ചങ്ങനാശേരി: കോട്ടയം ജില്ലയിൽ ഗുണ്ടകളെ അമർച്ച ചെയ്യുന്നതിന് പോലീസ് ഓപ്പറേഷൻ തുടങ്ങി. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശ പ്രകാരം ജില്ലാ പോലീസ് മേധാവി ഡി. ശിൽപയുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചിരിക്കുന്നത്.
ക്രിമിനൽ കേസുകൾ നടത്തി വിവിധ ജില്ലകളിലും ഇതര സംസ്ഥാനങ്ങളിലും കഴിയുന്നവരെ ആസൂത്രിതമായി പൊക്കാനാണ് പോലീസ് തീരുമാനം. ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിnലെത്തി ഒളിവിൽ കഴിയുന്നവരെയും പിടികൂടി തക്ക ശിക്ഷ നൽകും.
രണ്ടോ അതിൽ കൂടുതലുള്ളവരെയോ ആണ് പിടികൂടുന്നത്. കാപ്പ ചുമത്തേണ്ടവർക്ക് അതു ചുമത്തും. മറ്റു വകുപ്പുകൾ ചുമത്തേണ്ടവർക്ക് അതും നൽകും.
കുപ്രസിദ്ധ ക്രിമിനലും ക്വട്ടേഷൻ നേതാവുമായ ചങ്ങനാശേരി പെരുന്ന കുരിശുംമൂട്ടിൽ ജാക്സൺ ഫിലിപ്പിനെ(28) കഴിഞ്ഞ ദിവസം ചങ്ങനാശേരി ഡിവൈഎസ്പി ശ്രീകുമാർ, എസ്എച്ച്ഒ റിച്ചാർഡ് വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി.
കോട്ടയം അയ്മനത്തുള്ള ഒരു വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.പോലീസിനെ കണ്ടമാത്രയിൽ കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് ഇയാൾ സ്വയം കുത്തി മുറിവേൽപ്പിച്ചു.
രക്തം വാർന്നൊഴുകിയ ഇയാളെ പോലീസ് സംഘം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നടത്തി.
മൽപ്പിടുത്തത്തിൽ രണ്ട് പോലീസുകാർക്കും പരിക്കേറ്റു. കേരളത്തിനകത്തും ഇതര സംസ്ഥാനങ്ങളിലുമുള്ള ക്വട്ടേഷൻ, അടിപിടി, ക്രിമിനൽ സംഘങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആളാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.