ബന്തടുക്ക: കാസര്‍ഗോഡിന്റെയും മലയോരമേഖലയുടെയും ഗൃഹാതുരത്വങ്ങളിലൊന്നാണ് കാസര്‍ഗോഡ്-ബന്തടുക്ക റൂട്ടില്‍ 43 വര്‍ഷമായി സര്‍വീസ് നടത്തുന്ന ‘ശുക്രിയ’ ബസ്.
നാടിന്റെ സ്വന്തം ബസെന്നൊക്കെ പറയാവുന്ന ഇനങ്ങളിലൊന്ന്. അരനൂറ്റാണ്ടോളമായി കാലത്തിന്റെ എല്ലാ മാറ്റങ്ങള്‍ക്കും സാക്ഷിയായി ‘ശുക്രിയ’യും ഉണ്ടായിരുന്നു.
നാടിന്റെ മാറ്റങ്ങള്‍ക്കൊപ്പം ബസിന്റെ രൂപവും ബസ് തന്നെയും ഇടയ്ക്കു മാറിയെങ്കിലും സര്‍വീസിന്റെ കാര്യത്തില്‍ മാത്രം ഒരു മാറ്റവും മുടക്കവും വരുത്തിയില്ല.
പുതിയ കാലത്തിന്റെ മറ്റൊരു മാതൃക അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ശുക്രിയ ബസിന്റെ ഉടമയും ജീവനക്കാരും.
കഴിഞ്ഞ രണ്ടാഴ്ചയായി പടുപ്പ്-ശങ്കരംപാടി റൂട്ടില്‍ ‘ശുക്രിയ’യുടെ ഡ്രൈവിംഗ് സീറ്റിലിരിക്കുന്നത് 22 വയസ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയാണ്.
കരിച്ചേരി തൊട്ടിയില്‍ സ്വദേശിനി കെ.ആര്.ആതിര. കുട്ടിക്കാലം മുതല്‍ കണ്ടുവളര്‍ന്ന ബസിന്റെ ഡ്രൈവിംഗ് സീറ്റിലിരിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഇപ്പോള്‍ ഈ പെണ്‍കുട്ടി.
വളവുകളും കയറ്റിറക്കങ്ങളുമെല്ലാമുള്ള റോഡില്‍ തികഞ്ഞ ജാഗ്രതയോടെ വളയം തിരിക്കാന്‍ ആതിരയ്ക്ക് കഴിയുന്നുണ്ടെന്ന് ബസിന്റെ സ്ഥിരം ഡ്രൈവര്‍ സുരേഷ് കളക്കരയും മറ്റു ജീവനക്കാരും യാത്രക്കാരും സാക്ഷ്യപ്പെടുത്തുന്നു.
പൊയിനാച്ചിയില്‍ ഡ്രൈവിംഗ് സ്കൂള്‍ നടത്തുന്ന ടി.കുഞ്ഞിരാമന്റെയും രതിയുടെയും മകളായ ആതിരയ്ക്ക് കുഞ്ഞുനാള് മുതലേ ഡ്രൈവിംഗ് ഹരമായിരുന്നു.
18 വയസ് തികഞ്ഞയുടന്‍ തന്നെ ഇരുചക്രവാഹനവും കാറും ഓടിക്കാനുള്ള ലൈസന്‍സ് സ്വന്തമാക്കി.
21-ാം വയസിലാണ് ഹെവി ലൈസന്‍സും ബാഡ്ജും എടുത്തത്. അടുത്തുള്ള ടൗണുകളില്‍ പച്ചക്കറി വിതരണം ചെയ്യുന്ന ബന്ധുവിന്റെ പിക്കപ് വാനിലാണ് ആദ്യം ഡ്രൈവറായത്.
അച്ഛന്റെ സുഹൃത്തും ‘ശുക്രിയ’ ബസിന്റെ മുതിര്‍ന്ന ഡ്രൈവറുമായ പറമ്പ് വലിയവീട്ടിലെ കുഞ്ഞമ്പുവാണ് ആതിരയുടെ കാര്യം ബസുടമ കാസര്‍ഗോഡ് വിദ്യാനഗറിലെ മുഹമ്മദ്കുഞ്ഞിയുടെ മുന്നിലെത്തിച്ചത്.
ഉടമയുടെ അനുമതി കിട്ടിയതോടെ സുരേഷിന്റെ സഹായിയായി ആതിര ബസിന്റെ ഡ്രൈവിംഗ് സീറ്റിലെത്തി.
ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കഴിവ് തെളിയിച്ചതോടെ ഒറ്റയ്ക്ക് ബസ് ഏൽപ്പിക്കാന്‍ സുരേഷിനും ആത്മവിശ്വാസമായി.
ഇനി കാസര്‍ഗോഡ് ടൗണിലേക്കുള്ള പ്രധാന ട്രിപ്പുതന്നെ ഓടിക്കുകയാണ് ആതിരയുടെ മുന്നിലുള്ള ലക്ഷ്യം.
ഡ്രൈവിംഗ് എന്നും ഹരമായിരുന്നെങ്കിലും കോളജില്‍ പഠിച്ചെടുത്തത് ബികോമാണ്.
അതെന്തായാലും പൂര്‍ത്തിയായ സ്ഥിതിക്ക് ഇനി പോളിടെക്നിക്കില്‍ ചേര്‍ന്ന് ഓട്ടോമൊബൈല്‍ ഡിപ്ലോമകൂടി എടുക്കണമെന്നാണ് ആതിരയുടെ ആഗ്രഹം.
അങ്ങനെയായാല്‍ ഇഷ്ടപ്പെട്ട വഴിയേതന്നെ ജോലി ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
പിഎസ്സി പരീക്ഷയെഴുതി മോട്ടോര്‍വാഹനവകുപ്പില്‍ ജോലിക്കു കയറണമെന്നും ആഗ്രഹമുണ്ട്.
കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്ന അനുജത്തി നന്ദനയും ഇപ്പോള്‍ ചേച്ചി ഓടിക്കുന്ന ബസില്‍ കയറാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ്.