നെടുങ്കണ്ടം: ഒരു പാത്രം സാന്പാറിന് 100 രൂപ ബില്ല്. ഹോട്ടൽ ഉടമയും വിനോദ സഞ്ചാരികളും തമ്മിൽ വാക്കേറ്റം.
രാമക്കൽമേട്ടിൽ വിനോദ സഞ്ചാരികളെ ഹോട്ടലിനുള്ളിൽ പൂട്ടിയിട്ടു.
കഴിഞ്ഞ ദിവസം രാമക്കൽമേട്ടിൽ വിനോദ സഞ്ചാരത്തിന് എത്തിയ കോട്ടയം സ്വദേശികളും രാമക്കൽമേടിന് സമീപം കൊന്പമുക്കിലുള്ള ഹോട്ടൽ ഉടമയായ വനിതയും തമ്മിലാണ് വാക്കേറ്റമുണ്ടായത്.
കോട്ടയം സ്വദേശികളായ ആറംഗ സംഘം രാമക്കൽമേടിന് സമീപം കൊന്പമുക്കിലുള്ള സ്വകാര്യ ഹോട്ടലിൽ താമസിച്ചു.
സംഘം ഇന്നലെ തിരികെ പോകുന്നതിനു മുന്പായി പ്രഭാത ഭക്ഷണം ഓർഡർ ചെയ്തു.
ഇവർക്ക് ഹോട്ടലിൽനിന്നും ദോശയും സാന്പാറും നൽകി. ഭക്ഷണം കഴിച്ചതിനുശേഷം ദോശയ്ക്ക് മിനിമം വിലയും ഒപ്പം നൽകിയ സന്പാറിന് ഒരാൾക്ക് നൂറ് രൂപയും ഈടാക്കി ബില്ല് നൽകി.
വിനോദ സഞ്ചാരികൾ ഇത് ചോദ്യംചെയ്തതോടെ ഹോട്ടൽ ഉടമയായ വനിത പ്രകോപിതയായി.
ഇതിനിടെ വിനോദ സഞ്ചാരികളിൽ ഒരാൾ വിഷയം വീഡിയോയിൽ പകർത്തിയതോടെ ഉടമ സഞ്ചാരികളെ മുറിക്കുള്ളിൽ പൂട്ടിയിട്ടു.
സംഭവം വിവാദമായതോടെ നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി ഇരുകൂട്ടരുമായി ചർച്ച നടത്തി വിഷയം രമ്യമായി പരിഹരിച്ചു.