, സിപിഒമാരായ രഞ്ജിത്ത്, നാസർ, വിഷ്ണു, നാരായണൻ എന്നിവരാണ് പ്രത്യേകന്വേഷണ സംഘത്തിലുണ്ടായിരുന്നത്.