കൊച്ചി: ടാറ്റൂ സ്റ്റുഡിയോയില്‍ യുവതികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ഇന്ക് ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ പി.എസ്. സുജീഷിനെതിരേ പരാതിയുമായി വിദേശ വനിതയും.
എറണാകുളത്തെ ഒരു കോളജിലെ വിദ്യാര്‍ഥിനിയായിരുന്ന സ്പാനിഷ് സ്വദേശിയാണ് സുജീഷിനെതിരെ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയിരുന്നത്.
2019ൽ ചേരാനല്ലൂരിലെ ഇന്‍ക്ഫെക്ടഡ് സ്റ്റുഡിയോയില്‍ വച്ച് ടാറ്റൂ ചെയ്യുന്നതിനിടെ ഇയാള്‍ ലൈംഗിക ചൂഷണം നടത്തിയെന്നാണ് പരാതി.
പുരുഷ സുഹൃത്തുമൊത്തായിരുന്നു വിദേശ വനിത എത്തിയത്. എന്നാൽ ടാറ്റൂ ചെയ്യുന്ന മുറിയിൽ സൗകര്യക്കുറവാണെന്ന് പറഞ്ഞ് സുജീഷ് സുഹൃത്തിനെ പുറത്തിരുത്തി.
ഇതിന് ശേഷമാണ് പീഡനം നടന്നത്. ഇവരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പോലീസ് നടപടി ആരംഭിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.
വീഡിയോ കോൺഫറൻസിലൂടെ യുവതിയിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കും. കേസ് പാലാരിവട്ടം പോലീസിന് കൈമാറുമെന്നും കമ്മീഷണർ വ്യക്തമാക്കി.
റിമാന്‍ഡില്‍ കഴിയുന്ന സുജീഷിനെതിരേ നിലവില്‍ അഞ്ചു കേസുകളാണ് ഉള്ളത്. കഴിഞ്ഞ ആറിന് പോലീസില്‍ കീഴടങ്ങിയ ഇയാളെ ചേരാനല്ലൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ ഇയാള്‍ ഇതുവരെ കുറ്റസമ്മതം നടത്തിയിട്ടില്ല. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ഇന്നലെ കോടതിയില്‍ ഹാജരാക്കി.
ഇയാളുടെ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകള്‍ പിടിച്ചെടുത്ത് പോലീസ് പരിശോധനക്ക് അയച്ചിരുന്നു.
ഇതിലെ വിവരങ്ങൾ പ്രതി ഡിലീറ്റ് ചെയ്തതിനാല്‍ അവ വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
സാമൂഹ്യമാധ്യമമായ റെഡിറ്റിലൂടെ സുജീഷിന്റെ ചൂഷണത്തിനിരയായ കാര്യം യുവതി തുറന്നു പറഞ്ഞതിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
പിന്നീട് നിരവധി പേര് സമൂഹമാധ്യമങ്ങളിലുടെ തുറന്നുപറച്ചിലുമായി രംഗത്തെത്തിയതോടെ ആറിന് രാത്രി ഇയാള്‍ പോലീസില്‍ കീഴടങ്ങി.
പ്രതിക്കെതിരെ പാലാരിവട്ടം സ്റ്റേഷനില്‍ സ്ത്രീത്വത്തെ അപമാനിച്ചതിന് മൂന്നു കേസുകളും, ചേരാനെല്ലൂര്‍ സ്റ്റേഷനില്‍ ബലാത്സംഗത്തിനു രണ്ടു കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.