അമ്പലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരുടെ കാക്കി യൂണിഫോം മാറ്റാന്‍ ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ്.
പൊതുപ്രവര്‍ത്തകരായ അബ്ദുൾ ജബ്ബാർ പനച്ചുവട്, നസീർ താഴ്ചയില്‍ എന്നിവര്‍ നല്കിയ പരാതിയിലാണ് കാക്കി നിറത്തിലുള്ള യൂണിഫോം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയത്.
ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം അമ്പലപ്പുഴ ഡിവൈഎസ്പി സുരേഷ് കുമാര്‍ നടപടിക്കായി സിഐ ദ്വിജേഷിന് നിര്‍ദേശം നല്കി.
തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. സജി ജോര്‍ജ് പുളിക്കന്‍ അമ്പലപ്പുഴ പോലീസ് നടപടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്കി.
പോലീസ് യൂണിഫോം എന്നു തോന്നിപ്പിക്കുന്ന കാക്കി നിറത്തിലുള്ള യൂണിഫോം ദുരുപയോഗം ചെയ്യുന്നതായ നിരവധി പരാതികള്‍ ഉയര്‍ന്നതോടെയാണ് ഡിജിപി ഈ ഉത്തരവിറക്കിയത്.
ഏതാനും വർഷം മുൻപ് ഇവിടത്തെ സുരക്ഷാ ജീവനക്കാർക്ക് നീല യൂണിഫോമാണ് ഉണ്ടായിരുന്നത്. പിന്നീട് ജീവനക്കാരുടെ ആവശ്യത്തെത്തുടർന്ന് മുൻ സൂപ്രണ്ട് കാക്കി യൂണിഫോം ധരിക്കാൻ അനുമതി നൽകുകയായിരുന്നു.