കാസര്‍ഗോഡ്: സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസിലെ പ്രതി ആ പണം ഉപയോഗിച്ചു വാങ്ങിയ മിനി ബസും കാറും കണ്ടെത്തി.
കഴിഞ്ഞദിവസം അറസ്റ്റിലായ വയനാട് പുല്‍പ്പള്ളി പെരിക്കല്ലൂര്‍ സ്വദേശി സുജിത്തുമായി പോലീസ് നടത്തിയ തെളിവെടുപ്പിലാണ് കവര്‍ച്ചപ്പണം ഉപയോഗിച്ചു വാങ്ങിയ വാഹനങ്ങള്‍ കണ്ടെത്തിയത്.
കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 22 നാണ് പഴയ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി വിൽക്കുന്ന ഇടപാടുകള്‍ നടത്തുന്ന മഹാരാഷ്ട്ര സ്വദേശി രാഹുല്‍ മഹാദേവ് ജാവിറിനെ ദേശീയപാതയില്‍ മൊഗ്രാല്‍പുത്തൂര്‍ കടവത്തു വച്ച് കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയത്.
സ്വര്‍ണവും പണവുമടക്കം 1.65 കോടി രൂപയാണ് സംഘം കവര്‍ന്നെടുത്തത്. പിന്നീട് ഇയാളെ പയ്യന്നൂരിന് സമീപം ഇറക്കിവിടുകയായിരുന്നു.
ബിജെപി പ്രവര്ത്തകന് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ മാലൂര്‍ സ്വദേശി സിനിലിന്റെ നേതൃത്വത്തിലാണ് കവര്‍ച്ച ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
മറ്റു കേസുകളില്‍പ്പെട്ട് ജയിലില്‍ ഒപ്പമുണ്ടായിരുന്ന വയനാട്, തൃശൂര്‍ സ്വദേശികള്‍ക്കൊപ്പം ജയിലില്‍വച്ചാണ് പദ്ധതി തയാറാക്കിയത്.
പിന്നീട് ഓരോരുത്തരായി ജാമ്യത്തിലിറങ്ങിയശേഷം എല്ലാവരും ഒത്തുചേര്‍ന്ന് നടപ്പാക്കുകയായിരുന്നു.
ഇതില്‍ സിനില്‍ ഒഴികെയുള്ള പത്തു പ്രതികളും പിടിയിലായി. കേസിലെ രണ്ടാംപ്രതിയായ സുജിത്താണ് ഏറ്റവുമൊടുവില്‍ പിടിയിലായത്.
പിടിയിലായ പ്രതികളില്‍നിന്ന് ഒമ്പതു പവന് സ്വര്‍ണവും 30 ലക്ഷം രൂപയും ആറു വാഹനങ്ങളുമാണ് ഇതിനകം കണ്ടെടുക്കാനായത്.
മൂന്നര ലക്ഷം രൂപ നല്‍കിയാണ് മിനി ബസ് വാങ്ങിയതെന്ന് സുജിത് വെളിപ്പെടുത്തി.
കാറിന്റെ ഗ്ലാസ് പൊളിക്കാന്‍ ഉപയോഗിച്ച മഴുവും സുജിത്തിന്റെ പുല്‍പ്പള്ളിയിലെ വാടകവീട്ടില്‍നിന്നു കണ്ടെടുത്തു.
ടൗണ്‍ സിഐ പി.അജിത്കുമാര്‍, എസ്ഐ കെ.രഞ്ജിത്, എഎസ്ഐ മോഹനന്, സിസിപിഒ ജയിംസ്, സിപിഒ രതീഷ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.