മംഗലം ശങ്കരൻകുട്ടി
ഒറ്റപ്പാലം : മരങ്ങൾക്കു ജീവന്റെ വിലയുണ്ടെന്ന ഓർമപ്പെടുത്തലുമായി ഇവിടെ ഒരാൾ. മരങ്ങൾ സംരക്ഷിക്കാനും പുതിയവ നട്ടുപിടിപ്പിച്ചു ഭൂമിക്ക് പച്ചപ്പിന്റെ മേൽക്കൂരയൊരുക്കാനും ജീവിതം തന്നെ മാറ്റിവച്ച വൃക്ഷസ്നേഹിയാണ് അടയ്ക്കാപുത്തൂർ സംസ്കൃതിയുടെ രാജേഷ്.
സംസ്കൃതിയെന്ന സംഘടന ഇതിനകം നട്ടുപിടിപ്പിച്ചതും വിതരണം ചെയ്തതും പതിനായിരക്കണക്കിനു വൃക്ഷത്തൈകളാണ്. ഇതിനെല്ലാം ചുക്കാൻ പിടിച്ചതു രാജേഷ് അടയ്ക്കാപുത്തൂരാണ്.
മരങ്ങളുടെ ശ്മശാനഭൂമിയായ മരമില്ലിൽനിന്നാണ് രാജേഷിനു വൃക്ഷ സംരക്ഷണത്തിന്റെ ബോധോദയമുണ്ടാകുന്നത്. ഉയർന്നു വരുന്ന ചൂടിന്റെ കാഠിന്യമാണ് ഈ ചിന്തയിലേക്കു രാജേഷിനെ എത്തിച്ചത്.
ആഗോള താപനത്തിനു മരമാണ് മറുപടി എന്ന പരിസ്ഥിതി സന്ദേശം ജീവിതത്തിൽ സ്വീകരിച്ച രാജേഷ് പത്തുവർഷത്തിലധികമായി വൃക്ഷങ്ങളുടെ ഇഷ്ടതോഴനാണ്.
മരമില്ലിൽ ജീവനക്കാരനായി രാജേഷ് ഉപജീവനം നടത്തിവരുന്നത് ഒരുപക്ഷേ വിധിവൈപരീത്യമാകാം.എന്നാൽ ഇതിനകം രാജേഷ് രണ്ടുലക്ഷത്തിൽപരം പുതുമരങ്ങൾക്കു ഭൂമിയിൽ ജീവൻ നൽകിയാണ് തന്റെ തൊഴിൽശാപത്തിന് പ്രായശ്ചിത്തം ചെയ്യുന്നത്.
പരിസ്ഥിതി സംഘടനയായ അടയ്ക്കാ പുത്തൂർ സംസ്കൃതിക്കു രൂപം നല്കി മരങ്ങൾ നട്ടുവളർത്തി പരിപാലിച്ചുവരുന്ന രാജേഷ് ഇന്ന് അറിയപ്പെടുന്ന പരിസ്ഥിതിപ്രവർത്തകനാണ്.
മരമിൽ തൊഴിലാളിയിൽ നിന്നും മരമിൽ നടത്തിപ്പുകാരനായി ഉപജീവന വഴിയിലെ വേഷത്തിൽ കാലം രാജേഷിനു ചെറിയ മാറ്റം വരുത്തി.
ലോകത്തുതന്നെ മറ്റൊരു മരമില്ലിലും കാണാനാവാത്ത കാഴ്ച രാജേഷിന്റെ മില്ലിനുണ്ട് “ഒരു മരം വെട്ടിയാൽ പകരം പത്തു മരം നടുക’ എന്ന ഉപദേശത്തോടെ മില്ലിൽ മരങ്ങളുമായി എത്തുന്നവർക്കു വൃക്ഷത്തൈകൾ നല്കി രാജേഷ് മറ്റൊരു നിയോഗത്തിന്റെ പാതയിലാണ്.
പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലാണ് പ്രധാനമായും സംസ്കൃതിയുടെയും, രാജേഷിന്റെയും പരിസ്ഥിതി പ്രവർത്തനം.വിദ്യാർഥികളെ അടക്കം പുതുതലമുറയെ പരിസ്ഥിതി പ്രവർത്തനത്തിൽ തത്പരരാക്കാൻ ശിശുദിനത്തിൽ ചങ്ങാതിക്കൂട്ടം എന്ന പേരിൽ സ്കൂൾകുട്ടികൾക്കായി പരിസ്ഥിതി ക്യാന്പും ഇദ്ദേഹം ഓരോ വർഷവും സംഘടിപ്പിച്ചുവരുന്നുണ്ട്.
മണ്മറഞ്ഞ മഹാരഥൻമാരുടെ സ്മരണയ്ക്കായും പ്രമുഖരുടെ പിറന്നാൾ ദിനത്തിലും ഒരു അനുഷ്ഠാനം കണക്കെ മരങ്ങൾ നട്ട് പരിസ്ഥിതിപ്രവർത്തനം ശ്രദ്ധേയമാക്കാൻ രാജേഷ് പ്രത്യേകം ശ്രമിക്കുന്നുണ്ട്.
മുന്പ് നടൻ മോഹൻലാലിന്റെ 60-ാം പിറന്നാൾദിനത്തിൽ 60 വൃക്ഷത്തൈകൾ നട്ടാണ് ആദരമറിയിച്ചത്.നാടുവിട്ട് മറുനാടൻ നഗരങ്ങളിലെത്തിയ ഒരു പത്താം ക്ലാസുകാരനു മുന്നിൽ വിധിയൊരുക്കിയ വേഷമായിരുന്നു മരമിൽ തൊഴിലാളിയുടേത്.
മഹാനഗരത്തിൽനിന്ന് നാടണയാൻ വണ്ടിക്കൂലി ഉണ്ടാക്കിയതും വിശപ്പടക്കിയതും മരമിൽ തൊഴിലാളിയുടെ വിയർപ്പിൽ നിന്നാണെന്നു രാജേഷ് പറയുന്നു.
മുപ്പതുവർഷമായി ചെയ്തുവരുന്ന തൊഴിലാണിത്. മരങ്ങളുടെ ശ്മശാനഭൂമിയിൽ തൊഴിലെടുക്കുന്പോഴും ഈ ഭൂമിയിൽ തന്റെ കൈകളാൽ ജീവൻവച്ച ലക്ഷത്തിൽപരം മരങ്ങളിലാണ് രാജേഷിന്റെ സന്തോഷം.
ആഗോള താപനത്തിനു മറുപടിയായി ഭൂമിയിൽ ഇനിയും ലക്ഷക്കണക്കിനു മരങ്ങൾ നട്ടുവളർത്തണമെന്നാണ് രാജേഷിന്റെ പ്രതിജ്ഞ.സിനിമാരംഗത്ത് കലാസംവിധാന രംഗത്തും രാജേഷ് അടയ്ക്കാപുത്തൂരിന്റെ കൈയ്യൊപ്പു കാണാം.