കോട്ടയം: പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് ചീഫ് ഡി. ശില്പ.
കഴിഞ്ഞ ദിവസം കറുകച്ചാലിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ഓടിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടു മറ്റൊരു ബൈക്കിൽ സഞ്ചരിച്ചിരുന്നയാൾ മരണപ്പെട്ടിരുന്നു.
ബൈക്കിൽ സഞ്ചരിച്ചിരുന്ന പെണ്‍കുട്ടിക്കും സഹോദരിമാർക്കും പരിക്കേറ്റിരുന്നു. സംഭവത്തിൽ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ പോലീസ് പരിശോധകളും നടത്തുന്നുണ്ട്. പരിശോധനയിൽ നിയമവിരുദ്ധമായി കുട്ടികൾ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ വാഹനത്തിന്റെ രജിസ്റ്റേർഡ് ഉടമയിൽനിന്ന് 25000 പിഴയോ, മൂന്നു മാസം തടവുശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉറപ്പാക്കുന്ന തരത്തിൽ പ്രോസിക്യൂഷൻ നടപടികളുണ്ടാകും.
സ്റ്റേഷനതിർത്തികളിൽ വാഹന പരിശോധന നടത്തി വാഹനങ്ങളുടെ അമിതവേഗം, രൂപമാറ്റം, സ്റ്റണ്ടിംഗ് തുടങ്ങിയ മോട്ടോർ വാഹന നിയമ ലംഘനങ്ങൾ കണ്ടെത്തി കർശനമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും ജില്ലാ പോലീസ് ചീഫ് അറിയിച്ചു.